ലോകത്ത് ഇസ്ലാമോഫോബിയ ശക്തിപ്പെടുന്നുവെന്ന് പാളയം ഇമാം ഡോ വിപി സുഹൈബ് മൗലവി.
Thiruvananthapuram, 20 മാര്ച്ച് (H.S.) ലോകത്ത് ഇസ്ലാമോഫോബിയ ശക്തിപ്പെടുന്നുവെന്ന് പാളയം ഇമാം ഡോ വിപി സുഹൈബ് മൗലവി. തിരുവനന്തപുരം പാളയം പള്ളിയിൽ ഈദ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വെറുപ്പിനെ വെറുപ്പു കൊണ്ടല്ല നേരിടേണ്ടത്. തിന്മയെ നന്മ കൊണ്ടാണ് പ്
Dr. V P Suhaib Maulavi


Thiruvananthapuram, 20 മാര്ച്ച് (H.S.)

ലോകത്ത് ഇസ്ലാമോഫോബിയ ശക്തിപ്പെടുന്നുവെന്ന് പാളയം ഇമാം ഡോ വിപി സുഹൈബ് മൗലവി. തിരുവനന്തപുരം പാളയം പള്ളിയിൽ ഈദ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വെറുപ്പിനെ വെറുപ്പു കൊണ്ടല്ല നേരിടേണ്ടത്. തിന്മയെ നന്മ കൊണ്ടാണ് പ്രതിരോധിക്കേണ്ടതുന്നും ഇമാം ഡോ വിപി സുഹൈബ് മൗലവി പറഞ്ഞു.

നന്മയും തിന്മയും തുല്യമാവില്ല. വെറുപ്പിനെ സ്നേഹം കൊണ്ട് പ്രതിരോധിക്കണം. ലോകം ഇന്നൊരു യുദ്ധമുഖത്താണ്. വിട്ടുവീഴ്ചകൾ ചെയ്തിട്ടാണെങ്കിലും സമാധാനം പുലരട്ടെ. ഇറാൻ്റെ ഉപാധികൾ കഴിയുന്നതും അംഗീകരിച്ചു കൊണ്ട് സമാധാന ശ്രമം വേണം. ഇറാനെ അങ്ങോട്ടാണ് ആക്രമിച്ചത്. യുദ്ധവിരാമമാണ് ലോകം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആൾക്കൂട്ട കൊലപാതകങ്ങളുടെയും വംശീയ അതിക്രമങ്ങളുടെയും വാർത്തകൾ രാജ്യത്തു നിന്നും കേൾക്കുന്നു. പക്ഷെ വാർത്തകളിൽ നാം ഭയപ്പെടേണ്ടതില്ല. പല സമുദായ സഹോദരങ്ങൾ തന്നെ അതിനെ എതിർക്കാൻ മുന്നോട്ടുവരുന്നു. അത് ഏറെ പ്രതീക്ഷ നൽകുന്ന വാർത്തയാണെന്ന് ഇമാം പറഞ്ഞു.

ട്രംപിൻ്റെയും നെതന്യാഹുവിൻ്റെയും നേതൃത്വത്തിൽ ഇറാൻ നടത്തിയ ആക്രമണം ലോകത്തെ യുദ്ധമുഖത്തേക്ക് നയിച്ചിരിക്കുകയാണ്. സ്കൂൾ കുട്ടികളെപ്പോലും ബോംബിട്ട് കൊല്ലുകയാണ്. ലോകത്ത് നിലയ്ക്കാത്ത വെടിയൊച്ചകൾ നിരന്തരമായി സൃഷ്ടിക്കുന്നു.

പരസ്പരം വിട്ടുവീഴ്ച്ച ചെയ്തെങ്കിലും ഒരു സമാധാന കരാർ ഉണ്ടാക്കാൻ സാധിക്കട്ടെ. അന്താരാഷ്ട്ര സഞ്ചാരത്തെയും ചരക്കുനീക്കത്തെയും യുദ്ധം ബാധിച്ചു. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്നവരെ ഓർത്ത് കുടുംബങ്ങൾ വേദനിക്കുന്നു. ലോകസമാധാനത്തിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. പൂർണമായ യുദ്ധവിരാമമാണ് ആവശ്യം. സൈറൺ മുഴക്കങ്ങൾ ഇല്ലാത്ത ബോംബ് വർഷങ്ങൾ ഇല്ലാത്ത ഒരു ലോകത്തെ ലഭിക്കാനായി പ്രാർത്ഥിക്കാമെന്നും ഇമാം പറഞ്ഞു.

എപ്സ്റ്റീൻ ഫയലുകളിലൂടെ പുറത്തുവന്ന പ്രമുഖരുടെ രഹസ്യജീവിതം മനുഷ്യസമൂഹത്തിന് വലിയൊരു പാഠമാണ്. ലോകം ആരാധിക്കുന്ന പല സെലിബ്രിറ്റികളുടെയും വമ്പന്മാരുടെയും ക്രൂരമായ യഥാർഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നതെന്ന് ഇമാം പറഞ്ഞു.

മാന്യന്മാരുടെ രഹസ്യ ജീവിതം ഇതായിരുന്നോയെന്ന് മൂക്കത്ത് വിരൽ വച്ചുപോകുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. എന്നാൽ എല്ലാ സെലിബ്രിറ്റികളും അങ്ങനെയാണെന്ന് പറയുന്നില്ല. നല്ല മൂല്യങ്ങളുയർത്തിപ്പിടിച്ച് ജീവിതം നയിക്കുന്നവരുമുണ്ട്. ആത്മീയതയാണ് പരിഹാരം. എന്ത് ഒളിപ്പിച്ചു വച്ചാലും അറിയുന്ന ഒരു ശക്തി ലോകത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈയ്യിടെ കഴിഞ്ഞ ആറ്റുകാൽ പൊങ്കാലയ്ക്ക് നഗരത്തിൽ എത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിനൽകാൻ പാളയം ഇമാം വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. നോമ്പ് കാലമാണെങ്കിലും തിരുവനന്തപുരത്ത് എത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് വെള്ളവും ഭക്ഷണവും ഒരുക്കണം. അവർക്കു വിശ്രമിക്കാനായി മസ്ജിദും വീടുകളും തുറക്കപ്പെടണമെന്നും ജുമാ നമസ്കാര സമയത്ത് ഇമാം അഭ്യർത്ഥിച്ചിരുന്നു.

നോമ്പും ആറ്റുകാൽ പൊങ്കാലയും ഒന്നിച്ച് വന്നാലും സാഹോദര്യത്തിൻ്റെ പതിവുരീതികളിൽ മാറ്റം വരുത്തരുത്. സമുദായങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ മനുഷ്യരെ തമ്മിൽ അകറ്റാൻ ശ്രമിക്കുന്ന നിഷേധാത്മക ശക്തികൾക്കും ഇസ്ലാമോഫോബിയയ്ക്കും നമ്മൾ ഇങ്ങനെയാണു മറുപടി നൽകേണ്ടതെന്നും ഇമാം ആഹ്വാനം ചെയ്തിരുന്നു.

അതേസമയം സംസ്ഥാനത്തെ ഇസ്ലാംമത വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്വർ ആഘോഷത്തിൻ്റെ നിറവിലാണ്. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനം പൂർത്തിയാക്കിയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.മനസും ശരീരവും സൃഷ്ടാവിന്റെ പ്രീതിക്കായി സമർപ്പിച്ച മുപ്പത് ദിനങ്ങൾക്ക് ശേഷം ചെറിയ പെരുന്നാൾ സമാഗതമായതിൻ്റെ സന്തോഷത്തിലാണ് വിശ്വാസികൾ. ആഹ്ളാദത്തിന്റെ പ്രതിഫലനമായി മണ്ണിലും വിണ്ണിലും തക്ബീറിന്റെ മന്ത്ര ധ്വനികൾ ഉയരുകയാണ്.

വിശുദ്ധ റമദാൻ വിട പറഞ്ഞതിന്റെ സന്താപത്തിലും പ്രതീക്ഷയുടെ കിരണവുമായാണ് ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ സമാഗതമായത്. സുഗന്ധം പൊഴിക്കുന്ന മനസും ശരീരവുമായാണ് പെരുന്നാൾ നമസ്കാരത്തിനായി പള്ളികളിൽ വിശ്വാസികൾ ഒത്തുകൂടിയത്. അവർ പരസ്പരം ഈദാശംസകൾ നേർന്ന്, പെരുന്നാൾ സന്തോഷം പങ്കു വെച്ചാണ് പള്ളികളിൽ നിന്നും മടങ്ങിയത്.

ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന്റെ വിജയകരമായ വിളംബരം കൂടിയാണ് ഈ പെരുന്നാൾ ആഘോഷം. ശാരീരിക ഇച്ഛകളെ അതിജീവിച്ച് ആത്മ സംസ്കരണം നേടിയെടുത്തവർക്ക് സന്തോഷിക്കാനുള്ള വക നൽകുകയാണ് ചെറിയ പെരുന്നാൾ. ഒരുമയുടെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശം കൂടിയാണ് ഈദ് വിളംബരം ചെയ്യുന്നത്. അറ്റുപോയ വ്യക്തിബന്ധങ്ങൾ വിളക്കിച്ചേർക്കുകയും ഉള്ളവ ഊട്ടിയുറപ്പിക്കുകയുമാണ് ഈദ് ആഘോഷത്തിന്റെ കാതൽ.

ആവർത്തിക്കപ്പെടുന്നത് എന്ന് അർഥം വരുന്ന ഈദ് എന്ന പേരിലറിയപ്പെടുന്ന വിശ്വാസിയുടെ പ്രബലമായ ആഘോഷം പകർന്ന് നൽകുന്നത് സ്നേഹവും സഹിഷ്ണുതയുമാണ്. സമൂഹത്തിൽ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകർ ശക്തിപ്രാപിക്കുന്ന പുതിയ കാലത്ത്, സൗഹാർദ്ദത്തിൻ്റെയും പാരസ്പര്യത്തിൻ്റെയും സന്ദേശമാണ് ഈദ് പങ്കു വെക്കുന്നത്.

വ്രതനാളുകളിൽ നേടിയെടുത്ത വിശുദ്ധി കാത്ത് സൂക്ഷിക്കാൻ ഒരോ വിശ്വാസിയും ശ്രദ്ധിക്കണമെന്ന് എറണാകുളം തോട്ടത്തുംപടി മസ്ജിദ് ഖത്തീബ് ഹാഫിള് മുഹമ്മദ് ത്വാഹാ അശ്അരി പറഞ്ഞു.റമദാനിൽ നേടിയ ആത്മീയ വിശുദ്ധിയായിരിക്കണം വരുന്ന പതിനൊന്ന് മാസക്കാലം വിശ്വാസികളെ മുന്നോട്ട് നയിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മപെടുത്തി. പശ്ചിമേഷ്യയിൽ ഉൾപ്പടെ മനുഷ്യർ യുദ്ധക്കെടുതി അനുഭവിക്കുന്ന സാഹചര്യത്തിൽ, അവരോട് ഐക്യപ്പെടുകയും സമാധാനത്തിനായുള്ള പ്രാർത്ഥനകൾ നടത്തണമെന്നും അദേഹം ഓർമപ്പെടുത്തി.

വിശ്വാസിയുടെ ആഘോഷങ്ങൾക്ക് മഹത്തായൊരു സംസ്കാരമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അനുഷ്ഠാനങ്ങളുടെ ഭാഗമായാണ് ഇവിടെ ആഘോഷങ്ങൾ ക്രമീകരിക്കപ്പെട്ടത്. ഈദിന്റെ ഭാഗമായുള്ള നിർബന്ധദാനമായ ഫിത്തർ സക്കാത്ത് വിതരണം വിശ്വാസികൾ ഇതിനകം പൂർത്തിയാക്കിയിരുന്നു. ആഘോഷ വേളയിൽ എല്ലാവരും സുഭിക്ഷരായിരിക്കണം എന്ന ഉദ്ദേശമാണ് ഫിത്വർ സക്കാത്ത് വിതരണത്തിനുള്ളത്.

പുതിയ വസ്ത്രങ്ങൾ ധരിച്ചും, പെരുന്നാൾ നിസ്ക്കാരത്തിൽ പങ്കെടുത്തും, പരസ്പരം ഈദ് ആശംസകൾ നേർന്നും, പ്രയാസമനുഭവിക്കുന്നവർക്ക് സഹായം നൽകിയും, സുഭിക്ഷമായ ഭക്ഷണമൊരുക്കിയുമാണ് വിശ്വാസികൾ ഈദ് ആഘോഷത്തെ സമ്പന്നമാക്കുന്നത്. അതേസമയം സ്ത്രീകളും കുട്ടികളും മൈലാഞ്ചിയണിഞ്ഞും, മുതിർന്നവർ കുട്ടികൾക്ക് പെരുന്നാൾ കൈ നീട്ടം നൽകിയും പെരുന്നാളിൻ്റെ സന്തോഷത്തിൽ പങ്കു ചേരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News