Enter your Email Address to subscribe to our newsletters

Thiruvananthapuram,23 മാര്ച്ച് (H.S.)
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലേയും (സി.ഡബ്ല്യു.സി), ജുവനൈൽ ജസ്റ്റിസ് ബോർഡിലേയും (ജെ.ജെ.ബി) അംഗങ്ങൾ, ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് നോഡൽ ഓഫീസർമാർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർമാർ എന്നിവർക്കായി സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിയ്ക്ക് തുടക്കമായി. തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലിൽ സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടി വനിതാ-ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ കെ. വി. മനോജ് കുമാർ അധ്യക്ഷനായ ചടങ്ങിൽ തിരുവനന്തപുരം റേഞ്ച് ഡി ഐ ജി അജിത ബീഗം മുഖ്യാതിഥിയായി.
കുട്ടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോഴും ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോഴും 'കുട്ടികളുടെ താല്പര്യം' മുൻനിർത്തി പ്രവർത്തിക്കണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് പറഞ്ഞു. സംരക്ഷണവും പരിചരണവും ആവശ്യമുള്ള കുട്ടികൾ പിന്നീട് നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളായി മാറാതിരിക്കാൻ കൃത്യമായ പിന്തുണ നൽകേണ്ടതുണ്ട്. കുട്ടികളെ മാനസികമായി സമ്മർദ്ദത്തിലാക്കാതെ, അവരുടെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ സ്കൂളുകളിലും വീടുകളിലും മികച്ച സംവിധാനങ്ങൾ ഉണ്ടാകണം. കുട്ടികളുടെ അവകാശങ്ങളുടെ ഭരണഘടനാപരമായ ചട്ടക്കൂട്, വിവരാവകാശ നിയമം, ഐ.ടി ആക്ടുകൾ, പോക്സോ നിയമം, മാനസികാരോഗ്യ തന്ത്രങ്ങൾ തുടങ്ങിയ സെഷനുകൾ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിയമവശങ്ങൾ കൃത്യമായി പരിശോധിച്ച് വ്യക്തമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ അംഗങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ഈ ദ്വിദിന ശില്പശാലയുടെ മുഖ്യലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
കുട്ടികളുടെ സംരക്ഷണത്തിന് ബന്ധപ്പെട്ട വിവിധ വകുപ്പുകളെയും ഏജൻസികളെയും ഏകോപിപ്പിച്ച് 'സിംഗിൾ ഡാഷ്ബോർഡ്' സംവിധാനം വേണമെന്ന് മുഖ്യാതിഥിയായ ഡി.ഐ.ജി അജിത ബീഗം പറഞ്ഞു.
പോലീസ്, സി.ഡബ്ല്യു.സി, ജെ.ജെ.ബി, ഡി.സി.പി.യു, ലീഗൽ സർവീസ് അതോറിറ്റി എന്നിവർക്ക് ഈ ഡാഷ്ബോർഡിലൂടെ കുട്ടികളുടെ വിവരങ്ങൾ നൽകാനും നിരീക്ഷിക്കാനും സാധിക്കണം. സ്നേഹിത, കൂട്ട്, ഡി-അഡിക്ഷൻ സെന്ററുകൾ, സ്കൂൾ കൗൺസിലർമാർ തുടങ്ങി വിവിധ തലങ്ങളിലുള്ള കൗൺസിലിംഗ് സംവിധാനങ്ങളുടെ സേവനവും കുട്ടികൾക്കായി ഉറപ്പാക്കണം. കുട്ടികളുടെ കാര്യത്തിൽ ഔദ്യോഗിക കൃത്യനിർവഹണം എന്നതിലുപരി, സ്വന്തം വീട്ടിലെ കുട്ടികളായി കണ്ട് സംരക്ഷണം നൽകാൻ എല്ലാ ഉദ്യോഗസ്ഥരും തയ്യാറാകണമെന്നും അവർ അഭിപ്രായപ്പെട്ടു.
കുട്ടികളോടുള്ള സമീപനങ്ങളും ഇടപെടലുകളും പൂർണ്ണമായും അവരുടെ നന്മയെ മുൻനിർത്തിയുള്ളതായിരിക്കണമെന്ന് കമ്മിഷൻ ചെയർപേഴ്സൺ കെ. വി. മനോജ് കുമാർ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട്, ഭാരതീയ ന്യായ സംഹിത എന്നിവയ്ക്ക് പുറമെ കുട്ടികളുടെ അതിജീവനം, പോഷകാഹാരം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട്, ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്ട്, മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് എന്നീ നിയമങ്ങളെക്കുറിച്ചും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. ഡിജിറ്റൽ ലോകത്തെ സൈബർ കുറ്റകൃത്യങ്ങളിൽ നിന്നും ചതിക്കുഴികളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ പ്രത്യേക ശ്രദ്ധ നൽകണമെന്നും ഇത് സംബന്ധിച്ച് കുട്ടികളിലും രക്ഷിതാക്കളിലും കൃത്യമായ അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കമ്മിഷൻ അംഗം ബി. മോഹൻകുമാർ സ്വാഗതം ആശംസിച്ചു. കമ്മിഷൻ അംഗങ്ങളായ ജലജമോൾ റ്റി.സി, സിസിലി ജോസഫ്, കെ.കെ. ഷാജു, ഡോ. എഫ്. വിൽസൺ, ഷാജേഷ് ഭാസ്കർ. പി എന്നിവർ പങ്കെടുത്തു. കമ്മിഷൻ സെക്രട്ടറി എച്ച്. നജീബ് നന്ദി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യട്രി വിഭാഗം പ്രൊഫസർ അരുൺ ബി നായർ, ഗവ.ലോ കോളെജ് പ്രിൻസിപ്പൽ ഡോ.എൻ. കൃഷ്ണകുമാർ, റെജി ജേക്കബ് എന്നിവർ വിവിധ സെഷനുകൾ നയിച്ചു.
പരിശിലനത്തിന്റെ രണ്ടാം ദിനം നിയമവുമായി പൊരുത്തപ്പെടാത്തതും സുരക്ഷയും സംരക്ഷണവും ആവശ്യമുള്ളതുമായ കുട്ടികളെ സംബന്ധിച്ച വിഷയം കമ്മിഷൻ അംഗം കെ.കെ.ഷാജുവും കുട്ടികളുടെ പുനരധിവാസം പുനസ്താപനം സ്വദേശത്തേക്ക് കൊണ്ടുപോകലും സംബന്ധിച്ച് ഐ.സി.പി.എസ് പ്രോഗ്രാം ഓഫീസർ കെ.എം.നിഷാദും ക്ലാസ് കൈകാര്യം ചെയ്യും. വിവരാവകാശ നിയമപ്രകാരം കുട്ടികളുടെ വിവരങ്ങൾ വെളിപ്പെടുത്തുമ്പോൾ നേരിടുന്ന വെല്ലുവിളികൾ സബന്ധിച്ച് മുൻ അഡി.ലോ സെക്രട്ടറി നടയ്ക്കൽ കെ പ്രസാദും കുട്ടികളുമായി ബന്ധപ്പെട്ട വിശദീകരണ ഉത്തരവുകൾ തയ്യാറാക്കുന്നത് സംബന്ധിച്ച് കമ്മിഷൻ അംഗം ഷാജേഷ് ഭാസ്കറും ക്ലാസ് നയിക്കും. തുടർന്ന് കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാറിന്റെ മേൽനോട്ടത്തിൽ കൊല്ലം മെഡിക്കൽ കോളെജിലെ സൈക്യട്രി വിഭാഗം പ്രൊഫസർ മോഹൻ റോയ് ചർച്ച നയിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR