Enter your Email Address to subscribe to our newsletters

Thiruvananthapuram , 20 മാര്ച്ച് (H.S.)
മകളുടെ ഭര്ത്താവ് ആയതുകൊണ്ടല്ല മുഹമ്മദ് റിയാസിന് പദവികള് വന്ന് ചേര്ന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ദേശീയപാത ഉദ്ഘാടനത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ക്ഷണിക്കാത്തത് സംബന്ധിച്ച ചോദ്യത്തിന് ബിജെപി നേതാക്കള് പ്രതികരിച്ച രീതിയേയും അദ്ദേഹം വിമര്ശിച്ചു. പിണറായിയുടെ വാക്കുകള് ഇങ്ങനെയാണ്...
ദേശീയപാത ചില റീച്ചുകള് പൂര്ത്തിയാകുന്നു. അത് ഞങ്ങള് റിവ്യൂ ചെയ്യാറുണ്ട്. ഗഡ്കരിയുമായി റിവ്യൂ ചെയ്തിരുന്നു. അപ്പോള് ചില റീച്ചുകള് ജനുവരിയാകുമ്പോള് പൂര്ത്തിയാകും എന്നാണ് കണ്ടത്. അങ്ങനെയാകുമ്പോള് അതിന്റെ ഉദ്ഘാടനം വെക്കാലോ എന്ന് ഞാന് തന്നെ ചോദിക്കുകയാണ്. ഞാന് വരാം ഉദ്ഘാടനം നടത്താം എന്ന് ഗഡ്കരി പറയുകയും ചെയ്തു. ആ യോഗത്തില് പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലയില് റിയാസുമുണ്ട്.
ജനുവരി ആയപ്പോഴും ഒരു അനക്കം കാണുന്നില്ല. ചോദിച്ചപ്പോള് അവര് ആലോചിക്കുന്നുണ്ട് എന്ന് പറഞ്ഞു. പക്ഷെ അവസാനം വരെ ആലോചന ഒരു പൂര്ണതയിലെത്തിയില്ല. പ്രധാനമന്ത്രിയുടെ പരിപാടി നിശ്ചയിച്ചതിന് ശേഷം ഗഡ്കരിയുടെ ഒരു അറിയിപ്പ് വന്നു. ഇങ്ങനെയൊരു പരിപാടി നിശ്ചയിക്കുന്നുണ്ട് എന്ന് നിങ്ങള് കൂടി ഉണ്ടാകണം എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അറിയിപ്പ് വന്നു.
പ്രധാനമന്ത്രിയുടെ പരിപാടി നിശ്ചയിച്ചപ്പോള് എനിക്ക് വേറൊരു പരിപാടി ഉണ്ടായിരുന്നു. എനിക്ക് അന്ന് എത്താന് കഴിയാത്തതിനാല് പിഎം ഓഫീസിലേക്ക് വിളിച്ച് കാര്യം പറഞ്ഞു. മറ്റ് വിവാദങ്ങളൊന്നും അപ്പോഴില്ല. അതിന് ശേഷമാണ് വിവാദം വരുന്നത്. ഇതിനകത്ത് പങ്കെടുക്കുന്ന ആളുടെ പട്ടിക വന്നു. ആ പട്ടികയില് പൊതുമരാമത്ത് വകുപ്പ് മന്ത്രിയില്ല. നാഷണല് ഹൈവേയുടെ ഉദ്ഘാടനമാകുമ്പോള് സാധാരണഗതിയില് നാഷണല് ഹൈവേയുടെ കാര്യങ്ങളൊക്കെ ഇവിടെ നോക്കുന്നത് പൊതുമരാമത്ത് വകുപ്പാണല്ലോ, അതിന്റെ മന്ത്രി വേണല്ലോ,
അത് സ്വാഭാവികമായിട്ട് വിവാദമായി. അതിനുള്ള മറുപടിയാണ് ബിജെപി നേതാവ് പറഞ്ഞത്. അതെന്തിനാണ് അങ്ങനെ പറഞ്ഞത് എനിക്ക് അറിയില്ല. ആ പറഞ്ഞതിനുള്ള മറുപടി ഞാനിപ്പോള് പറയുന്നുമില്ല. മന്ത്രിമാരുടെ വകുപ്പുകള് സംബന്ധിച്ച ചോദ്യത്തിന് പറയാനുള്ളത് ഇതാണ്. മുഖ്യമന്ത്രിയാണ് സാധാരണ വകുപ്പുകള് വിഭജിച്ച് നല്കുന്നതെങ്കിലും പൊതുവില് ഞങ്ങള് ആലോചിച്ച് വരുന്ന ഒരു കാര്യമാണ് അത്.
അത് പാര്ട്ടിയും ബന്ധപ്പെട്ട കക്ഷികളും എല്ഡിഎഫും എല്ലാം കൂടി ആലോചിച്ചാണ് ഈ പറയുന്ന വിഭജനം വരുന്നത്. ഒരു കൂട്ടുകക്ഷി മന്ത്രിസഭ വരുമ്പോള് മുഖ്യമന്ത്രി മാത്രമായിട്ട് തീരുമാനമെടുക്കുകയല്ല ചെയ്യുക. എന്റെ പ്രത്യേകമായ തീരുമാനത്തിന്റെ ഭാഗമായല്ല അത്തരം തീരുമാനങ്ങള് വരുന്നത്. പിന്നെ പൊതുമരാമത്ത് വകുപ്പും ടൂറിസവും ആണ് റിയാസ് കൈകാര്യം ചെയ്യുന്നത്.
അതിന് പ്രത്യേക പരിഗണനയുടെ പ്രശ്്നം വരുന്നില്ല. സാധാരണഗതിയില് കൈകാര്യം ചെയ്യാവുന്ന വകുപ്പ് കൊടുത്തൂ എന്നേ ഉള്ളൂ. പിന്നെ മരുമകന് എന്നത് മകളുടെ ഭര്ത്താവ് എന്നാണല്ലോ ഉദ്ദേശിക്കുന്നത്. അദ്ദേഹത്തിന്റെ പൊതുപ്രവര്ത്തനത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഇപ്പോള് വഹിക്കുന്ന പദവികള് ലഭിച്ചത്്. എന്റെ മകളുടെ ഭര്ത്താവ് എന്ന നിലയ്ക്ക് അദ്ദേഹത്തിന് എന്തെങ്കിലും പ്രത്യേക സ്ഥാനം ലഭിച്ചു എന്നത് ഒരു നിലയ്ക്കും കാണാന് കഴിയുന്നതല്ല. അതാണ് വസ്തുത.
പികെ ശ്യാമളയുടെ സ്ഥാനാര്ത്ഥിത്വം
പികെ ശ്യാമള എന്ന് പറയുന്ന ഗോവിന്ദന് മാസ്റ്ററുടെ ഭാര്യ അവര് കല്യാണം കഴിക്കുന്നതിന് മുന്പ് തന്നെ ഡിവൈഎഫ്ഐയുടെ പ്രവര്ത്തകയാണ്. വിവിധ പാര്ട്ടി കമ്മിറ്റികളിലൂടെ വളര്ന്ന് വന്നതാണ് അവര്. പെട്ടെന്നുള്ള വളര്ച്ചയല്ല. നല്ല നിലയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില് അവര് പ്രവര്ത്തിച്ചിട്ടുണ്ട്. എല്ലാ രംഗത്തും പ്രവര്ത്തിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഏരിയയില് തന്നെയാണ് അവര് പ്രവര്ത്തിച്ചിട്ടുള്ളത്.
ഒരു മഹിളാ സ്ഥാനാര്ത്ഥി തളിപറമ്പില് വേണം എന്ന് ആലോചിക്കുമ്പോള് ആദ്യം വരുന്ന പേര് അവരുടേത് തന്നെയാണ്. ആ നിലയ്ക്കാണ് പേര് വന്നത്. അതിന് വേറെ ഔചിത്യക്കുറവ് ഉണ്ട് എന്ന് ഞാന് കരുതുന്നില്ല. ഗോവിന്ദന് മാഷുടെ ഭാര്യ എന്ന നിലയ്ക്കല്ല. അവര് പികെ ശ്യാമള എന്ന നിലയ്ക്ക് തന്നെ ഒരു വ്യക്തിത്വം അവര്ക്കുണ്ട്. അതിന്റെ ഭാഗമായിട്ടാണ് വന്നത്. വിവാദമുണ്ടാകും എന്ന് കരുതി ഒരു സ്ത്രീക്കുള്ള അവകാശം നമുക്ക് നിഷേധിക്കാന് പറ്റുമോ.
അര്ഹതപ്പെട്ട സ്ഥാനം നിഷേധിക്കുന്നത് ശരിയാണോ. ഒരാളുടെ ഭാര്യ എന്ന പദവി വെച്ച് മാത്രം നിഷേധിക്കുന്നത് ശരിയല്ലല്ലോ. അര്ഹതപ്പെട്ട സ്ഥാനത്തേക്ക് പറ്റിയ ആളെ നിശ്ചയിക്കുക തന്നെ വേണ്ടേ. അതേസമയം ജി സുധാകരനും ടികെ ഗോവിന്ദനും പാര്ട്ടിയോട് വഞ്ചന കാട്ടി എന്നും സുധാകരന് പാര്ട്ടി ഉന്നതമായ സ്ഥാനങ്ങള് നല്കിയ ആളാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR