മമ്മൂട്ടി വികാരഭരിതനായി, ആ ആക്ഷേപം അദ്ദേഹത്തെ വേദനിപ്പിച്ചു'; വയനാട് സന്ദർശനത്തിലെ വിവാദങ്ങളിൽ ക്ഷമ ചോദിച്ച് മുഖ്യമന്ത്രി
Trivandrum , 21 മാര്ച്ച് (H.S.) തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശിച്ചതിന്റെ പേരിൽ നടൻ മമ്മൂട്ടിക്കെതിരെ ഉണ്ടായ സൈബർ ആക്രമണങ്ങളിലും ആക്ഷേപങ്ങളിലും പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടി വയനാട് സന്ദർശിച്ചത് തികച്ചും സദുദ്ദേശ്യത്തോടെ
ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Trivandrum , 21 മാര്ച്ച് (H.S.)

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശിച്ചതിന്റെ പേരിൽ നടൻ മമ്മൂട്ടിക്കെതിരെ ഉണ്ടായ സൈബർ ആക്രമണങ്ങളിലും ആക്ഷേപങ്ങളിലും പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടി വയനാട് സന്ദർശിച്ചത് തികച്ചും സദുദ്ദേശ്യത്തോടെയാണെന്നും അദ്ദേഹത്തിന് നേരെയുണ്ടായ കടന്നാക്രമണം അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടിലെ ദുരിതബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പ് സന്ദർശിക്കാൻ മമ്മൂട്ടി എത്തിയത് വലിയ നന്മയുടെ ഭാഗമായാണ്. എന്നാൽ ഇതിനെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കാനും അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കാനും ചിലർ ശ്രമിച്ചു. ഈ കടന്നാക്രമണം മമ്മൂട്ടിയെ വല്ലാതെ വേദനിപ്പിച്ചുവെന്ന് തനിക്ക് തോന്നിയതായും അതുകൊണ്ടാണ് താൻ അദ്ദേഹത്തോട് ക്ഷമ ചോദിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തന്റെ വ്യക്തിപരമായ വേദനയേക്കാൾ ഉപരി, ഒരു നല്ല കാര്യത്തിനായി ഇറങ്ങിത്തിരിച്ച വ്യക്തിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിലുള്ള ഖേദമാണ് അറിയിച്ചതെന്ന് അദ്ദേഹം കൂട്ടിചേർത്തു.

മമ്മൂട്ടിയുമായി സംസാരിച്ച നിമിഷങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിവരിക്കുന്നത് ഇങ്ങനെ: ഞാൻ ക്ഷമ ചോദിച്ചതിന് ശേഷം മമ്മൂട്ടി എന്നെ തിരിച്ചുവിളിച്ചു. വളരെ വികാരഭരിതനായാണ് അദ്ദേഹം സംസാരിച്ചത്. രാവിലെ ചെന്നൈയിൽ നിന്ന് പ്രത്യേക താല്പര്യമെടുത്താണ് അദ്ദേഹം വയനാട്ടിലെത്തിയത്. അത് മനസിലാക്കാതെയാണ് ഒരു വിഭാഗം അദ്ദേഹത്തെ വേട്ടയാടിയത്.

അഭിമുഖത്തിൽ സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും മുഖ്യമന്ത്രി മനസ്സ് തുറന്നു. കേരളത്തിൽ അഴിമതി ഇല്ലാതായത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. പദ്ധതികളിൽ അഴിമതി വിഹിതം നിശ്ചയിക്കുന്ന രീതി ഇടതുപക്ഷത്തിനില്ല. അതുകൊണ്ടാണ് രാജ്യം അംഗീകരിക്കുന്ന അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയതെന്നും അദ്ദേഹം പറഞ്ഞു.

കെ-റെയിൽ പോലുള്ള വികസന പദ്ധതികളെ തടയാൻ പ്രതിപക്ഷം ശ്രമിക്കുന്നത് നാടിനോടുള്ള ദ്രോഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തനിക്കെതിരെ നടക്കുന്ന വ്യക്തിപരമായ ആക്രമണങ്ങൾ യഥാർത്ഥത്തിൽ പാർട്ടിയെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഇത്തരം അക്രമങ്ങളെ ചിരിയോടെയാണ് താൻ നേരിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ, മാലിന്യ നിർമ്മാർജ്ജനത്തിലെ പുരോഗതി തുടങ്ങിയ കാര്യങ്ങളും അദ്ദേഹം അഭിമുഖത്തിൽ പങ്കുവെച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ വികസന തുടർച്ചയ്ക്കായി എൽഡിഎഫിനൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു.

---------------

Hindusthan Samachar / Roshith K


Latest News