തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടി ഇടുക്കിയിലെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ.
Idukki , 23 മാര്ച്ച് (H.S.) തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടി എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ. ജലവിഭവ വകുപ്പ് മന്ത്രിയും എൽഡിഎഫ് സ്ഥാനാർഥിയുമായ റോഷി അഗസ്റ്റിനും എതിർ സ്ഥാനാർഥിയായ കെപിസിസി വൈസ് പ്രസിഡൻ്റ് റോയ് കെ പൗലോസുമാണ് പ
Assembly election


Idukki , 23 മാര്ച്ച് (H.S.)

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടി എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ. ജലവിഭവ വകുപ്പ് മന്ത്രിയും എൽഡിഎഫ് സ്ഥാനാർഥിയുമായ റോഷി അഗസ്റ്റിനും എതിർ സ്ഥാനാർഥിയായ കെപിസിസി വൈസ് പ്രസിഡൻ്റ് റോയ് കെ പൗലോസുമാണ് പ്രചാരണ തിരക്കുകൾക്കിടെ ഒരുമിച്ച് സമയം ചെലവഴിച്ചത്. കഴിഞ്ഞ ദിവസം ഇടുക്കിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം അത്താഴം കഴിക്കാൻ ഒരു ഹോട്ടലിൽ എത്തിയതായിരുന്നു യുഡിഎഫ് സ്ഥാനാർഥിയായ റോയ് കെ പൗലോസ്.

ഹോട്ടലിൽ അപ്രതീക്ഷിതമായാണ് ഇരുവരും കണ്ടുമുട്ടിയത്. റോയ് കെ പൗലോസിനെ കണ്ടയുടൻ റോഷി അഗസ്റ്റിൻ അടുത്തേക്ക് വരികയും ഒപ്പമിരിക്കുകയും ചെയ്തു. കടുത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ പരസ്പരം മത്സരിക്കുന്ന സ്ഥാനാർഥികളാണെങ്കിലും ഇരുവരും തമ്മിൽ വലിയ സൗഹൃദമാണ് പങ്കുവച്ചത്.

തെരഞ്ഞെടുപ്പ് വിശേഷങ്ങളും മറ്റ് കാര്യങ്ങളും സംസാരിച്ചാണ് ഇരുവരും ഭക്ഷണം കഴിച്ചത്. ഏറെ നേരം ഹോട്ടലിൽ ചെലവഴിച്ച ശേഷമാണ് ഇരുവരും അവിടെനിന്ന് മടങ്ങിയത്. രാപകൽ നീളുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഷ്ട്രീയ എതിരാളികൾ തമ്മിലുള്ള ഈ സൗഹൃദ സംഭാഷണം പ്രവർത്തകർക്കിടയിലും വലിയ കൗതുകമുണർത്തി.

കോൺഗ്രസിലെ ഭിന്നത

അതേസമയം ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർഥിയായി റോയ് കെ പൗലോസ് എത്തിയതിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിൽ വലിയ അതൃപ്തി നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച റോയ് കെ പൗലോസിന് വീണ്ടും അവസരം നൽകിയതിൽ അണികളുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ഇടുക്കിയിലെ കോൺഗ്രസ് ഗ്രൂപ്പുകളുമായി നിലവിൽ അദ്ദേഹം കടുത്ത ഭിന്നതയിലാണ്. കൂടാതെ സാമൂഹിക വിരുദ്ധരായ ചിലരെ സംരക്ഷിക്കുന്നുവെന്ന ഗുരുതര ആരോപണവും റോയ് കെ പൗലോസിനെതിരെ നിലനിൽക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ടാണ് അദ്ദേഹത്തിന് ഇടുക്കിയിൽ അവസരം നൽകിയത്.

സ്ഥാനാർഥി നിർണയത്തിൻ്റെ ആദ്യഘട്ടത്തിൽ ഇടുക്കിയിൽ മറ്റ് മൂന്ന് പേരുകളാണ് കോൺഗ്രസ് നേതൃത്വം പരിഗണിച്ചിരുന്നത്. കട്ടപ്പന നഗരസഭ ചെയർമാൻ ജോയ് വെട്ടിക്കുഴി, യൂത്ത് കോൺഗ്രസ് നേതാവ് വിജോ മണി, കെഎസ്യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ എന്നിവരെയാണ് യുഡിഎഫ് സ്ഥാനാർഥികളായി പ്രധാനമായും കണ്ടിരുന്നത്.

യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു. എന്നാൽ ഈ സാധ്യതകളെല്ലാം മറികടന്നാണ് കെപിസിസി വൈസ് പ്രസിഡൻ്റ് കൂടിയായ റോയ് കെ പൗലോസ് സ്ഥാനാർഥിയായത്. ഈ തീരുമാനം പ്രാദേശിക നേതാക്കൾക്കിടയിലും താഴെത്തട്ടിലുള്ള പ്രവർത്തകർക്കിടയിലും വലിയ നിരാശയുണ്ടാക്കിയിട്ടുണ്ട്. തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ മണ്ഡലത്തിൽ പാർട്ടി സംവിധാനം പൂർണമായി സജീവമായിട്ടില്ല.

വരും ദിവസങ്ങളിൽ മണ്ഡലത്തിൽ പ്രചാരണം കൂടുതൽ ശക്തമാക്കാനാണ് ഇരു മുന്നണികളുടെയും തീരുമാനം. എൽഡിഎഫിന് വേണ്ടി മന്ത്രി റോഷി അഗസ്റ്റിൻ മണ്ഡലത്തിൽ വളരെ സജീവമായി പ്രചാരണം നടത്തുന്നുണ്ട്. വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് വോട്ട് തേടുന്നത്. മറുവശത്ത് യുഡിഎഫ് ക്യാമ്പിലെ ആഭ്യന്തര പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിച്ച് മുന്നോട്ട് പോവുക എന്നത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ്. ഗ്രൂപ്പ് ഭിന്നതകൾ മാറ്റിവെച്ച് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടില്ലെങ്കിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന ആശങ്കയും യുഡിഎഫിനുള്ളിലുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News