വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലടക്കം സമസ്ത മേഖലകളിലും കേരളം രാജ്യത്തിന് മാതൃക: എസ്. രാമചന്ദ്രൻ പിള്ള
Kerala, 22 മാര്ച്ച് (H.S.) വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ അടക്കം സമസ്ത മേഖലകളിലും സമാനതകളില്ലാത്ത വികസന നേട്ടങ്ങളുമായി കേരളം രാജ്യത്തിന് മാതൃകയാവുകയാണെന്ന് മുതിർന്ന സി.പി.ഐ.എം നേതാവ് എസ് . രാമചന്ദ്രൻ പിള്ള. നേമം മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ
എസ് രാമചന്ദ്രൻ പിള്ള


Kerala, 22 മാര്ച്ച് (H.S.)

വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ അടക്കം സമസ്ത മേഖലകളിലും സമാനതകളില്ലാത്ത വികസന നേട്ടങ്ങളുമായി കേരളം രാജ്യത്തിന് മാതൃകയാവുകയാണെന്ന് മുതിർന്ന സി.പി.ഐ.എം നേതാവ് എസ് . രാമചന്ദ്രൻ പിള്ള. നേമം മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരമേറ്റ ജനകീയ സർക്കാരിന്റെ പത്താം വർഷം പിന്നിടുമ്പോൾ, കണക്കുകൾ സംസാരിക്കട്ടെ എന്ന ആത്മവിശ്വാസത്തോടെയാണ് ഇടതുപക്ഷം ജനങ്ങളെ അഭിമുഖീകരിക്കുന്നത്. സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ സർക്കാർ വലിയ മാതൃകയാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേമപെൻഷൻ തുക 2000 രൂപയായി വർദ്ധിപ്പിച്ചതും, സ്ത്രീസുരക്ഷയുടെ ഭാഗമായി 31.34 ലക്ഷം സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം പെൻഷൻ നൽകുന്നതും സർക്കാരിന്റെ പ്രധാന നേട്ടങ്ങളാണ്. ഒബിസി, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നിർത്തലാക്കിയ സ്കോളർഷിപ്പുകൾക്ക് പകരം 'കെടാവിളക്ക്', 'മാർഗ്ഗദീപം' എന്നീ പദ്ധതികൾ നടപ്പിലാക്കി സർക്കാർ അവർക്ക് തണലായി നിന്നു.

ആരോഗ്യരംഗത്ത് 2021 മുതൽ ഇതുവരെ 25.17 ലക്ഷം പേർക്ക് 8136 കോടി രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭ്യമാക്കി. അപൂർവ്വ രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം ചെയ്യുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ മേഖലയിൽ 9,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനവും 55,000 ഹൈടെക് ക്ലാസ് മുറികളും പൊതുവിദ്യാലയങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്തി. ലൈഫ് പദ്ധതിയിലൂടെ ഇതുവരെ 5 ലക്ഷത്തിൽ അധികം വീടുകൾ പൂർത്തിയാക്കി ഭവനരഹിതരില്ലാത്ത കേരളത്തിലേക്കുള്ള ചുവടുവെപ്പ് സർക്കാർ നടത്തിക്കഴിഞ്ഞു. 64,006 കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ച് കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനും സാധിച്ചു. വിഴിഞ്ഞം തുറമുഖം, ഗെയ്ൽ പൈപ്പ്ലൈൻ, ദേശീയപാത വികസനം എന്നിവ ഈ പത്തു വർഷത്തിനിടയിൽ യാഥാർത്ഥ്യമായി. കെ-ഫോൺ പദ്ധതിയിലൂടെ ഇന്റർനെറ്റ് മൗലികാവകാശമാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു. 85 മേഖലകളിൽ മിനിമം വേതനം പ്രഖ്യാപിച്ചും ഗ്രാമീണ വേതന നിരക്കിൽ ഒന്നാം സ്ഥാനം നിലനിർത്തിയും കേരളം തൊഴിൽ മേഖലയിൽ മികച്ച മാതൃകയാണ് കാഴ്ചവെക്കുന്നതെന്നും എസ് . രാമചന്ദ്രൻ പിള്ള പറഞ്ഞു. സ്ഥാനാർത്ഥി വി ശിവൻകുട്ടിയും ചടങ്ങിൽ സംബന്ധിച്ചു.

പാപ്പനംകോട് അജയൻ അധ്യക്ഷത വഹിച്ചു. നേമം മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി പാപ്പനംകോട് അജയനെയും ജനറൽ കൺവീനറായി കരമന ഹരിയെയും തിരഞ്ഞെടുത്തു. 3001 അംഗ ജനറൽ കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു. ചടങ്ങിൽ എം. വിജയകുമാർ, പി ശാർങ്ധരൻ നായർ, എസ് സന്തോഷ് സൂര്യ, കെ കെ അബ്ദുൽ ഹമീദ്

എന്നിവർ പ്രസംഗിച്ചു. എസ്. പുഷ്പലത സ്വാഗതവും എം എ ഹസ്സൻ നന്ദിയും പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News