Enter your Email Address to subscribe to our newsletters

Kochi, 02 മാര്‍ച്ച് (H.S.)
വര്‍ക്കല ട്രെയിന്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 19കാരി ആശുപത്രിവിട്ടു. തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടിയാണ് ഏറെ നാളത്തെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിവന്നത്. മാസങ്ങളോളം നീണ്ട തീവ്രപരിചരണത്തിനും ചികിത്സയ്ക്കും ശേഷം കൊച്ചി അമൃത ആശുപത്രിയില്‍നിന്ന് തിങ്കളാഴ്ച ശ്രീക്കുട്ടി ഡിസ്ചാര്‍ജ് ആയി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്കുശേഷം ഡിസംബര്‍ 25-നാണ് ശ്രീക്കുട്ടിയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിനേറ്റ ഗുരുതര ക്ഷതം കാരണം ബോധമില്ലാതെയും ശ്വസിക്കാനും ബുദ്ധിമുട്ടിയിരുന്ന അവസ്ഥയിലായിരുന്നു അന്ന്. കൂടാതെ ഇടതു തോളിനും പരിക്കേറ്റിരുന്നു. അമൃത ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (PMR) വിഭാഗം മേധാവി ഡോ. രവി ശങ്കരന്‍, ഡോ. ആനന്ദ് രാജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തുടര്‍ചികിത്സ. ശ്വസനത്തിനായി ട്രക്കിയോസ്റ്റമിയും ഭക്ഷണത്തിനായി ട്യൂബും ഘടിപ്പിച്ചു.
ന്യൂറോ റീഹാബിലിറ്റേഷന്‍ പദ്ധതിയുടെ ഭാഗമായി, ഓക്‌സിജന്‍ തെറാപ്പി, ശ്വസന വ്യായാമങ്ങള്‍, ഭക്ഷണം സ്വയം വിഴുങ്ങാനുള്ള പരിശീലനം (Swallow Therapy), ഓര്‍മ്മശക്തിയും ചിന്താശേഷിയും ഉണര്‍ത്താനുള്ള ചികിത്സകള്‍ (Cognitive Stimulation), ചലനശേഷി പടിപടിയായി വീണ്ടെടുക്കാനുള്ള പരിശീലനം എന്നിവയുള്‍പ്പെടെയുള്ള ചിട്ടയായ ചികിത്സാ രീതികളാണ് ശ്രീക്കുട്ടിക്ക് നല്‍കിയത്. ഇ.എന്‍.ടി, ഒഫ്താല്‍മോളജി, ഓര്‍ത്തോപീഡിക്‌സ്, ന്യൂറോളജി, എന്‍ഡോക്രൈനോളജി, ഗ്യാസ്ട്രോഎന്ററോളജി വിഭാഗങ്ങളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് ശ്രീക്കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇപ്പോള്‍ തനിയെ ഭക്ഷണം കഴിക്കാനും, നടക്കാനും, സംസാരിക്കാനുമുള്ള ശേഷി വീണ്ടെടുത്തതും ശ്രീക്കുട്ടിയും കുടുംബവും വലിയ അത്ഭുതമായാണ് കാണുന്നത്. ശ്രീക്കുട്ടിയുടെ ചികിത്സാ കാലയളവിലുടനീളം തണലായി കൂടെയുണ്ടായിരുന്നത് അമ്മ പ്രിയയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടാണ് ശ്രീക്കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. മാതാ അമൃതാനന്ദമയി മഠമാണ് ചികിത്സാ ചെലവുകള്‍ പൂര്‍ണമായി ഏറ്റെടുത്തത്. ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന വിദഗ്ധ ചികിത്സ സൗജന്യമായാണ് മഠം ലഭ്യമാക്കിയത്.
2025 നവംബര്‍ ആദ്യവാരം കേരള എക്‌സ്പ്രസില്‍ യാത്ര ചെയ്യവേ ലഹരിക്കടിമയായ സഹയാത്രികന്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ടതോടെയാണ് ശ്രീക്കുട്ടിയുടെ ജീവിതം തകിടം മറിഞ്ഞത്.
---------------
Hindusthan Samachar / Sreejith S