Enter your Email Address to subscribe to our newsletters

Kochi , 23 മാര്ച്ച് (H.S.)
നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ ആകെ 25,03,842 വോട്ടർമാർ.വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള സമയപരിധി തീർന്നതിനുശേഷമുള്ള കണക്കുപ്രകാരം ജില്ലയിലെ ആകെ 25,03,842 വോട്ടർമാർ ഉള്ളതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ സ്വീപ്പ് ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഫലമായി വോട്ടർമാരുടെ സംഖ്യ വർദ്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.
ജില്ലയിലെ വോട്ടർമാരുടെ കണക്കുകൾ ഇങ്ങനെ
• ആകെ വോട്ടർമാർ: 25,03,842
• പുരുഷന്മാർ: 12,18,707
• സ്ത്രീകൾ: 12,85,108
• ട്രാൻസ്ജെൻഡർ: 27
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 33,406 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 4416 പ്രിസൈഡിംഗ് ഓഫീസർമാർ, 4416 ഫസ്റ്റ് പോളിംഗ് ഓഫീസർമാർ, 8832 സെക്കൻഡ്/തേർഡ് ഓഫീസർമാർ എന്നിങ്ങനെയാണ് നിയമനം. ഇവർക്കുള്ള ആദ്യഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. ഇവർക്കുള്ള പരിശീലനം മാർച്ച് 24 മുതൽ 28 വരെ വിവിധ മണ്ഡലങ്ങളിൽ വികേന്ദ്രീകൃതമായ രീതിയിൽ നടക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലയിൽ ആകെ 3148 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇവയുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾ നിയന്ത്രിക്കുന്ന 14 ബൂത്തുകളും, 70 മോഡൽ പോളിംഗ് സ്റ്റേഷനുകളും, ഭിന്നശേഷിക്കാർ നിയന്ത്രിക്കുന്ന 2 ബൂത്തുകളും ജില്ലയിൽ സജ്ജീകരിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് നിരീക്ഷകർ എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലാണ് താമസം. രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും പൊതുജനങ്ങൾക്കും രാവിലെ 10 മുതൽ 11 മണി വരെ അവരുമായി കൂടിക്കാഴ്ച നടത്താം. നിരീക്ഷകരുടെ ഫോൺ നമ്പറുകൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താനുള്ള സി-വിജിൽ ആപ്പ് വഴി ഇതുവരെ (മാർച്ച് 24 വൈകീട്ട് 5 വരെ) ലഭിച്ച 1310 പരാതികളും പരിഹരിച്ചു. പരാതികൾ പരിഹരിക്കാൻ ശരാശരി 9 മിനിറ്റ് 34 സെക്കൻഡ് മാത്രമാണ് എടുത്തത്.
പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫ്ലയിംഗ് സ്ക്വാഡുകളുടെയും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളുടെയും എണ്ണം 126 ആയി വർദ്ധിപ്പിക്കുമെന്നും കളക്ടർ അറിയിച്ചു.
ജില്ലയിലെ വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികളുടെ പ്രതിനിധികൾ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ നിയമിച്ച തിരഞ്ഞെടുപ്പ് നിരീക്ഷകരുമായി ചർച്ച നടത്തി.
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആർ ബി ഐ, ഇൻകം ടാക്സ്, പോലീസ്, എക്സൈസ് തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടെ 26 എൻഫോഴ്സ്മെന്റ് ഏജൻസികളുടെ പ്രതിനിധികൾ പങ്കെടുത്തു.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില് ആന്റി ഡീഫേസ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില് ഇതുവരെ നീക്കം ചെയ്തത് 7614 പ്രചാരണ ബോര്ഡുകള്.
ഇതിൽ ഇന്ന് (മാർച്ച് 23) പ്രചാരണ 1611 ബോർഡുകൾ നീക്കം ചെയ്തു.
വിവിധ രാഷ്ട്രീയപാര്ട്ടികളുടെ 938 പോസ്റ്ററുകൾ, 494 ബാനറുകൾ, 176 മറ്റ് പ്രചാരണ ബോർഡുകൾ എന്നിവയാണ് ഇന്ന് നീക്കം ചെയ്തത്.
നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി രൂപീകരിച്ച ജില്ലാതല ആൻ്റി ഡീഫേസ്മെന്റ് സ്ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധ നടത്തി.
പൊതുജനങ്ങൾക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും അറിയിക്കാനായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഹെൽപ്പ്ലൈൻ ആരംഭിച്ചു.
പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് സി-വിജിൽ (cVIGIL) ആപ്പ് വഴിയോ
mccernakulam2026@gmail.com ഇ-മെയിൽ വിലാസത്തിലോ അയക്കാം. ചട്ടലംഘനങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ ആണ് തത്സമയം അയക്കാവുന്നതാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR