Enter your Email Address to subscribe to our newsletters

Kannur , 21 മാര്ച്ച് (H.S.)
പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന കുഞ്ഞികൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സിപിഎം പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് പൊളിച്ചുമാറ്റിയെന്ന് ആരോപണം. ഇന്ന് രാവിലെയോട് കൂടിയാണ് പയ്യന്നൂർ കോത്തായി മുക്കിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഓഫിസിൻ്റെ പണി ആരംഭിച്ചത്. ഉച്ചയോടുകൂടി പണി പൂർത്തിയാവുകയും ചെയ്തു. എന്നാൽ 20 ഓളം വരുന്ന സിപിഎം പ്രവർത്തകർ സ്ഥലം ഉടമയെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പൊളിച്ചുമാറ്റുകയായിരുന്നു.
പയ്യന്നൂര് കോത്തായി മുക്കിലായിരുന്നു ഓഫിസ് നിര്മാണം. സ്ഥലം ഉടമയെ സിപിഎമ്മുകാര് ഭീഷണിപ്പെടുത്തിയെന്ന് അറിയിക്കുകയായിരുന്നു എന്ന് സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ആർക്കും നമ്മളെക്കൊണ്ട് ഒരു ദുരിതം ഉണ്ടാവരുത് എന്ന ആഗ്രഹത്തിലാണ് നമ്മൾ തന്നെ പൊളിച്ചു മാറ്റിയത് എന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ജനാധിപത്യ തെരഞ്ഞെടുപ്പുകളെ സിപിഎം എങ്ങനെ നേരിടുന്നു എന്നതാണ് ഇവിടെ കണ്ടത്. മാഫിയകളെ കൂട്ടുപിടിച്ചുകൊണ്ട് ഫാസിസമാണ് ഇവിടെ നടത്തുന്നത് എന്നും. ഇതിനുമുന്നിൽ മുട്ട് മടക്കില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ഓഫിസിന് സ്ഥലം കൊടുക്കരുതെന്ന് ചിലര് പറഞ്ഞതായി സ്ഥലം ഉടമയും വ്യക്തമാക്കി. ഭീഷണിയുണ്ടെന്നും ഓഫിസ് പൊളിച്ച് തരണമെന്നും ഉടമ ആവശ്യപ്പെട്ടു. തുടര്ന്നാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് നീക്കം ചെയ്തത്. തങ്ങള് കാരണം മറ്റൊരാള്ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതിയാണ് ഓഫിസ് പൊളിച്ച് നീക്കിയത്. എന്നാല് ജനാധിപത്യത്തെ പൂര്ണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള് പോകുന്നതെന്നും വി കുഞ്ഞികൃഷ്ണന് കൂട്ടിച്ചേര്ത്തു.
കണ്ണൂർ സിപിഐഎമ്മിലെ വിഭാഗീയതയുടെ ആദ്യ ബോംബ് പൊട്ടിച്ചയാളാണ് വി കുഞ്ഞികൃഷ്ണന്. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായിത്തന്നെ തുടരുന്നതിനിടെയാണ് സംഭവം. കരിവെള്ളൂർ രക്തസാക്ഷി മണ്ഡപത്തിൽ ഉൾപ്പെടെയുള്ള പ്രാദേശിക പാർട്ടി ബന്ധമുള്ള ഇടങ്ങളിലൂടെയാണ് കുഞ്ഞികൃഷ്ണൻ ആദ്യഘട്ടത്തിൽ പ്രചാരണം മുന്നോട്ട് കൊണ്ട് പോകുന്നത്.
തിങ്കളാഴ്ച (മാർച്ച് 23) രാവിലെ 10.30 യുഡിഎഫ് നേതാക്കളോടൊപ്പം കുഞ്ഞികൃഷ്ണൻ പയ്യന്നൂർ താലൂക്ക് ഓഫിസിൽ എത്തി നാമനിർദേശപത്രിക സമർപ്പിക്കും. താന് എന്തിന് മത്സരിക്കുന്നുവെന്ന് വ്യക്തമാക്കി കുഞ്ഞികൃഷ്ണന് ഫേസ്ബുക്കില് പോസ്റ്റ് ചെയ്തിരുന്നു.
സത്യം വിജയിച്ച് കാണണം എന്നാഗ്രഹിക്കുന്ന എല്ലാവരും ഈ സാഹചര്യത്തിൻ്റെ പ്രാധാന്യം തിരിച്ചറിയുമെന്നും സത്യത്തിൻ്റെ പക്ഷം ചേരുമെന്നും വിശ്വസിക്കുന്നുവെന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. താൻ ഉയർത്തുന്ന കാര്യങ്ങളോട് യോജിക്കുന്ന മറ്റ് വ്യക്തികളുടെയും സംഘടനകളുടെയും സഹായവും ഈ കാര്യത്തിൽ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. യുഡിഎഫ് നേതൃത്വത്തെ ഉൾപ്പെടെ പ്രചാരണ രംഗത്തേക്ക് ഇറക്കിക്കൊണ്ട് വരും ദിവസങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകാൻ തന്നെയാണ് വി കുഞ്ഞികൃഷ്ണൻ്റെ തീരുമാനം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR