മെഡിക്കൽ കോളജിലെ തീപിടുത്തം: ഐസിയുവിൽ നിന്ന് മാറ്റിയ അഞ്ച് രോഗികൾ മരിച്ചു
Thiruvananthapuram , 21 മാര്ച്ച് (H.S.) സർക്കാർ മെഡിക്കൽ കോളജിലെ മൾട്ടി സ്പെഷ്യാലിറ്റി വെൻറിലേറ്റർ യൂണിറ്റിലെ തീപിടിത്തത്തിനുശേഷം സ്ഥലംമാറ്റിയ അഞ്ചു രോഗികളുടെ മരണം സ്ഥിരീകരിച്ചു. തീ പടർന്ന വെൻ്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്ന യുവാവും മരിച്ചു. അഗ
Thiruvananthapuram Medical College


Thiruvananthapuram , 21 മാര്ച്ച് (H.S.)

സർക്കാർ മെഡിക്കൽ കോളജിലെ മൾട്ടി സ്പെഷ്യാലിറ്റി വെൻറിലേറ്റർ യൂണിറ്റിലെ തീപിടിത്തത്തിനുശേഷം സ്ഥലംമാറ്റിയ അഞ്ചു രോഗികളുടെ മരണം സ്ഥിരീകരിച്ചു. തീ പടർന്ന വെൻ്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്ന യുവാവും മരിച്ചു.

അഗ്നിബാധയിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജീവൻരക്ഷാ ഉപകരണങ്ങൾ മാറ്റിയതാണ് മരണകാരണമെന്ന് മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിൻറെ ബന്ധുക്കൾ ആരോപിച്ചു. അതേസമയം മരണ കാരണം സ്ഥലം മാറ്റിയതല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ വെൻ്റിലേറ്ററിൽ അഗ്നിബാധയുണ്ടായത് കഴിഞ്ഞ 17നാണ്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന രോഗികളെ ഉടൻ തന്നെ ഒഴിപ്പിച്ചിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ, തൊട്ടടുത്ത മണിക്കൂറുകളിലാണ് അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചത്.

ബൈക്കിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന നെയ്യാറ്റിൻകര സ്വദേശി സനീഷ് (38), ഓട്ടോറിക്ഷ ഇടിച്ച് പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആയൂർ സ്വദേശി കൃഷ്ണൻകുട്ടി, കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് പരുക്കേറ്റ ഓട്ടോ ഡ്രൈവർ അബ്ദുൾ റഹീം, വാഹനാപകടത്തിൽ പരുക്കേറ്റ ചിറയിൻകീഴ് സ്വദേശി ഓമന അമ്മ, ബാലരാമപുരം സ്വദേശി ശ്രീധരൻ എന്നിവരാണ് മരിച്ചത്.

ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്നാണ് സനീഷിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തീപിടുത്തമുണ്ടാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സനീഷ് അപകടനില തരണം ചെയ്യുകയും ബന്ധുക്കളോട് സംസാരിക്കുകയും ചെയ്തിരുന്നു. സനീഷ് ലഘുഭക്ഷണം കഴിച്ചു തുടങ്ങിയിരുന്നു.

ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുമ്പോഴാണ് തീപിടുത്തമുണ്ടായത്. ജീവൻ രക്ഷാ ഉപകരണങ്ങൾ പെട്ടെന്ന് മാറ്റിയതാണ് സനീഷിൻ്റെ മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. സർക്കാരിന് പരാതി നൽകാനൊരുങ്ങുകയാണെന്ന് ബന്ധു പുഷ്പ ലീല അറിയിച്ചു. ബുധനാഴ്ചയാണ് സനീഷ് മരിച്ചത്.

മരിച്ചവരെല്ലാം ഗുരുതരാവസ്ഥയിൽ ആയിരുന്നെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. തീപിടുത്തമുണ്ടായപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മാറ്റിയെങ്കിലും വെൻ്റിലേറ്റർ സഹായം നിലനിർത്തിയിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് ഡോ സിജി ജയചന്ദ്രൻ ഇടിവി ഭാരതിനോട് പറഞ്ഞു. എല്ലാവരുടെയും മരണകാരണം അപകടത്തിലുണ്ടായ പരിക്കുകകൾ ആണെന്നാണ് പ്രാഥമിക നിഗമനമെന്നും സൂപ്രണ്ട് അറിയിച്ചു.

മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൻ്റെ ഒന്നാം നിലയിലെ സർജിക്കൽ ഐസിയുവിലെ വെൻ്റിലേറ്റർ കത്തിയതാണ് അപകടത്തിന് കാരണമായത്. തീ പടർന്നുവെങ്കിലും ജീവനക്കാർ ഉടൻ തന്നെ ഐസിയുവിലെ ഓക്സിജൻ വിതരണം വിച്ഛേദിച്ചു.

ഓക്സിജൻ ലൈനുകളിലേക്ക് തീ പടർന്നിരുന്നെങ്കിൽ വലിയൊരു സ്ഫോടനത്തിന് ആശുപത്രി സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു. അഗ്നിശമന സേന എത്തുന്നതിന് മുൻപ് തന്നെ കൈവശമുള്ള അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് ജീവനക്കാർ തീ അണച്ചതും അപകടത്തിൻ്റെ വ്യാപ്തി കുറച്ചു.

തീ നിയന്ത്രണ വിധേയമായെങ്കിലും വെൻ്റിലേറ്ററിൽ ഓക്സിജൻ ലീക്ക് ഉണ്ടായതോടെ ഐസിയുവിനുള്ളിൽ കനത്ത പുക നിറഞ്ഞു. ശ്വാസം മുട്ടിക്കുന്ന പുക ഉയർന്നതോടെ ഗുരുതരാവസ്ഥയിലായിരുന്ന രോഗികൾക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടു.

ഇതോടെയാണ് ഐസിയുവിൽ ചികിത്സയിലായിരുന്ന 33 രോഗികളെയും അടിയന്തരമായി മറ്റ് വാർഡുകളിലേക്ക് മാറ്റിയത്. വെൻ്റിലേറ്ററുകൾ കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ നടത്താത്തതാണ് അപകടത്തിന് കാരണമെന്ന് ആരോപണമുയർന്നിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News