Enter your Email Address to subscribe to our newsletters

Kannur , 20 മാര്ച്ച് (H.S.)
മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിലുള്ളത് 10,000 രൂപ. മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കുമായി ആകെ 1.05 കോടി രൂപയുടെ നിക്ഷേപമുണ്ട്. ധർമടം നിയമസഭാ മണ്ഡലത്തിൽ പിണറായി വിജയൻ സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണു സ്വത്ത് വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഭാര്യ കമലയുടെ പക്കൽ 5000 രൂപയാണുള്ളത്.
പിണറായി വിജയനു 43.35 ലക്ഷത്തിന്റെ നിക്ഷേപവും കമലയ്ക്ക് 60.58 ലക്ഷത്തിന്റെ നിക്ഷേപവുമാണുള്ളത്. പിണറായി വിജയന് 97.35 ലക്ഷത്തിന്റെയും ഭാര്യ കമലയ്ക്ക് 96.58 ലക്ഷം രൂപയുടെ സ്ഥാവര ജംഗമ വസ്തുക്കളുണ്ട്. പിണറായി വിജയന്റെ പേരിൽ 52 ലക്ഷത്തിന്റെ സ്വത്തും ഭാര്യയുടെ പേരിൽ 36 ലക്ഷത്തിന്റെ സ്വത്തുമാണുള്ളത്. പിണറായി വിജയനു 78 സെന്റ് സ്ഥലവും കമലയ്ക്ക് ഒഞ്ചിയത്ത്17.5 സെന്റ് സ്ഥലവുമുണ്ട്.
ബാങ്ക് നിക്ഷേപം, ഓഹരി നിക്ഷേപം എന്നിവയിലായി പിണറായിക്ക് 45,35,620 രൂപയും ഭാര്യയ്ക്ക് 60,58,442 രൂപയുമുണ്ട്. മലയാളം കമ്മ്യൂണിക്കേഷനിൽ 10,000 രൂപയുടെയും 20,000 രൂപയുടെയും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പിണറായിക്ക് ഒരു ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് രണ്ട് ലക്ഷത്തിന്റെയും ഓഹരിയുണ്ട്. കമലയ്ക്ക് 11.56 ലക്ഷത്തിന്റെ സ്വർണാഭരണമുണ്ട്.
എസ്ബിഐ തലശ്ശേരി ബ്രാഞ്ചിൽ 5,13,847 രൂപയും പിണറായി സർവീസ് കോ ഓപറേറ്റീവ് ബാങ്കിൽ മൂന്ന് അക്കൗണ്ടുകളിലായി 6312 രൂപയും 1,81,822 രൂപയും 2000 രൂപയും വീതവും സെക്രട്ടേറിയറ്റ് സബ് ട്രഷറിയിൽ 37,11,039, രൂപയും നിക്ഷേപം ഉണ്ട്. ബാധ്യതകള് ഉള്ളതായി സത്യവാങ്മൂലത്തില് രേഖപ്പെടുത്തിയിട്ടില്ല.
പിണറായിയുടെ പേരിൽ മൂന്ന് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. കേസുകളുടെ നമ്പരുകള് മാത്രമാണ് സത്യവാങ്മൂലത്തില് രേഖപ്പെടുത്തിയിട്ടുള്ളത്. സിബിഐ കേസുമായി ബന്ധപ്പെട്ട് ഒരു അപ്പീല് ഹര്ജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. എസ്എന്സി ലാവ്ലിനുമായി ബന്ധപ്പെട്ട ഇതിന്റെ ഹര്ജി ഹൈക്കോടതി തള്ളിയതാണ്.
ഇന്നലെ രാവിലെയാണ് പിണറായി വിജയന് നാമനിര്ദ്ദേശ പത്രിക സമര്പ്പിച്ചത്. ഇന്നലെ രാവിലെ തലശേരി ജില്ലാ രജിസ്ട്രാര് ഓഫീസിലെത്തിയ പിണറായി വിജയന് ജില്ലാ രജിസ്ട്രാര് സച്ചിന് കൃഷ്ണയ്ക്ക് മുമ്പാകെയാണ് പത്രിക സമര്പ്പിച്ചത്. ജില്ലയില് ആദ്യമായി സമര്പ്പിക്കപ്പെട്ട നാമനിര്ദ്ദേശ പത്രിക കൂടിയാണ് പിണറായി വിജയന്റേത്. മൂന്നാം വട്ടമാണ് പിണറായി വിജയന് ധര്മ്മടത്ത് നിന്ന് ജനവിധി തേടുന്നത്. നേരത്തെ മൂന്ന് തവണ കൂത്തുപറമ്പിലും ഒരു തവണ പയ്യന്നൂരിലും മത്സരിച്ച് വിജയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR