Enter your Email Address to subscribe to our newsletters

Trivandrum , 21 മാര്ച്ച് (H.S.)
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ബിജെപിയുടെ അക്കൗണ്ട് വീണ്ടും തുറക്കാൻ അനുവദിക്കില്ലെന്നും മണ്ഡലം എൽഡിഎഫിന്റെ ഉറച്ച കോട്ടയായി തുടരുമെന്നും മന്ത്രി വി. ശിവൻകുട്ടി. ട്വന്റിഫോർ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. നേമത്തെ ബിജെപിയുടെ വിജയപ്രതീക്ഷ വെറും ആഗ്രഹമായി മാത്രം അവശേഷിക്കുമെന്നും മണ്ഡലത്തിൽ നടപ്പിലാക്കിയ വിപുലമായ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണാധിപത്യം കേരളത്തിൽ നടപ്പില്ല
തിരഞ്ഞെടുപ്പിൽ പണം ഒഴുക്കി വോട്ട് പിടിക്കാമെന്നത് ചിലരുടെ മോഹം മാത്രമാണെന്ന് ശിവൻകുട്ടി വിമർശിച്ചു. കാശ് കൊടുത്തു വോട്ടു വാങ്ങുന്ന രീതി കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്കിടയിൽ നടപ്പില്ല. പണാധിപത്യമല്ല, മറിച്ച് വികസന രാഷ്ട്രീയമാണ് നേമത്ത് വിജയിക്കുക, അദ്ദേഹം പറഞ്ഞു. ബിജെപി സ്ഥാനാർത്ഥിയായി ഉയർന്നു കേൾക്കുന്ന രാജീവ് ചന്ദ്രശേഖറിനെ ലക്ഷ്യം വെച്ചായിരുന്നു മന്ത്രിയുടെ ഈ പരാമർശങ്ങൾ. കേന്ദ്രമന്ത്രിയായിരുന്ന ഒരാൾ നിയമസഭയിലേക്ക് മത്സരിക്കേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
യുഡിഎഫിനും ബിജെപിക്കും ഒരേ അജണ്ട
നേമത്ത് തന്നെ തോൽപ്പിക്കാൻ കോൺഗ്രസും ബിജെപിയും കൈകോർക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. വി.ഡി. സതീശനെ വീണ്ടും നേമത്തേക്ക് മത്സരിക്കാൻ താൻ ക്ഷണിക്കുന്നു. എന്നാൽ ഇതിനോട് പ്രതിപക്ഷ നേതാവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കോൺഗ്രസ് ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തുന്നത് ബിജെപിയെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. 2016-ൽ ബിജെപി അക്കൗണ്ട് തുറന്നത് യുഡിഎഫിന്റെ വോട്ട് ചോർച്ച മൂലമാണെന്നും എന്നാൽ 2021-ൽ താൻ അത് പൂട്ടിച്ചുവെന്നും ശിവൻകുട്ടി ഓർമ്മിപ്പിച്ചു.
വികസനത്തിന്റെ 900 കോടി
കഴിഞ്ഞ നാലര വർഷത്തിനിടെ നേമം മണ്ഡലത്തിൽ 900 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കിയത്. വിദ്യാഭ്യാസ മേഖലയിൽ മാത്രം വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായത്. 22 സ്കൂളുകൾക്കായി 97 കോടി രൂപ ചെലവിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. ചാല ഐടിഐ നവീകരണം, പുതിയ പാലങ്ങൾ, റോഡുകൾ എന്നിവ മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റി. മന്ത്രി അപ്പൂപ്പന് വോട്ട് ചെയ്യണമെന്ന് കുട്ടികൾ തന്നെ വീട്ടുകാരോട് പറയുന്ന സാഹചര്യം മണ്ഡലത്തിലുണ്ട്, വിദ്യാഭ്യാസ മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു.
നേമം സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടുന്നുണ്ടെന്നും അഴിമതി നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. മതനിരപേക്ഷതയുടെ കാവലാളായി നേമം തുടരുമെന്നും ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിന് ഇവിടെ സ്ഥാനമുണ്ടാകില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.
---------------
Hindusthan Samachar / Roshith K