Enter your Email Address to subscribe to our newsletters

Kannur , 22 മാര്ച്ച് (H.S.)
കവലകള് തോറും പൊലീസ്. ഇരുചക്ര വാഹനങ്ങളില് നിരന്തരമായുളള പൊലീസിന്റെ റോന്തു ചുറ്റല്.റോഡുകളില് കടുത്ത വാഹന പരിശോധന.സ്ഥാനാര്ത്ഥികളുടെ പര്യടന വാഹനങ്ങളെ അനുഗമിച്ച് സദാ നിരീക്ഷണക്കണ്ണുമായി തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ സംഘം.ഒരു യുദ്ധം നടക്കുന്ന പ്രതീതിയാണ് മാഹിയില്.
ഏപ്രില് ഒമ്പതിന് കേരളത്തോടൊപ്പം പോളിങ്ങ് ബൂത്തിലേക്ക് പോകാനുള്ള പ്രദേശം. പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലെ തെരഞ്ഞെടുപ്പുകാല കാഴ്ചകള് മലയാളികള്ക്ക് കൗതുകം പകരുന്നതാണ്.വല്ലപ്പോഴും എത്തുന്ന അനൗണ്സ്മെന്റ് വാഹനങ്ങള് മാത്രമാണ് ഇവിടെ നിയമ സഭാ തെരഞ്ഞടുപ്പ് നടക്കുന്നു എന്നതിന്റെ ഏക സൂചന. ഒരിടത്തും ഫ്ലക്സോ കൊടി തോരണങ്ങളോ ഇല്ല. അനൗണ്സ്മെന്റ് വാഹനങ്ങള്ക്കു തന്നെ കടുത്ത നിയന്ത്രണങ്ങളാണ്.ഒരു റോഡ് ഷോ നടത്തണമെങ്കില്പ്പോലും അനുമതി കിട്ടില്ല.
9 ചതുരശ്ര കിലോമീറ്റര് മാത്രം വരുന്ന ഈ കേന്ദ്ര ഭരണ പ്രദേശത്തിന്റെ നിയന്ത്രണം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് ഏറ്റെടുത്ത പ്രതീതിയാണ്. എം. എല്. എ ഓഫീസ് അടച്ചു പൂട്ടി. പൂട്ടിയ എം എല് എ ഓഫീസിന് മുന്നിലും റീജിയണല് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിലുമൊക്കെ പോലീസിന്റെ നിയന്ത്രണം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആരവങ്ങള് കേരളം മുഴുവന് വ്യാപിക്കുമ്പോള് മാഹിയില് ജനാധിപത്യ വിധിയെഴുത്തിന് മുന്നിലുളള കാഴ്ചകളാണിത്.
നാട്ടുകാരടക്കം ഇവിടെയെത്തുന്നവര് ഭീതിയോടെയാണ് ഇതെല്ലാം നോക്കി കാണുന്നത്. കേരളത്തില് പൊതുയോഗങ്ങളും റോഡ് ഷോയും പോസ്റ്ററുകളും ചുവരെഴുത്തുമെല്ലാം നിറഞ്ഞ് നില്ക്കുമ്പോഴും മാഹി മൗനത്തിലാണ്. രാഷട്രീയ പാര്ട്ടികള് മുന്കാലങ്ങളില് സ്ഥാപിച്ച ബോര്ഡുകളും പ്രചരണ സാമഗ്രികളുമെല്ലാം അധികൃതര് നോട്ടീസ് നല്കിയതോടെ മാറ്റി കഴിഞ്ഞു.ചുമരെഴുത്തുകളും മായ്ച്ചു കഴിഞ്ഞു.ആകെ നല്കിയിരിക്കുന്ന സ്വാതന്ത്ര്യം വോട്ടര്മാരെ കാല്നടയായി വീടുകളില് ചെന്ന് കാണാം എന്നത് മാത്രം. വമ്പന് പ്രകടനമായി സ്ഥാനാര്ത്ഥികളെ ആനയിക്കുന്നതിന് നിയന്ത്രണമുണ്ട്. കേരളത്തിലേതു പോലുള്ള സ്ഥാനാര്ത്ഥി പര്യടനങ്ങള് മാഹിയില് അനുവദനീയമല്ല. സ്ഥാനാര്ത്ഥി സഞ്ചരിക്കുന്ന വാഹനത്തിനൊപ്പം മറ്റു വാഹനങ്ങളുടെ അകമ്പടി പാടില്ല.
പൊതു സ്ഥലത്തും സ്വകാര്യ സ്ഥലത്തും തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്ക്ക് വിലക്ക് ഏര്പ്പെടുത്തിയിട്ടുണ്ട്.വീടുകളുടെ മതിലുകളിലോ മതിലിനോട് ചേര്ന്നോ പാര്ട്ടി ചിഹ്നങ്ങളോ കൊടികളോ പ്രദര്ശിപ്പിക്കരുത്. പാര്ട്ടിയുടേയും മുന്നണിയുടേയും യോഗങ്ങളില് ചായയും പലഹാരങ്ങളും നല്കിയാല് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടി വീഴും. എന്നാല് മോര് വെള്ളത്തിനും വെള്ളത്തിനും വിലക്കില്ല. മുഖ്യമന്ത്രിമുതല് സാധാരണ വോട്ടര്മാര് വരെ എല്ലാവരും തുല്യരാണ്. ആര്ക്കും വി.ഐ.പി. പരിവേഷമില്ല. സര്ക്കാര് വെബ്സൈറ്റുകളില് നിന്നും മുഖ്യമന്ത്രി മുതല് എം. എല്. എ മാര് വരെയുളളവരുടെ ചിത്രങ്ങള് നീക്കി കഴിഞ്ഞു. പൊതു പരിപാടികളിലും മന്ത്രിമാര്ക്കും രാഷ്ട്രീയക്കാര്ക്കും വിലക്കുണ്ട്.
സര്ക്കാര് പരിപാടികളില് തെരഞ്ഞെടുപ്പ് പ്രക്രിയ കഴിയും വരെ രാഷ്ട്രീയ നേതാക്കന്മാര് പങ്കെടുക്കാന് പാടില്ല. വോട്ടെടുപ്പ് അവസാനിക്കുന്ന ദിവസം വരെ സര്ക്കാര് പരിപാടികളില് ഉദ്യോഗസ്ഥന്മാര്ക്ക് മാത്രമേ പങ്കെടുക്കാന് അനുമതിയുളളൂ. മതചടങ്ങുകളില് നേതാക്കള് വേദിയില് ഇരിക്കാന് പാടില്ല. ഏത് പാര്ട്ടി പണിതതായാലും വെയ്റ്റിങ് ഷെല്ട്ടറുകളില് സ്തൂപങ്ങളും നേതാക്കളുടെ ചിത്രങ്ങളും പാടില്ല. നേതാക്കള് പങ്കെടുക്കുന്ന യോഗസ്ഥലത്തെക്കുറിച്ചും സമയത്തെക്കുറിച്ചും വരണാധികാരിയെ മുന്കൂട്ടി അറിയിക്കണം.ഇതൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള നിയന്ത്രണങ്ങള് മാത്രമാണെന്നാണ് മാഹിയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര് പറയുന്നത്. മാഹിയിലെ ഒരുക്കങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ദേശ പ്രകാരം മാത്രമാണ് നടത്തിയതെന്ന് പി പ്രവീണ്കുമാര് പറഞ്ഞു.
എന്നാല് മാഹിയില് അമിതമായ തെരഞ്ഞെടുപ്പ് നിയമമാണ് അധികാരികള് അടിച്ചേല്പ്പിക്കുന്നതെന്ന് ആരോപണമുയര്ന്നിട്ടുണ്ട്.മാഹി, യാനം, കാരിക്കല്, പുതുച്ചേരി എന്നീ മേഖലകള് അടങ്ങുന്നതാണ് പുതുച്ചേരി സംസ്ഥാനം. പുതുച്ചേരി സംസ്ഥാനത്ത് മറ്റൊരിടത്തും ഇത്രയും നിയന്ത്രണമില്ലെന്ന് പൊതു പ്രവര്ത്തകനായ ടി കെ ഗംഗാധരന് പറയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള് ഭീതിയോടെ നോക്കി കാണേണ്ട അവസ്ഥയാണ്. വാഹനങ്ങള് തടഞ്ഞു വെക്കുകയും പരിശോധന നടത്തുകയും ഒക്കെ ചെയ്യുന്നു. രാഷ്ട്രീയ പാര്ട്ടികള്ക്കും സ്ഥാനാര്ത്ഥികള്ക്കും ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യയുടെ മാര്ഗ്ഗ നിര്ദേശം തന്നെയാണ് മാഹിയിലും ഉളളത്. കോഡ് ഓഫ് കോണ്ടാക്റ്റും രാജ്യത്ത് ഒന്നു തന്നെയാണ്. എന്നിരുന്നാലും കേവലം മുപ്പതിനായിരത്തോളം വോട്ട് മാത്രമുള്ള മാഹിയില് ഇത്രയും വലിയ നിയന്ത്രണം ആവശ്യമുണ്ടോ എന്ന് ചോദിക്കുകയാണ് നാട്ടുകാരും ഇതി വഴി പോകുന്ന യാത്രികരും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR