Enter your Email Address to subscribe to our newsletters

Thiruvananthapuram , 22 മാര്ച്ച് (H.S.)
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി പുരോഗമിച്ചു കൊണ്ടിരിക്കെ, ജയസാധ്യതകള് വിലയിരുത്തുകയാണ് മൂന്ന് മുന്നണികളും.
വികസന പദ്ധതികള് മുൻനിർത്തി എല്ഡിഎഫും ഭരണവിരുദ്ധ വികാരം ഉയർത്തിക്കാട്ടി യുഡിഎഫും പ്രചാരണം സജീവമാക്കുമ്പോള്, കഴിഞ്ഞ മൂന്ന് തവണത്തെ തെരഞ്ഞെടുപ്പ് പാറ്റേണ് വിലയിരുത്തി തങ്ങള്ക്കാണ് മുൻതൂക്കമെന്ന ആത്മവിശ്വാസത്തിലാണ് ഇടതു ക്യാമ്പ്. എല്ഡിഎഫിനൊപ്പം കഴിഞ്ഞ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പിലും ചേർന്നുനിന്ന 51 മണ്ഡലങ്ങളുണ്ട്. യുഡിഎഫിന് ഇത്തരത്തില് 26 മണ്ഡലങ്ങളാണുള്ളത്. സിപിഎമ്മിനെയാണ് കൂടുതല് മണ്ഡലങ്ങള് തുണച്ചിരിക്കുന്നത്- 39 എണ്ണം. 14 മണ്ഡലങ്ങളുമായി രണ്ടാം സ്ഥാനത്ത് മുസ്ലിം ലീഗാണ്. സിപിഐക്കും കോണ്ഗ്രസിനും 12 മണ്ഡലങ്ങള് വീതമുണ്ട്. അടുത്ത സർക്കാറിനെ തെരഞ്ഞെടുക്കുന്നതില് ഈ മണ്ഡലങ്ങളിലെ ജനവിധി ഇരുമുന്നണികള്ക്കും നിർണായകമാകും.
ഉദുമ, തൃക്കരിപ്പൂര്, പയ്യന്നൂര്, കല്യാശേരി, തളിപ്പറമ്പ്, ധര്മ്മടം, തലശേരി, മട്ടന്നൂര്, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശേരി, കോഴിക്കോട് നോര്ത്ത്, ബേപ്പൂര്, പൊന്നാനി, ഷൊര്ണൂര്, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, തരൂര്, നെന്മാറ, ആലത്തൂര്, ചേലക്കര, കുന്നംകുളം, ഗുരുവായൂര്, പുതുക്കാട്, വൈപ്പിന്, ദേവികുളം, ഉടുമ്പന്ചോല, ഏറ്റുമാനൂര്, ആരൂര്, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, മാവേലിക്കര, കൊട്ടാരക്കര, കൊല്ലം, ആറ്റിങ്ങല്, വാമനപുരം, നെയ്യാറ്റിന്കര എന്നീ മണ്ഡലങ്ങളാണ് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും സിപിഎമ്മിനെ ജയിപ്പിച്ചത്.
അതേസമയം, ഉപതെരഞ്ഞെടുപ്പുകളില് സിപിഎമ്മിന് ഈ ഉറച്ച സീറ്റുകളില് രണ്ടെണ്ണം നഷ്ടപ്പെട്ടിട്ടുമുണ്ട്. 2012ലെ നെയ്യാറ്റിന്കര ഉപതെരഞ്ഞെടുപ്പില് സിപിഎം എംഎല്എയായിരുന്ന ആര്. ശെല്വരാജ് കോണ്ഗ്രസ് ടിക്കറ്റില് മത്സരിച്ച് വിജയിച്ചിരുന്നു. 2019ലെ അരൂര് ഉപതെരഞ്ഞെടുപ്പില് കോണ്ഗ്രസിന്റെ ഷാനിമോള് ഉസ്മാനും ജയിച്ചു. പക്ഷേ, തുടർന്നുവന്ന തെരഞ്ഞെടുപ്പുകളില് സീറ്റ് തിരിച്ചുപിടിച്ചു. സിപിഐയെ പതിവായി തുണക്കുന്നത് കാഞ്ഞങ്ങാട്, നാദാപുരം, നാട്ടിക, കയ്പമംഗലം, പീരുമേട്, വൈക്കം, ചേര്ത്തല, അടൂര്, പുനലൂര്, ചടയമംഗലം, ചാത്തന്നൂര്, ചിറയന്കീഴ് എന്നീ മണ്ഡലങ്ങളാണ്.
മഞ്ചേശ്വരം, കാസര്കോട്, കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, പെരിന്തല്മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, തിരൂര്, കോട്ടയ്ക്കല്, മണ്ണാര്ക്കാട് എന്നിവിടങ്ങളില് മുസ്ലീം ലീഗ് ആണ് കഴിഞ്ഞ മൂന്ന് വർഷവും ജയിക്കുന്നത്. ഇരിക്കൂര്, പേരാവൂര്, സുല്ത്താന് ബത്തേരി, വണ്ടൂര്, പാലക്കാട്, ആലുവ, പറവൂര്, എറണാകുളം, തൃക്കാക്കര, കോട്ടയം, പുതുപ്പള്ളി, ഹരിപ്പാട് എന്നിവിടങ്ങളില് കോണ്ഗ്രസാണ് തുടര്ച്ചയായി വിജയം നേടിയത്.
രൂപീകരിച്ചത് മുതല് ഒരു പാർട്ടിയെ മാത്രം ജയിപ്പിച്ച 24 മണ്ഡലങ്ങളുമുണ്ട് കേരളത്തില്. ആർക്കും വിട്ടുകൊടുക്കാതെ മണ്ഡലം സ്വന്തമാക്കി വെച്ചിരിക്കുന്നവരിലും മുമ്പില് സിപിഎമ്മാണ്-13 മണ്ഡലങ്ങള്. ആറിടത്ത് മുസ്ലിം ലീഗും മൂന്നിടത്ത് സിപിഐയും ആധിപത്യം തുടരുമ്പോള് ഒരിടത്ത് വീതം കോണ്ഗ്രസും എൻസിപിയും അജയ്യരായി നില്ക്കുന്നു. ഒറ്റപ്പാർട്ടി ജയങ്ങളിലേറെയും 2008ലെ മണ്ഡല പുനർനിർണയത്തിന് ശേഷമാണ്.
1965 മുതല് പയ്യന്നൂർ, മലമ്പുഴ എന്നിവിടങ്ങളിലും 1977 മുതല് തൃക്കരിപ്പൂരിലും സിപിഎം ആണ് ജയിക്കുന്നത്. 2011 മുതല് കോഴിക്കോട് നോർത്ത്, കല്യാശേരി, ധർമ്മടം, മട്ടന്നൂർ, ഷൊർണൂർ, കോങ്ങാട്, തരൂർ, നെന്മാറ, പുതുക്കാട്, വൈപ്പിൻ എന്നിവിടങ്ങളില് ജയിക്കുന്നതും സിപിഎം മാത്രമാണ്. 1957ലെ ആദ്യ തെരഞ്ഞെടുപ്പ് മുതല് 69 വർഷമായി മലപ്പുറം, കൊണ്ടോട്ടി മണ്ഡലങ്ങളില് മുസ്ലിം ലീഗിന്റെ വിജയയാത്ര തടയാൻ ഒരുപാർട്ടിക്കും കഴിഞ്ഞിട്ടില്ല. 2011 മുതല് ഏറനാട്, വേങ്ങര, വള്ളിക്കുന്ന്, കോട്ടയ്ക്കല് എന്നിവിടങ്ങളിലും മുസ്ലിം ലീഗ് മാത്രമാണ് ജയിക്കുന്നത്. 2011 മുതല് കാഞ്ഞങ്ങാട്, ചിറയിൻകീഴ്, കയ്പമംഗലം എന്നിവിടങ്ങളില് ജയിക്കുന്നത് സിപിഐയും തൃക്കാക്കരയില് കോണ്ഗ്രസും എലത്തൂരില് എൻസിപിയും മാത്രമാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR