Enter your Email Address to subscribe to our newsletters

Thiruvananthapuram , 23 മാര്ച്ച് (H.S.)
ബിജെപി സംസ്ഥാന അധ്യക്ഷനും നേമം മണ്ഡലത്തിലെ സ്ഥാനാര്ഥിയുമായ രാജീവ് ചന്ദ്രശേഖര് സമര്പ്പിച്ച സത്യവാങ്മൂലത്തിനെതിരെ കോണ്ഗ്രസ്.
സ്വത്ത് വിവരങ്ങള് രാജീവ് ചന്ദ്രശേഖര് മറച്ചുവച്ചു എന്നാണ് കോണ്ഗ്രസിന്റെ ആരോപണം. ബെംഗളൂരുവിലെ 200 കോടിയുടെ സ്വത്ത് സംബന്ധിച്ച് സത്യവാങ്മൂലത്തില് പറയുന്നില്ലത്രെ. ഇക്കാര്യത്തില് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയിരിക്കുകയാണ് കോണ്ഗ്രസ്.
രാജീവ് ചന്ദ്രശേഖര് കരം അടയ്ക്കുന്ന രേഖ കോണ്ഗ്രസ് പുറത്തുവിട്ടു. ബെംഗളൂരുവിലെ കൊരമംഗളയിലുള്ള മൂന്നാം ബ്ലോക്കില് 49000 ചതുരശ്ര അടിയില് രാജീവ് ചന്ദ്രശേഖറിന് വീടുണ്ട് എന്നാണ് കോണ്ഗ്രസ് പറയുന്നത്. ഈ സ്ഥലത്തിന് 200 കോടി രൂപ മൂല്യം വരും. സത്യവാങ്മൂലത്തില് വീടോ കാറോ ഇല്ലെന്നാണ് രാജീവ് ചന്ദ്രശേഖര് ബോധിപ്പിച്ചിരിക്കുന്നത് എന്ന് കോണ്ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
വിഷയത്തില് തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണം എന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടു. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് രാജീവ് ചന്ദ്രശേഖറിനെ മല്സരിക്കുന്നതില് നിന്ന് അയോഗ്യനാക്കണം എന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില് തിരഞ്ഞെടുപ്പ് കമ്മീഷന് എന്തു നിലപാടാണ് സ്വീകരിക്കുക എന്നാണ് ഇനി അറിയേണ്ടത്. പരിശോധിച്ച ശേഷമാകും കമ്മീഷന്റെ നടപടി.
നിയമസഭാ തിരഞ്ഞെടുപ്പില് ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ നേമം. സിപിഎമ്മിന് വേണ്ടി വി ശിവന്കുട്ടി, കോണ്ഗ്രസിന് വേണ്ടി കെഎസ് ശബരീനാഥന്, ബിജെപിക്ക് വേണ്ടി രാജീവ് ചന്ദ്രശേഖര് എന്നിവരാണ് മല്സരിക്കുന്നത്. ബിജെപിക്ക് ആദ്യമായി നിയമസഭാംഗത്തെ നല്കിയ മണ്ഡലമാണ് നേമം. ഒ രാജഗോപാല് ആണ് 2016ല് നേമത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 2021ല് ബിജെപി പരാജയപ്പെടുകയും ശിവന്കുട്ടി ജയിക്കുകയും ചെയ്തു.
സ്ഥാനാര്ഥികള് തമ്മില് ശക്തമായ വാക് പോരാണ് നടക്കുന്നത്. പ്രചാരണവുമായി ബന്ധപ്പെട്ട് രാജീവ് ചന്ദ്രശേഖര് ഫേസ്ബുക്കില് പങ്കുവച്ച കുറിപ്പ് വായിക്കാം: ''നേമത്തെ നിലവിലെ എംഎല്എ ഒരു വലിയ പരാജയമാണ്. എംഎല്എ എന്ന നിലയിലും മന്ത്രി എന്ന നിലയിലും അദ്ദേഹം പൂര്ണ്ണമായും പരാജയപ്പെട്ടിരിക്കുന്നു.
നേമത്തിന്റെ വികസനത്തെക്കുറിച്ചോ തന്റെ പ്രവര്ത്തനങ്ങളെക്കുറിച്ചോ സംസാരിക്കുന്നതിന് പകരം, സ്വന്തം പരാജയങ്ങള് മറച്ചുവയ്ക്കാനും വോട്ടര്മാരുടെ ശ്രദ്ധ തിരിക്കാനുമായി എന്നെക്കുറിച്ച് അനാവശ്യ പ്രസ്താവനകള് നടത്തിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. എന്നാല് ഇത്തവണ അത് നടപ്പില്ല.
നേമത്തിന് മതിയായി ഈ എംഎല്എയെ! പതിറ്റാണ്ടുകളായി ഭരണത്തിലിരുന്നിട്ടും എടുത്തുപറയാന് നേട്ടങ്ങളൊന്നുമില്ലാത്തതുകൊണ്ടാണ് കോണ്ഗ്രസും സിപിഎമ്മും ജനശ്രദ്ധ തിരിക്കാന് നുണകളുടെ രാഷ്ട്രീയത്തെ ആശ്രയിക്കുന്നത്. കള്ളം പറയുന്നതിലും ജനങ്ങളെ കബളിപ്പിക്കുന്നതിലും അവര് രണ്ടല്ല, ഒന്നാണ്.
എന്നാല് ഈ തിരഞ്ഞെടുപ്പ് വ്യത്യസ്തമാണ്.
വിശ്വസിക്കാവുന്നൊരു ബദലായി ബിജെപി-എന്ഡിഎ സഖ്യം ഇന്ന് മലയാളികള്ക്ക് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ അവര് ഈ അവസരം പാഴാക്കില്ല. ഇത്തവണ യഥാര്ത്ഥ മാറ്റത്തിനായി കേരളം വോട്ട് ചെയ്യും. മാറ്റം തുടങ്ങാം!''
---------------
Hindusthan Samachar / CHANDHU CHANDRASEKHAR