Enter your Email Address to subscribe to our newsletters

Malappuram , 22 മാര്ച്ച് (H.S.)
മലപ്പുറം: ഇടതുപക്ഷവുമായുള്ള നീണ്ട പത്തു വർഷത്തെ സഹകരണം അവസാനിപ്പിച്ച് മുൻ എം.എൽ.എ കാരാട്ട് റസാഖ് മാതൃസംഘടനയായ മുസ്ലിം ലീഗിലേക്ക് മടങ്ങി. ഞായറാഴ്ച രാവിലെ പാണക്കാട് തറവാട്ടിലെത്തിയ അദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മടങ്ങിവരവ്.
'എല്.ഡി.എഫ് വഞ്ചിച്ചു'
ഇടതുമുന്നണി തന്നെ വഞ്ചിച്ചുവെന്ന ഗുരുതരമായ ആരോപണമുന്നയിച്ചാണ് കാരാട്ട് റസാഖിന്റെ പടിയിറക്കം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പരാജയത്തിന് പിന്നിൽ എൽ.ഡി.എഫിനുള്ളിലെ ചിലരുടെ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. വിജയിക്കാവുന്ന സാഹചര്യമുണ്ടായിട്ടും ബോധപൂർവം തന്നെ തോൽപ്പിക്കുകയായിരുന്നുവെന്നും, പരാജയത്തിന് ശേഷവും മുന്നണിയിൽ നിന്നും അവഗണന മാത്രമാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും അദ്ദേഹം രൂക്ഷമായ വിമർശനം ഉന്നയിച്ചു. കൊടുവള്ളി മണ്ഡലത്തിലെ വികസന പദ്ധതികൾ മന്ത്രി അട്ടിമറിച്ചുവെന്നും പലതവണ പരാതിപ്പെട്ടിട്ടും അവഗണനയായിരുന്നു ഫലമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും റസാഖ് രംഗത്തെത്തി. പാർട്ടി സഹയാത്രികരോട് ധിക്കാരപരമായ സമീപനമാണ് ശശി സ്വീകരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ നേരത്തെ വിമർശിച്ചിരുന്നു.
തിരിച്ചുവരവ് നിരുപാധികം: സാദിഖലി തങ്ങൾ
കാരാട്ട് റസാഖിന്റെ മടങ്ങിവരവ് യാതൊരുവിധ ഉപാധികളുമില്ലാതെയാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. പഴയൊരു കുടുംബാംഗം തിരികെ വീട്ടിലെത്തിയ സന്തോഷമാണുള്ളത്. ഇത് മുസ്ലിം ലീഗിനും യു.ഡി.എഫിനും വലിയ ആവേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായ കാറ്റ് വീശുന്നു എന്നതിന്റെ സൂചനയാണിതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
രാഷ്ട്രീയ പ്രാധാന്യം
2016-ൽ ലീഗിൽ നിന്ന് പിണങ്ങിയിറങ്ങി കൊടുവള്ളിയിൽ ഇടത് സ്വതന്ത്രനായി മത്സരിച്ചാണ് റസാഖ് എം.എൽ.എ ആയത്. ലീഗ് കോട്ടയായ കൊടുവള്ളി അന്ന് പിടിച്ചെടുത്തത് വലിയ രാഷ്ട്രീയ ചലനമുണ്ടാക്കിയിരുന്നു. എന്നാൽ 2021-ൽ ഡോ. എം.കെ. മുനീറിനോട് അദ്ദേഹം പരാജയപ്പെട്ടു. നിലവിൽ മദ്രസ ക്ഷേമനിധി ബോർഡ് ചെയർമാനായിരുന്ന റസാഖ്, ഈ സ്ഥാനം രാജിവെക്കുമെന്നും അറിയിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി സജീവമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കാരാട്ട് റസാഖിനെ പോലുള്ള ഒരു നേതാവ് മുന്നണി വിടുന്നത് മലബാറിലെ ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
---------------
Hindusthan Samachar / Roshith K