Enter your Email Address to subscribe to our newsletters

Thiruvananthapuram , 21 മാര്ച്ച് (H.S.)
കേരള മനസ്സാക്ഷിയെ നടുക്കിയ ഡോ. വന്ദനാ ദാസ് കൊലക്കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച വിധിപ്രസ്താവത്തെ സ്വാഗതം ചെയ്യുന്നതായി KGMOA. തികച്ചും ക്രൂരവും അപൂർവ്വങ്ങളിൽ അപൂർവ്വവുമായ ഈ കൊലപാതകത്തിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്ന് സംഘടന പ്രതീക്ഷിച്ചിരുന്നു. എങ്കിലും ഈ വിധിയിലൂടെ ഒരു പരിധി വരെ നീതി ഉറപ്പാക്കപ്പെട്ടു എന്ന് സംഘടന വിലയിരുത്തുന്നു.
ഈ കേസിന്റെ തുടക്കം മുതൽ ശാസ്ത്രീയമായ രീതിയിലും വേഗത്തിലും അന്വേഷണം പൂർത്തിയാക്കിയ കേരള പോലീസിനെയും, കോടതിയിൽ കുറ്റം തെളിയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുകയും പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്ത പ്രോസിക്യൂഷൻ വിഭാഗത്തെയും ഈ അവസരത്തിൽ പ്രത്യേകം അഭിനന്ദിക്കുന്നു. നീതി തേടിയുള്ള ഈ പോരാട്ടത്തിൽ നിയമവ്യവസ്ഥയുടെ ഇടപെടൽ ആശ്വാസകരമാണെങ്കിലും, പ്രിയ സഹപ്രവർത്തകയുടെ ദാരുണമായ അന്ത്യത്തിന് ശേഷവും സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്ക് ഭയരഹിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതിന് എത്രമാത്രം കഴിഞ്ഞു എന്ന് പരിശോധിക്കപ്പെടേണ്ട സമയം കൂടിയാണ് ഇത്.
പ്രധാന ആശുപത്രികളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ (SISF) ഏൽപ്പിക്കണമെന്നും , എല്ലാ പ്രധാന ആശുപത്രികളിലും പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കണമെന്നും , ആറു മാസം കൂടുമ്പോൾ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നുമുള്ള നിർദേശങ്ങൾ നാളിതുവരെ പ്രായോഗികമായിട്ടില്ല .കൂടാതെ, സർക്കാർ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ അനുഭവപ്പെടുന്ന അനിയന്ത്രിതമായ തിരക്ക് പലപ്പോഴും ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങളിലേക്ക് വഴിതെളിക്കുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടർ ആക്രമിക്കപ്പെട്ട സാഹചര്യം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
ഈ പശ്ചാത്തലത്തിൽ, ആരോഗ്യപ്രവർത്തകരുടെ ജീവന് സുരക്ഷ ഉറപ്പാക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ സംഘടന ആവശ്യപ്പെടുന്നു. എല്ലാ കാഷ്വാലിറ്റികളിലും ട്രയാജ് സംവിധാനം അടിയന്തരമായി നടപ്പാക്കുകയും, ഒരു ഷിഫ്റ്റിൽ രണ്ട് സി.എം.ഒ മാരുടെ സേവനം ഉറപ്പാക്കുകയും വേണം. പ്രധാന ആശുപത്രികളുടെ സുരക്ഷാ ചുമതല SISF-നെ ഏൽപ്പിക്കുകയും കാഷ്വാലിറ്റിയുള്ള മറ്റെല്ലാ ആശുപത്രികളിലും പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഒപ്പം തന്നെ സിസിടിവി സംവിധാനങ്ങൾക്കും എക്സ്-സർവീസ് സുരക്ഷാ ജീവനക്കാരുടെ നിയമനത്തിനുമായി ഫണ്ടുകൾ സമയബന്ധിതമായി ലഭ്യമാക്കണം. അക്രമവാസന കൂടുതൽ കാണിക്കുന്ന പ്രതികളെ നേരിടാൻ വേണ്ട ആധുനിക ഉപകരണങ്ങൾ, പരിശീലനം എന്നിവ പോലീസ് സേനക്കും,ആശുപത്രി സെക്യൂരിറ്റി വിഭാഗങ്ങൾക്കും നൽകണം. ഓരോ കേഡറിലും രോഗി-ഡോക്ടർ അനുപാതം കൃത്യമായി നിർവചിച്ചു നടപ്പിലാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ പൊതുജനാരോഗ്യ രംഗത്തെ നിലനിർത്തുന്നതിനും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് സ്വതന്ത്രവും നിർഭയവുമായി ജോലി ചെയ്യുന്നതിനുമുള്ള സാഹചര്യം ഉറപ്പാക്കാൻ സർക്കാരിന്റെയും പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ആത്മാർത്ഥമായ പിന്തുണ അഭ്യർത്ഥിക്കുന്നതയും കെ ജി എം ഒ എ വാർത്തകുറിപ്പിൽ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR