Enter your Email Address to subscribe to our newsletters

Newdelhi , 20 മാര്ച്ച് (H.S.)
കേന്ദ്രീയ വിദ്യാലയ സ്കൂളുകളില് പുതിയ അധ്യയന വര്ഷത്തെ പ്രവേശനത്തിനായുള്ള ഓണ്ലൈന് രജിസ്ട്രേഷന് നടപടികള്ക്ക് ഇന്ന് തുടക്കമായി.
രാജ്യത്തെ വിവിധ കേന്ദ്രീയ വിദ്യാലയങ്ങളില് ഒന്നാം ക്ലാസിലേക്കും ബാലവാടികയിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്ക്ക് കേന്ദ്രീയ വിദ്യാലയ സംഗതന്റെ (കെവിഎസ്) ഔദ്യോഗിക പോര്ട്ടല് വഴി ഇന്ന് രാവിലെ 10 മണി മുതല് അപേക്ഷകള് സമര്പ്പിച്ചു തുടങ്ങാം. ഏപ്രില് രണ്ടു വരെയാണ് ഓണ്ലൈനായി അപേക്ഷിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. അവസാന നിമിഷത്തെ സാങ്കേതിക തടസങ്ങള് ഒഴിവാക്കുന്നതിനായി രക്ഷിതാക്കള് നേരത്തെ തന്നെ അപേക്ഷാ നടപടികള് പൂര്ത്തിയാക്കണമെന്ന് അധികൃതര് പ്രത്യേകം നിര്ദേശിച്ചിട്ടുണ്ട്.
കുറഞ്ഞ ഫീസോടെ മികച്ച നിലവാരത്തില് പഠിക്കാം എന്നതാണ് കെവി സ്കൂളുകളുടെ പ്രത്യേകത. പ്രവേശനത്തിനായുള്ള താല്ക്കാലിക മുന്ഗണനാ പട്ടികകള് വിവിധ ഘട്ടങ്ങളിലായാണ് പ്രസിദ്ധീകരിക്കുന്നത്. ബാലവാടികയിലേക്കുള്ള ആദ്യ പ്രവേശന പട്ടിക ഏപ്രില് എട്ടിനും ഒന്നാം ക്ലാസിലേക്കുള്ള പട്ടിക ഏപ്രില് ഒന്പതിനും പുറത്തിറങ്ങും. എന്നാല് കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളില് പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില് ഈ സംസ്ഥാനങ്ങള്ക്കായി ഏപ്രില് 10-ന് പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഇതിനു ശേഷം രണ്ടാം പട്ടിക ഏപ്രില് 16-നും മൂന്നാം പട്ടിക ഏപ്രില് 21-നും പ്രസിദ്ധീകരിക്കും. ആര്ടിഇ, സര്വീസ് കാറ്റഗറി തുടങ്ങിയ വിവിധ മുന്ഗണനാ വിഭാഗങ്ങള് പരിഗണിച്ചായിരിക്കും ഈ പട്ടിക തയ്യാറാക്കുന്നത്.
അപേക്ഷാ നടപടികള് പൂര്ത്തിയാക്കുന്നതിനായി രക്ഷിതാക്കള് ആദ്യം കെവിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിക്കണം. ഹോംപേജിലുള്ള അഡ്മിഷന് 2026 എന്ന ലിങ്കില് ക്ലിക്ക് ചെയ്ത് കുട്ടിയുടെയും രക്ഷിതാക്കളുടെയും വ്യക്തിഗത വിവരങ്ങളും അക്കാദമിക് വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തണം. തുടര്ന്ന് കുട്ടിയുടെ ജനന സര്ട്ടിഫിക്കറ്റ്, ഫോട്ടോ തുടങ്ങിയ ആവശ്യമായ രേഖകള് അപ്ലോഡ് ചെയ്യേണ്ടതുണ്ട്. അപേക്ഷ പൂര്ണമായും പൂരിപ്പിച്ച ശേഷം നിശ്ചിത രജിസ്ട്രേഷന് ഫീസ് അടച്ച് ഫോം സമര്പ്പിക്കാവുന്നതാണ്. ഭാവി ആവശ്യങ്ങള്ക്കായി അപേക്ഷയുടെ കണ്ഫര്മേഷന് പേജ് ഡൗണ്ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
പ്രവേശന നടപടികളിലെ സുതാര്യത ഉറപ്പാക്കാന് ഡിജിറ്റല് സംവിധാനങ്ങളാണ് കെവിഎസ് ഏര്പ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാര്ത്ഥികള്ക്ക് യാതൊരു വിധത്തിലുള്ള ദോഷവും വരാത്ത രീതിയിലാണ് ഇത്തവണത്തെ സമയക്രമം ക്രമീകരിച്ചിരിക്കുന്നത്. പ്രവേശനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്ക്കും അപ്ഡേറ്റുകള്ക്കും രക്ഷിതാക്കള് നിരന്തരം ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണമെന്നും അധികൃതര് അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR