Enter your Email Address to subscribe to our newsletters

Thiruvananthapuram , 21 മാര്ച്ച് (H.S.)
തിരുവനന്തപുരം നഗരത്തിലെയും നേമം മണ്ഡലത്തിലെയും ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കോൺഗ്രസും ബിജെപിയും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. യൂത്ത് കോൺഗ്രസിന്റെ മുൻ സംസ്ഥാന ഭാരവാഹി തന്നെ ഈ രഹസ്യ ധാരണ പരസ്യപ്പെടുത്തിയതോkടെ യുഡിഎഫ്-ബിജെപി അവിശുദ്ധ ബന്ധം പകൽപോലെ വ്യക്തമായിരിക്കുകയാണെന്ന് വി ശിവൻകുട്ടി.
നേമത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കാൻ കോൺഗ്രസ് വോട്ട് മറിക്കുമെന്ന ധാരണ ഞെട്ടിക്കുന്നതാണ്. ഇതിന് പകരമായി വട്ടിയൂർക്കാവിലും അരുവിക്കരയിലും സഹായം തേടുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.
വർഗീയ ശക്തികളെ തടയുമെന്ന് അവകാശപ്പെടുന്ന കോൺഗ്രസ്, അധികാരം പങ്കിടാനും സീറ്റുകൾ ഉറപ്പിക്കാനും ആർഎസ്എസ് അജണ്ടയുമായി കൈകോർക്കുന്നത് കേരളത്തിലെ മതനിരപേക്ഷ മനസ്സിനോടുള്ള വഞ്ചനയാണ്.
നേമത്തെ വികസന മുരടിപ്പിന് അറുതി വരുത്താനും വർഗീയതയെ പടിക്ക് പുറത്താക്കാനും എൽഡിഎഫ് നടത്തിയ പോരാട്ടങ്ങളെ ജനങ്ങൾക്കറിയാം. ഇത്തരം പിൻവാതിൽ ഇടപാടുകൾ കൊണ്ട് ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തെ തടയാനാകില്ല. കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഈ വോട്ട് കച്ചവടം നേമത്തെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയും. വർഗീയതയ്ക്കും അവസരവാദ രാഷ്ട്രീയത്തിനും നേമം മണ്ഡലത്തിൽ സ്ഥാനമുണ്ടാകില്ല. ഈ അവിശുദ്ധ സഖ്യത്തെ തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തൂത്തെറിയുമെന്നും ശിവൻകുട്ടി പ്രതികരിച്ചു.
കോൺഗ്രസ് മുതിർന്ന നേതാവ് എ .കെ. ആന്റണിക്ക് ഇപ്പോൾ പ്രവചനത്തിന്റെ കാലമാണ്. എന്നാൽ അദ്ദേഹത്തിന്റെ പ്രവചനം വെറുതെയാകുമെന്ന് ഈ നാട് തെളിയിക്കുമെന്ന് ശിവൻകുട്ടി പറഞ്ഞു..
കേരളത്തിൽ തുടർച്ചയായി മൂന്നാം തവണയും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരിക തന്നെ ചെയ്യും. അദ്ദേഹത്തോടും യു.ഡി.എഫിനോടും എനിക്ക് ചില കാര്യങ്ങൾ പറയാനും ചോദിക്കാനുമുണ്ട്.
ഇന്ന് കേരളം ശാന്തമാണ്. ഇവിടെ വർഗീയ കലാപങ്ങളില്ല. എന്നാൽ എ.കെ. ആന്റണിയുടെ കാലത്തും യു.ഡി.എഫ് ഭരണകാലത്തും എത്രയെത്ര വർഗീയ കലാപങ്ങളാണ് ഈ മണ്ണിൽ അരങ്ങേറിയത്? മാറാട് കലാപം എങ്ങിനെ മറക്കും? ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴല്ലേ മുത്തങ്ങ വെടിവെപ്പ് നടന്നത്? തദ്ദേശീയ ജനതയെ വംശീയമായി ഉന്മൂലനം ചെയ്യാനല്ലേ അന്ന് യു.ഡി.എഫ് സർക്കാർ ശ്രമിച്ചത്? ആ ചരിത്രം മലയാളി മറന്നിട്ടില്ല.
കോൺഗ്രസിന്റെ മുതിർന്ന നേതാവായ, കേന്ദ്രമന്ത്രി വരെയായ ആന്റണി സ്വന്തം മകൻ അനിൽ ആന്റണിയെ ബി.ജെ.പിക്ക് സംഭാവന നൽകിയത് ഏത് രഹസ്യ ഡീലിന്റെ ഭാഗമാണെന്ന് വ്യക്തമാക്കണം. കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ആ വകുപ്പിൽ നടന്ന അഴിമതികളെക്കുറിച്ചുള്ള അന്വേഷണത്തെ അദ്ദേഹം ഭയപ്പെട്ടിരുന്നു എന്നത് പകൽ പോലെ വ്യക്തമാണ്. ആ ഭയത്തിൽ നിന്നാണ് ഈ ഒത്തുതീർപ്പ് രാഷ്ട്രീയം ഉണ്ടാകുന്നത്.
നാടിന്റെ നന്മ ലക്ഷ്യമിട്ട് വികസനം കൊണ്ടുവന്ന മുഖ്യമന്ത്രിയാണ് ശ്രീ. പിണറായി വിജയൻ. അദ്ദേഹത്തെയും കുടുംബത്തെയും കേന്ദ്ര ഏജൻസികൾ വേട്ടയാടിയതുപോലെ മറ്റൊരു രാഷ്ട്രീയ കുടുംബത്തെയും ഈ രാജ്യത്ത് വേട്ടയാടിയിട്ടുണ്ടാകില്ല. എന്നിട്ടും ഒരിഞ്ച് പിന്മാറാതെ അവർ പൊരുതിനിൽക്കുന്നത് ആത്മവിശ്വാസമുള്ളതുകൊണ്ടാണ്. അഴിമതിയുടെ കറ പുരളാത്തതുകൊണ്ടാണ്.
ശ്രീ.ആന്റണിയുടെ ശാപം ഏൽക്കുന്ന നാടല്ല ഇത്. കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ എ കെ ആന്റണി കേരളത്തിനായി എന്താണ് ചെയ്തതെന്നും ശിവൻകുട്ടി ചോദിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR