തൃക്കരിപ്പൂർ ഇടത് കോട്ടയല്ലെന്ന് തെളിയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യർ
Kasaragod , 20 മാര്ച്ച് (H.S.) തൃക്കരിപ്പൂർ ഇടത് കോട്ടയല്ലെന്ന് തെളിയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യർ. ഇത് വടകര മൊമെൻ്റ്സാണ്. താൻ പുറത്തുനിന്നുള്ള ആളല്ലെന്നും 30 വർഷത്തോളം ഇവിടെ സ്റ്റേഷൻ മാസ്റ്ററായിരുന്ന ഗോവിന്ദ വാര്യരുടെ മകനാണെന്നും
sandeep varier in trikaripur (


Kasaragod , 20 മാര്ച്ച് (H.S.)

തൃക്കരിപ്പൂർ ഇടത് കോട്ടയല്ലെന്ന് തെളിയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യർ. ഇത് വടകര മൊമെൻ്റ്സാണ്. താൻ പുറത്തുനിന്നുള്ള ആളല്ലെന്നും 30 വർഷത്തോളം ഇവിടെ സ്റ്റേഷൻ മാസ്റ്ററായിരുന്ന ഗോവിന്ദ വാര്യരുടെ മകനാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. പാർട്ടിക്കുള്ളിൽ യാതൊരു പ്രശ്നവുമില്ല. തൃക്കരിപ്പൂരിൽ ചരിത്രം മാറ്റിയെഴുതുമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. തൃക്കരിപ്പൂരിൽ എത്തിയ സന്ദീപ് വാര്യർക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. വൻ ജനാവലിയോടെയാണ് പ്രവർത്തകർ സ്വീകരിച്ച് ആനയിച്ചത്.

എൽഡിഎഫിന് വലിയ ഭൂരിപക്ഷമുള്ള മണ്ഡലമാണ് തൃക്കരിപ്പൂർ. പതിറ്റാണ്ടുകളായി ചുവന്ന കോട്ടയായ തൃക്കരിപ്പൂരിൽ ഇത്തവണ സന്ദീപ് വാര്യരുടെ സ്ഥാനാർഥിത്വം എങ്ങനെ ഗുണം ചെയ്യുമെന്നാണ് ഉറ്റു നോക്കുന്നത്. ഇരുപതിനായിരത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് 2021 ൽ ഇടതു സ്ഥാനാർഥി രാജഗോപാൽ ജയിച്ചു കയറിയത്. ഇത്തവണ വിപിപി മുസ്തഫയാണ് എൽഡിഎഫ് സ്ഥാനാർഥി. ചരിത്രം ആവർത്തിച്ചാൽ വീണ്ടും ചെങ്കൊടി ഉയരും. മറിച്ചാണെങ്കിൽ യുഡിഎഫിന് ചരിത്രം തിരുത്തി കുറിക്കാനാകും.

ഇ കെ നായനാർ, ഒ ഭരതൻ, പി കരുണാകരൻ തുടങ്ങി സിപിഎമ്മിലെ കരുത്തരായ നേതാക്കളെ നിയമസഭയിലെത്തിച്ച മണ്ണുകൂടിയാണ് തൃക്കരിപ്പൂർ. 2021 ൽ എം രാജഗോപാൽ 26,137 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഇവിടെനിന്ന് വിജയിച്ചത്. നിലവിൽ അദ്ദേഹം സിപിഎം ജില്ലാ സെക്രട്ടറിയായ സാഹചര്യം പരിഗണിച്ച് വിപിപി മുസ്തഫയെ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. 1977 ൽ രൂപവത്കരിച്ച ശേഷം സിപിഎമ്മിൻ്റെ കൈയിൽ ഭദ്രമാണ് തൃക്കരിപ്പൂർ.

മണ്ഡലത്തിൽ ഇത്തവണ സ്ഥാനാർഥിയായി ഡിസിസി പ്രസിഡൻ്റ് അടക്കം ജില്ലയിലുള്ള പല മുതിർന്ന നേതാക്കളുടെയും പേര് ഉയർന്നു വന്നെങ്കിലും അവസാനം സന്ദീപ് വാര്യരിലേക്ക് എത്തുകയായിരുന്നു. പ്രശ്നം ഒന്നും ഇല്ലെന്ന് സന്ദീപ് വാര്യർ ആവർത്തിക്കുമ്പോഴും, തൃക്കരിപ്പൂരിലെ സ്ഥാനാർഥിത്വത്തിൽ കാസർകോട് ഡിസിസിയിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ടെന്ന് നേതാക്കൾ പറയുന്നു. ജില്ലയിൽ തൃക്കരിപ്പൂരിൽ നിന്നുള്ള സ്ഥാനാർഥി വേണമെന്നായിരുന്നു ഡിസിസിയുടെ നിലപാട്. അതൃപ്തി ഡിസിസി പ്രസിഡൻ്റ് പരസ്യമാക്കുകയും ചെയ്തിരുന്നു. എന്നാൽ ജില്ലയിലെ നേതാക്കളുടെ അതൃപ്തി മുഖവിലയ്ക്ക് എടുക്കാതെ ആണ് തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.

ആദ്യ ഘട്ടത്തിൽ കേരള കോൺഗ്രസ് സ്വയം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് മുതലാണ് നടകീയതകളുടെ തുടക്കം. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായി ജില്ലാ പ്രസിഡൻ്റ് ജെറ്റോ ജോസഫിനെ മത്സരിപ്പിക്കാൻ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ തീരുമാനമായതായി കേരള കോൺഗ്രസ് തന്നെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ യുഡിഎഫിൽ തർക്കം ആരംഭിച്ചു. തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച് ചർച്ചകൾ നടക്കൊണ്ടിരിക്കെ കേരള കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് കോൺഗ്രസ് ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചു.

മണ്ഡലത്തിൽ കേരള കോൺഗ്രസിനുള്ളത് നാമമാത്രമായ പ്രവർത്തകരെന്നായിരുന്നു കോൺഗ്രസിൻ്റെ ആരോപണം. തൃക്കരിപ്പൂർ സീറ്റ് വിട്ടു നൽകില്ലെന്ന് കേരള കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് വിട്ടു കൊടുക്കാം എന്നായി. പകരം കാഞ്ഞങ്ങാട് കേരള കോൺഗ്രസിന് കൊടുത്തു. പിന്നീട് തൃക്കരിപ്പൂരിൽ സ്ഥാനാർഥിയെ ചൊല്ലിയുണ്ടായ തർക്കമാണ് കണ്ടത്. മണ്ഡലം പ്രസിഡൻ്റുമാരുടെ പേരിൽ വ്യാജ ഒപ്പുവച്ച് ഡിസിസി പ്രസിഡൻ്റ് കത്ത് നൽകിയത് വലിയ വിവാദമായി.

യൂത്ത് കോൺഗ്രസ് നേതാവ് ജോമോൻ ജോസിനെ മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള തീരുമാനം പുറത്ത് വന്നതിനു പിന്നാലെയായിരുന്നു കത്ത് വിവാദം പൊട്ടിപുറപ്പെട്ടത്. ജോമോനെ പരിഗണിക്കുന്നതിൽ കടുത്ത എതിർപ്പ് അറിയിച്ചുള്ള കത്തായിരുന്നു അത്. 10 മണ്ഡലം പ്രസിഡൻ്റുമാർ ഒപ്പുവെച്ച് ദീപാദാസ് മുൻഷിക്ക് മുൻപാകെ, ജോമോന് എതിരായി അയച്ചു എന്ന് കരുതുന്ന കത്തിൽ ഒപ്പുവെച്ചില്ലെന്ന് മണ്ഡലം പ്രസിഡൻ്റുമാർ പറഞ്ഞതോടെ ഡിസിസി പ്രസിഡൻ്റ് വെട്ടിലായി. ഡിസിസി പ്രസിഡൻ്റിന് ബ്ലാങ്ക് പേപ്പറിൽ ഒപ്പുവെച്ച് നൽകിയിരുന്നതായും ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബ്ലാങ്ക് പേപ്പറിൽ ഒപ്പുവെച്ചതെന്നും മണ്ഡലം പ്രസിഡൻ്റുമാർ തുറന്നടിച്ചു.

തൃക്കരിപ്പൂർ മണ്ഡലം ഏറ്റെടുക്കാൻ കത്തയക്കുന്നു എന്നതിൻ്റെ പേരിലാണ് വ്യാജ ഒപ്പ് ഉപയോഗിച്ച് നാല് കത്തുകൾ അയച്ചത്. എന്നാൽ കത്ത് കിട്ടിയില്ലെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുടെ പ്രതികരണം. ഇതോടെ കത്ത് വിവാദം കെട്ടടങ്ങി. ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസലിന് തൃക്കരിപ്പൂർ മണ്ഡലത്തിൽ മത്സരിക്കാൻ താത്പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിൽ കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയയുടെ പേരും ഉയർന്നു വന്നിരുന്നു. എന്നാൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി അതൃപ്തി അറിയിച്ചതോടെ ബാലകൃഷ്ണൻ പെരിയയുടെ പേര് വെട്ടുകയായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News