കോഴിക്കോട് ജില്ലയിലെ പക്ഷിപ്പനി; പക്ഷികളെ കൊന്നൊടുക്കുന്ന നടപടികൾ ആരംഭിച്ചു
Kozhikode , 21 മാര്ച്ച് (H.S.) പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് കോഴിക്കോട് ഒളവണ്ണ, പെരുമണ്ണ, കക്കോടി, പനങ്ങാട് പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിൽപ്പെട്ട കൊളത്തറയിലും കോഴികളെയും താറാവുകളെയും മറ്റു പക്ഷികളെയും കൊന്നൊടുക്കുന്ന നടപടികൾ (കള
Bird Flue


Kozhikode , 21 മാര്ച്ച് (H.S.)

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് കോഴിക്കോട് ഒളവണ്ണ, പെരുമണ്ണ, കക്കോടി, പനങ്ങാട് പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിൽപ്പെട്ട കൊളത്തറയിലും കോഴികളെയും

താറാവുകളെയും മറ്റു പക്ഷികളെയും കൊന്നൊടുക്കുന്ന നടപടികൾ (കള്ളിങ്) ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള ദ്രുതകർമ്മ സേന ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ചാണ് പക്ഷിപ്പനി കണ്ടെത്തിയ പ്രദേശങ്ങളിൽ കോഴികളെയും മറ്റു വളർത്തു പക്ഷികളെയും പിടികൂടി കൊന്നൊടുക്കുന്നത്.

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് നിലവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. അതിൻ്റെ ഭാഗമായി കലക്ടറുടെ നേതൃത്വത്തിൽ സ്ഥിരീകരിച്ച സ്ഥലത്തിൻ്റെ ഒരു കിലോ മീറ്റർ ചുറ്റളവിൽ മുഴുവൻ കോഴികളെയും ഇന്ന് കൊന്നൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.

മൂന്ന് ആർആർടി ടീമായിക്കൊണ്ട് വിവിധ പ്രദേശങ്ങളിലൂടെ കടന്നുവന്നുകൊണ്ട് വീടുകളിൽ വളർത്തുന്ന കോഴികളായാലും മറ്റ് പക്ഷികളായാലും എല്ലാത്തിനെയും കള്ളിങ് ചെയ്തുകൊണ്ട്, പ്രത്യേക കേന്ദ്രത്തിൽ കൊണ്ടുപോയി നിർദേശിക്കുന്ന അകലം പാലിച്ചുകൊണ്ട് ആറടി താഴ്ചയുള്ള കുഴിയിൽ സംസ്കരിക്കുന്നു.

നിർദേശിച്ചിരിക്കുന്ന സ്ഥലത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലും സ്ഥാപനങ്ങളിലും ഉള്ള കോഴികളെയും പക്ഷികളെയും ആണ് ഇപ്പോൾ കള്ളിങ് എന്ന പ്രക്രിയയിലൂടെ കൊല്ലാൻ വേണ്ടി തീരുമാനിച്ചിരിക്കുന്നത്. രോഗം ജനങ്ങളിലേയ്ക്കും പകരാം എന്ന ആശങ്കയുള്ളതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ വളരെ അപൂർവമായാണിത് മനുഷ്യരിലേയ്ക്ക് പകരുന്നത്. എന്നാൽ മുൻകരുതൽ എന്ന രീതിയിൽ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന പ്രകാരം പ്രക്രിയകൾ നടത്തുന്നു. ഇതിനായി പരമാവധി എല്ലാവരും സഹകരിക്കണം, എന്ന് ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻ്റ് സുലിൻ അറിയിച്ചു.

പരാതിയുമായി വീട്ടുകാർ

മൃഗസംരക്ഷണ വകുപ്പിൻ്റെ ആർആർടി സംഘങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് ഓരോ വീടുകളിലും എത്തി കോഴികളെ പിടികൂടി കൊന്നശേഷം നേരത്തെ ശാസ്ത്രീയ മാനദണ്ഡ പ്രകാരം തയ്യാറാക്കിയ സ്ഥലത്ത് കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. ആർആർടി സംഘങ്ങൾ ചില വീടുകളിൽ എത്തുമ്പോൾ പലരും കോഴികളെ പിടികൂടുന്ന വിവരം അപ്പോൾ മാത്രമാണ് അറിയുന്നത്. അതിനെ തുടർന്ന് ആർആർടി സംഘങ്ങളുമായി

തർക്കങ്ങളും നടന്നു. കൃത്യമായ പരിശോധന നടത്താതെയാണ് ഇത്തരത്തിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കോഴികളെ പിടികൂടി കൊല്ലുന്നത് എന്നാണ് കോഴി വളർത്തുന്ന വീട്ടുകാരുടെ പരാതി.

ഇതോടൊപ്പം കോഴി വളർത്തുന്നതിന് വരുന്ന വലിയ സാമ്പത്തിക ബാധ്യതയും വരുമാനമാർഗമായ കോഴികളെ കൊല്ലുന്നതോടെ ഉണ്ടാവുമെന്നാണ് കോഴി വളർത്തുന്ന വീട്ടുകാരുടെ അഭിപ്രായം. നിലവിൽ 200 രൂപ മാത്രമാണ് കൊല്ലുന്ന ഓരോ കോഴികൾക്കും വില കണക്കാക്കി ഉടമയ്ക്ക് നൽകുന്നത്. എന്നാൽ മൃഗസംരക്ഷണ വകുപ്പ് വിതരണം ചെയ്യുന്ന കോഴിക്കുഞ്ഞുങ്ങൾക്ക് പോലും 130 രൂപയാണ് വില ഈടാക്കുന്നത്. ഈ കോഴികളെ വളർത്തി വലുതാക്കുമ്പോഴേക്കും വലിയ ചിലവാണ് ഉടമകൾക്ക് ഉണ്ടാകുന്നത്. കോഴികളെ വാങ്ങുന്ന വില പോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന പരാതിയും ഉടമകൾ ഉയർത്തുന്നുണ്ട്.

അതേസമയം പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ പുറത്തുവന്ന ദിവസം പോലും വ്യാപകമായി കോഴിക്കടകളിൽ നിന്നും കോഴികളെ ഇറച്ചിയാക്കി വിറ്റഴിച്ചിരുന്നു. എന്നാൽ ദ്രുതകർമ്മ സേന പ്രവർത്തകർ ഇന്ന് കോഴി കടകളിൽ എത്തിയപ്പോൾ ഒരു കോഴിയെ പോലും കിട്ടിയില്ലെന്നതാണ് യാഥാർഥ്യം. നിലവിൽ വീടുകളിൽ നിന്ന് മാത്രമാണ് കോഴികളെ ദ്രുതകർമ്മ സേനയ്ക്ക് പിടികൂടി കൊല്ലാൻ കഴിഞ്ഞത്.

പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ ഇന്ന് ദ്രുതകർമ്മ സേനയുടെ പ്രവർത്തനം പൂർത്തിയായില്ലെങ്കിൽ വരും ദിവസങ്ങളിലും കോഴികളെ പിടികൂടി കൊല്ലുന്നതിനുള്ള പ്രവർത്തനം ഊർജിതമായി നടക്കുമെന്ന് ദ്രുതകർമ്മ സേന അംഗങ്ങൾ അറിയിച്ചു. അതോടൊപ്പം പ്രദേശങ്ങളിൽ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ പ്രതിരോധ മരുന്നുകളും ബോധവത്ക്കരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News