പിണറായി മുഖ്യമന്ത്രിയായാൽ സന്തോഷം, പക്ഷേ മൂന്നാമൂഴം സഫലമാകില്ല; വിശദീകരണവുമായി ജി. സുധാകരൻ
Alapuzha, 20 മാര്ച്ച് (H.S.) ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് താൻ നടത്തിയ പ്രസ്താവനകളിൽ വ്യക്തത വരുത്തി മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ രംഗത്ത്. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായാൽ തനിക്ക് വ്യക്തിപരമായി സന്തോഷമേയു
പിണറായി മുഖ്യമന്ത്രിയായാൽ സന്തോഷം, പക്ഷേ മൂന്നാമൂഴം സഫലമാകില്ല; വിശദീകരണവുമായി ജി. സുധാകരൻ


Alapuzha, 20 മാര്ച്ച് (H.S.)

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് താൻ നടത്തിയ പ്രസ്താവനകളിൽ വ്യക്തത വരുത്തി മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ രംഗത്ത്. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായാൽ തനിക്ക് വ്യക്തിപരമായി സന്തോഷമേയുള്ളൂ എന്നും എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എൽ.ഡി.എഫിന് ഭരണത്തുടർച്ച അസാധ്യമാണെന്നുമാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അമ്പലപ്പുഴയിൽ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുധാകരൻ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് തന്റെ നിലപാടുകൾ ആവർത്തിച്ച് വ്യക്തമാക്കിയത്.

ജനവിധി എൽ.ഡി.എഫിന് എതിരാകും

സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം ഇടത് മുന്നണിക്ക് അനുകൂലമല്ലെന്ന് സുധാകരൻ നിരീക്ഷിച്ചു. ജനങ്ങൾ ഇത്തവണ എൽ.ഡി.എഫിന് വോട്ട് ചെയ്യില്ലെന്നും അതിനാൽ തന്നെ പിണറായി വിജയന്റെ 'മൂന്നാമൂഴം' എന്ന സ്വപ്നം സഫലമാകാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണവിരുദ്ധ വികാരം ശക്തമാണെന്ന സൂചനയാണ് സുധാകരൻ നൽകുന്നത്. താൻ ഒരു ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയാണെന്നും തന്നെ സഹായിക്കാൻ ഏത് രാഷ്ട്രീയ പാർട്ടിക്കും മുന്നോട്ട് വരാമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പിന്തുണ നൽകുകയാണെങ്കിൽ അത് സ്വീകരിക്കാൻ തനിക്ക് മടിയില്ലെന്നും സുധാകരൻ വ്യക്തമാക്കി.

പി. പ്രസാദിനെതിരെ രൂക്ഷവിമർശനം

ചേർത്തലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. പ്രസാദിനെതിരെ കടുത്ത ഭാഷയിലാണ് സുധാകരൻ പ്രതികരിച്ചത്. ചേർത്തലയിൽ പോയി പ്രസാദിനെതിരെ താൻ പരസ്യമായി പ്രചാരണം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പ്രസാദ് എന്നെ കമ്മ്യൂണിസം പഠിപ്പിക്കാൻ വരേണ്ടതില്ല. അയാൾ എനിക്കെതിരെ മോശം പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. അതിനാൽ തന്നെ അവിടെ പോയി അയാളെ തോൽപ്പിക്കാൻ ആഹ്വാനം ചെയ്യാൻ എനിക്ക് അവകാശമുണ്ട്, സുധാകരൻ പറഞ്ഞു. കഴിഞ്ഞ തവണ വെറും ആറായിരത്തോളം വോട്ടുകൾക്കാണ് പ്രസാദ് ജയിച്ചതെന്നും ഇത്തവണ അത് സംഭവിക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പാർലമെന്ററി വ്യാമോഹം എന്ന പരിഹാസത്തിന് മറുപടി

തനിക്ക് പാർലമെന്ററി വ്യാമോഹമാണെന്ന് വിമർശിക്കുന്ന സി.പി.എം നേതാക്കൾക്കെതിരെയും സുധാകരൻ ആഞ്ഞടിച്ചു. മത്സരിക്കുന്ന ആർക്കും വ്യാമോഹമില്ലേ? എ.എം. ആരിഫ് ആലുവയിൽ പോയി മത്സരിക്കുന്നത് വ്യാമോഹമല്ലേ? സജി ചെറിയാൻ, പ്രതിഭ, വാസവൻ എന്നിവരെല്ലാം മൂന്നാം തവണയല്ലേ മത്സരിക്കുന്നത്? ഇവർക്കെല്ലാം ഇല്ലാത്ത എന്ത് വ്യാമോഹമാണ് എനിക്കുള്ളത്? എന്ന് അദ്ദേഹം ചോദിച്ചു. പാർലമെന്ററി വ്യാമോഹം ഇല്ലാത്തവരാണോ വീണ്ടും വീണ്ടും സീറ്റുകൾ പിടിച്ചുവാങ്ങി മത്സരിക്കുന്നതെന്ന് പരിഹസിച്ച സുധാകരൻ, വിമർശകർ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും കുറ്റപ്പെടുത്തി.

ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് ചിത്രം സുധാകരന്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വത്തോടെ മാറിയിരിക്കുകയാണ്. സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും യു.ഡി.എഫ് പിന്തുണ സ്വീകരിക്കുമെന്ന പ്രഖ്യാപനവും വരും ദിവസങ്ങളിൽ രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിതെളിക്കുമെന്ന് ഉറപ്പാണ്.

---------------

Hindusthan Samachar / Roshith K


Latest News