വ്രത ശുദ്ധിയില് വിശ്വാസികള്, ഇന്ന് ചെറിയ പെരുന്നാൾ
Thiruvananthapuram , 20 മാര്ച്ച് (H.S.) വിശുദ്ധ റമദാന് വിടപറയുന്നു; പ്രതീക്ഷയുടെ കിരണവുമായി ഈദുല് ഫിത്വര് (ചെറിയ പെരുന്നാള്) സമാഗതമായി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകിക്കൊണ്ട് വിശ്വാസികള് ഇന്ന് ചെറിയ പെരുന്നാള് ആഘോഷിക്കുകയാണ്. ആത
EID UL FITR 2026


Thiruvananthapuram , 20 മാര്ച്ച് (H.S.)

വിശുദ്ധ റമദാന് വിടപറയുന്നു; പ്രതീക്ഷയുടെ കിരണവുമായി ഈദുല് ഫിത്വര് (ചെറിയ പെരുന്നാള്) സമാഗതമായി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകിക്കൊണ്ട് വിശ്വാസികള് ഇന്ന് ചെറിയ പെരുന്നാള് ആഘോഷിക്കുകയാണ്. ആത്മസംസ്കരണത്തിന്റെയും വൃതശുദ്ധിയുടേയും നാളുകള്ക്ക് പരിസമാപ്തി കുറിച്ചുകൊണ്ടാണ് വിശ്വാസികള് ഈദുൽ ഫിത്വറിനെ വരവേൽക്കുന്നത്.

മൈലാഞ്ചിച്ചോപ്പും പുത്തനുടുപ്പുകളും അണിഞ്ഞ് ബന്ധുവീടുകള് സന്ദർശിച്ചും പള്ളികളിൽ പ്രത്യേക നമസ്കാരങ്ങളിൽ പങ്കെടുത്തും വിശ്വാസികള് ഈദ് ആഘോഷിക്കും. ഇച്ഛകളെ അതിജീവിച്ച്, വാക്കിലും നോക്കിലും പ്രലോഭനങ്ങളെ തോൽപ്പിച്ചവർക്ക് സന്തോഷിക്കാനുള്ള അവസരവും കൂടിയാണിത്. മസ്ജിദുകളില് ഈദ് ഗാഹുകളും പ്രത്യേക പ്രാര്ഥനകളും നടക്കും. 29 നോമ്പുകള് പൂർത്തിയാക്കിയാണ് ഇന്ന് കേരളത്തിലെ വിശ്വാസികള് ചെറിയ പെരുന്നാള് ആഘോഷിക്കുന്നത്.

ഒമാനിലും നാട്ടിലും ഗൾഫിലാകെയും ഒന്നിച്ചാണ് പെരുന്നാൾ ആഘോഷിക്കുന്നത്. ഇത്തവണ യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ അതീജിവനത്തിൻ്റെ ചെറിയ പെരുന്നാളാണ്. അമേരിക്കയും ഇസ്രയേലും ഇറാന് മേല് നടക്കുന്ന ആക്രമണങ്ങളെ ഇറാന് നേരിടുന്നത് പശ്ചിമേഷ്യന് രാജ്യങ്ങളിലെ അവരുടെ സൈനികത്താവളങ്ങള്ക്ക് നേരെ ആക്രമണം നടത്തിയാണ്. അത് കൊണ്ട് തന്നെ ഗള്ഫ് രാജ്യങ്ങള് ആകെ അസ്വസ്ഥമാണ്. ഈ സാഹചര്യത്തിലാണ് ഇവിടെ ചെറിയ പെരുന്നാള്. അത് കൊണ്ട് തന്നെ പെരുന്നാള് നമസ്കാരങ്ങള് പള്ളികള്ക്കുള്ളില് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പൊതു ഇടങ്ങളിലെ ഈദ്ഗാഹുകള് ഒഴിവാക്കിയിരിക്കുകയാണ്.

പുത്തന് വസ്ത്രങ്ങൾ ധരിച്ചും, പെരുന്നാൾ നമസ്ക്കാരത്തിൽ പങ്കെടുത്തും, പരസ്പരം ഈദ് ആശംസകൾ നേർന്നും, പ്രയാസമനുഭവിക്കുന്നവർക്ക് സഹായം നൽകിയും, സുഭിക്ഷമായ ഭക്ഷണമൊരുക്കിയുമാണ് വിശ്വാസികൾ ഈദ് ആഘോഷത്തെ സമ്പന്നമാക്കുന്നു. ഇന്നലെ (മാർച്ച് 19)ആണ് കാപ്പാട് ശവ്വാല് മാസപ്പിറവി ദൃശ്യമായത്. ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്, കാന്തപുരം എപി അബൂബക്കര് മുസ്ലിയാര്, സയ്യിദ് ഇബ്രാഹീം ഖലീലുല് ബുഖാരി തുടങ്ങിയവരാണ് ചെറിയ പെരുന്നാള് പ്രഖ്യാപിച്ചത്.

പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടിയിലാണ് മാസപ്പിറവി കണ്ടത്. ഈദിന്റെ ഭാഗമായുള്ള നിർബന്ധ ദാനമായ ഫിത്തർ സക്കാത്ത് വിതരണം നടക്കും. ആഘോഷ വേളയിൽ എല്ലാവരും സുഭിക്ഷരായിരിക്കണം എന്ന ഉദ്ദേശമാണ് ഫിത്വർ സക്കാത്ത് വിതരണത്തിനുള്ളത്. റമദാന് മാസത്തില് നിന്ന് ആര്ജിച്ചെടുത്ത ചൈതന്യം അടുത്ത പതിനൊന്ന് മാസവും നിലനിര്ത്തുകയാണ് ഓരോ വിശ്വാസിയുടെയും ഇനിയുള്ള കടമ.

ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണിത്. പുലർച്ചെ മുതൽ സൂര്യാസ്തമയം വരെ നോമ്പ് അനുഷ്ഠിക്കുന്ന വിശുദ്ധ മാസമായ റമദാനിൻ്റെ സമാപ്തിയായാണ് ഇത് അടയാളപ്പെടുത്തുന്നത്. ചെറിയ പെരുന്നാൾ വിശ്വാസികൾക്ക് ആത്മീയ സന്തോഷവും സാമൂഹിക ഐക്യവും പ്രദാനം ചെയ്യുന്നു. റമദാനിലെ ഉപവാസത്തിൻ്റെ ഫലമായി ദൈവത്തോട് അടുപ്പം വർധിപ്പിക്കുകയും, സമൂഹത്തിലെ ദരിദ്രർക്കും അനാഥർക്കും സഹായം നൽകുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News