Enter your Email Address to subscribe to our newsletters

Thiruvananthapuram , 21 മാര്ച്ച് (H.S.)
തിരുവനന്തപുരം മെഡിക്കല് കോളജില് തീപിടുത്തത്തിന് പിന്നാലെ അഞ്ച് പേര് മരിച്ചെന്ന വാര്ത്ത ഞെട്ടിക്കുന്നത്; അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണം.തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയിലെ മള്ട്ടി സ്പെഷാലിറ്റി വെന്റിലേറ്റര് യൂണിറ്റില് തീപിടുത്തത്തിന് പിന്നാലെ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര് മരിച്ചെന്ന വാര്ത്ത കേരളത്തെ അക്ഷരാര്ത്ഥത്തില് ഞെട്ടിക്കുന്നതാണ്. മരിച്ചവരുടെ ബന്ധുക്കള് ഉന്നയിക്കുന്ന ആരോപണം അതീവ ഗൗരവതരവും അടിയന്തരമായി അന്വേഷിക്കേണ്ടതുമാണ്.
തീപിടിത്തത്തിനിടെ രോഗികളില് ഘടിപ്പിച്ചിരുന്ന ജീവന്രക്ഷാ ഉപകരണങ്ങള് മാറ്റിയതാണ് മരണത്തിന് കാരണമെന്നാണ് ആരോപണം. വിവിധ വാഹനാപകടങ്ങളില് പരുക്കേറ്റ് ചികിത്സയിലായിരുന്ന നെയ്യാറ്റിന്കര സ്വദേശി സനീഷ്, ആയൂര് സ്വദേശി കൃഷ്ണന്കുട്ടി, ഓട്ടോ ഡ്രൈവര് അബ്ദുള് റഹീം, ചിറയിന്കീഴ് സ്വദേശി ഓമന അമ്മ, ബാലരാമപുരം സ്വദേശി ശ്രീധരന് എന്നിവരാണ് മരിച്ചത്. അപകടനില തരണം ചെയ്ത ആഹാരം കഴിച്ചു തുടങ്ങിയ സനീഷിന്റെ ആരോഗ്യനില തീപിടിത്തത്തിനു ശേഷം വഷളായെന്നും പിറ്റേദിവസം മരിച്ചെന്നുമാണ് ബന്ധുക്കള് ആരോപിക്കുന്നത്. തീപിടുത്തം ഉണ്ടായ ദിവസം തന്നെയാണ് കൃഷ്ണകുട്ടിയും മരിച്ചത്. മറ്റ് മൂന്നു പേരുടെ കാര്യത്തിലും ഇതേ ആരോപണം ഉയര്ന്നിട്ടുണ്ട്.
സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കിയ ആരോഗ്യ മേഖലയെയാണ് പിണറായി സര്ക്കാര് പത്ത് വര്ഷത്തെ ഭരണത്തിലൂടെ തകര്ത്തെറിഞ്ഞത്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന ദാരുണ സംഭവങ്ങള് ഉണ്ടായിക്കൊണ്ടേയിരിക്കുന്നുവെന്നതും ദുഃഖകരമാണ്. എത്രയെത്ര കുടംബങ്ങളെയാണ് ഇവര് അനാഥമാക്കിയത്. ആരോഗ്യമന്ത്രി പറയുന്ന സിസ്റ്റത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും എത്രയോ പേരെ ദുരിതത്തിലാക്കി.
തിരുവനന്തപുരം മെഡിക്കല് കേളജുമായി ബന്ധപ്പെട്ട് ഉയര്ന്നിരിക്കുന്ന ആരോപണത്തെ കുറിച്ച് ആരോഗ്യ വകുപ്പും പൊലീസ് സംവിധാനങ്ങളും അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണമെന്ന് വി ഡി സതീശൻ ആരോപിച്ചു..
അതേസമയം
ഗുരുതരാവസ്ഥയിൽ കഴിഞ്ഞ രോഗികൾ മരിച്ച സംഭവം ഐ സി യു വിലെ ഫയർ ഇൻസിഡൻ്റുമായി ബന്ധപ്പെടുത്താനുള്ള നീക്കം ദൗർഭാഗ്യകരമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. വാഹനപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ രോഗികൾ മരിച്ച സംഭവത്തെ കഴിഞ്ഞ ചൊവ്വാഴ്ച മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐസിയുവിൽ ഉണ്ടായ ഫയർ ഇൻസിഡൻ്റുമായി ബന്ധപ്പെടുത്താനുള്ള നീക്കം തികച്ചും ദൗർഭാഗ്യകരമാണെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലും ആശുപത്രി സൂപ്രണ്ടും പറഞ്ഞു.
ചികിത്സയിലുണ്ടായിരുന്നവരിൽ അഞ്ചു പേരുടെ മരണം ഫയർ ഇൻസിഡൻ്റോ അതിൻ്റെ പാർശ്വഫലങ്ങൾ കൊണ്ടോ സംഭവിച്ചതല്ലെന്ന് ചികിത്സിക്കുന്ന ഡോക്ടർമാരും ഐസിയുവിൻ്റെ ചുമതലയുള്ള ഡോക്ടർമാരും വ്യക്തമാക്കിയിട്ടുണ്ട്. രോഗികളെ മറ്റൊരു ഐസിയുവിലേക്ക് മാറ്റിയതു കൊണ്ടും അവർക്ക് പുതുതായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. മരിച്ച അഞ്ചു പേരും വാഹനാപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ ചികിത്സയിലുണ്ടായിരുന്നവരാണ്. ഇവർ മരിച്ചത് പല ദിവസങ്ങളിലായാണ്. അഞ്ചു പേരുടെയും പോസ്റ്റുമോർട്ടവും കഴിഞ്ഞു.
ഫയർ ഇൻസിഡൻ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നമാണ് മരണകാരണമെങ്കിൽ അതു പോസ്റ്റുമോർട്ടത്തിൽ തെളിയേണ്ടതായിരുന്നു. രോഗികളുടെ മരണം സംബന്ധിച്ച് യാതൊരുവിധ പരാതിയും ഇതുവരെ ലഭ്യമായിട്ടില്ല. പരാതി ലഭിക്കുകയാണെങ്കിൽ നിയമപരമായി പരിശോധിക്കുമെന്നും ഇരുവരും അറിയിച്ചു. പ്രസ്തുത സാഹചര്യത്തിൽ
തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ നൽകുന്നത് ഒഴിവാക്കണമെന്ന് പ്രിൻസിപ്പൽ അഭ്യർത്ഥിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR