വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്ന കെ എം സച്ചിൻദേവും വി ടി.സൂരജും ബാലുശ്ശേരിയിൽ നേർക്കുനേർ
Kozhikode , 23 മാര്ച്ച് (H.S.) കലാലയ രാഷ്ട്രീയത്തിൻ്റെ ആവേശവും സമരവീര്യവും ഇത്തവണ ബാലുശ്ശേരിയുടെ തെരഞ്ഞെടുപ്പ് ഗോദയിൽ മാറ്റുരയ്ക്കുന്നു. വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്ന രണ്ട് യുവനേതാക്കൾ മുഖാമുഖം നിൽക്കുന്നു എന്നതാണ് ബാലുശ്ശേരിയെ ഇത്തവണ ശ്
KERALA ASSEMBLY ELECTION 2026


Kozhikode , 23 മാര്ച്ച് (H.S.)

കലാലയ രാഷ്ട്രീയത്തിൻ്റെ ആവേശവും സമരവീര്യവും ഇത്തവണ ബാലുശ്ശേരിയുടെ തെരഞ്ഞെടുപ്പ് ഗോദയിൽ മാറ്റുരയ്ക്കുന്നു. വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്ന രണ്ട് യുവനേതാക്കൾ മുഖാമുഖം നിൽക്കുന്നു എന്നതാണ് ബാലുശ്ശേരിയെ ഇത്തവണ ശ്രദ്ധേയമാക്കുന്നത്. ഇടത് മുന്നണിക്കായി നിലവിലെ എംഎൽഎ കൂടിയായ കെ എം സച്ചിൻദേവും യുഡിഎഫിനായി കെഎസ് യു മുൻ നേതാവ് വി ടി സൂരജുമാണ് പോർക്കളത്തിലുള്ളത്. വിദ്യാർഥി രാഷ്ട്രീയത്തിന് ലഭിച്ച അംഗീകാരമാണ് സ്ഥാനാർഥിത്വമെന്ന് ഇരുവരും

മാധ്യമങ്ങളോട് പ്രതികരിച്ചു.

വികസനവും അനുഭവസമ്പത്തുമായി സച്ചിൻദേവ്

കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ വലിയ പ്രാധാന്യമുള്ള ഒന്നാണ് വിദ്യാർഥി രാഷ്ട്രീയമെന്ന് ബാലുശ്ശേരിയുടെ നിലവിലെ എംഎൽഎയും ഇടത് സ്ഥാനാർഥിയുമായ കെ എം സച്ചിൻദേവ് പറഞ്ഞു. വിദ്യാർഥികളെ സംഘടിപ്പിച്ചതിലൂടേയും സമരത്തിന് മുന്നിട്ടിറങ്ങുകയും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയുമൊക്കെ ചെയ്തതിലൂടെയും വലിയ അനുഭവങ്ങളാണ് ലഭിച്ചത്. എസ്എഫ്ഐയുടെ വിവിധ ചുമതലകൾ വഹിച്ചതും വിദ്യാർഥികൾക്കിടയിൽ അവരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി പ്രവർത്തിച്ചതും കോളജ് യൂണിയൻ ചെയർമാനായി പ്രവർത്തിച്ചതും വലിയ കരുത്തായിട്ടുണ്ട്.

ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയ മേൽക്കൈയുള്ള മണ്ഡലമാണ് ബാലുശ്ശേരി. അതേപോലെ ഇടത് തൊഴിലാളി പ്രസ്ഥാനങ്ങളും ശക്തമായി പ്രവർത്തിക്കുന്നുണ്ട്. നിരവധി വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് പൂർത്തീകരിക്കാൻ കഴിഞ്ഞു. അതിലൂടെ വലിയ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് ഈ തെരഞ്ഞെടുപ്പിലും ഗുണകരമായി മാറും. ബാലുശ്ശേരിയിൽ വീണ്ടും ജയിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. വൻ ഭൂരിപക്ഷത്തിൽ തന്നെയായിരിക്കും വിജയം.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിലെ പഞ്ചായത്തുകളിൽ യുഡിഎഫ് മുന്നേറ്റം ഉണ്ടാക്കിയിരുന്നു. എന്നാൽ ഇടതുപക്ഷ വോട്ടുകളിൽ ചോർച്ച ഉണ്ടായിട്ടില്ലെന്ന് സച്ചിൻദേവ് പറഞ്ഞു. നേരിയ ഭൂരിപക്ഷത്തിൽ കൈവിട്ടുപോയ പഞ്ചായത്തുകളിൽ യുഡിഎഫിന് ഒപ്പം തന്നെ എൽഡിഎഫും ഉണ്ട്. രാഷ്ട്രീയ കണക്കെടുത്താൽ ഇന്നും ബാലുശ്ശേരി ഇടതുപക്ഷത്തിനൊപ്പം ആണ്. ഭാര്യയും തിരുവന്തപുരം മുൻ മേയറുമായ ആര്യ രാജേന്ദ്രൻ്റെ പ്രവർത്തന മേഖല തിരുവനന്തപുരത്താണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗമെന്ന നിലയിൽ പാർട്ടിയാണ് അവരുടെ പരിപാടികൾ നിശ്ചയിക്കുന്നത്. നേമം മണ്ഡലവുമായി ബന്ധപ്പെട്ടാണ് ആര്യ പ്രവർത്തിക്കുന്നത്. പാർട്ടിയുടെ നിർദേശപ്രകാരം അവിടെ പ്രവർത്തിക്കുന്നത് കൊണ്ടാണ് ബാലുശ്ശേരിയിലേക്ക് വരാൻ പറ്റാത്തത്. എന്തായാലും വിദ്യാർഥി രാഷ്ട്രീയത്തിൻ്റെ കരുത്ത് ഈ തവണയും തന്നിലൂടെ നിയമസഭയിൽ എത്തും. കെ എം സച്ചിൻ ദേവ് പറഞ്ഞു.

പോരാട്ടവീര്യവുമായി വി ടി സൂരജ്

കെഎസ്യുവിലൂടെ നടത്തിയ സംഘടനാപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർഥി വി ടി സൂരജ് പറഞ്ഞു. കഴിഞ്ഞ 10 വർഷത്തെ ഭരണത്തിനെതിരെ പ്രതിഷേധിച്ച ചെറുപ്പക്കാർക്കും വിദ്യാർഥികൾക്കും ലഭിച്ച അംഗീകാരമാണ് ഈ സ്ഥാനാർഥിത്വം. ഒരിക്കൽ കെഎസ്യുക്കാരനായാൽ ആ പോരാട്ടവീര്യം എന്നും ഉണ്ടാകും. ജനങ്ങളോട് മാന്യമായി പെരുമാറാൻ പഠിപ്പിച്ചത് തൻ്റെ സംഘടനയാണ്.

വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് കെഎസ്യു കാലത്തിൻ്റെ തുടക്കം. മനുഷ്യത്വവും സ്നേഹവും മറ്റുള്ളവരെ ചേർത്തുപിടിക്കാനും കഴിയുന്ന ഒരാളായി തന്നെ മാറ്റിയത് വാകയാട് ക്യാമ്പസ് ആണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിൽ യുഡിഎഫ് ഉണ്ടാക്കിയ മുന്നേറ്റം അതേപോലെ നിയമസഭയിലും തുടരും. കേരളത്തിൽ യുഡിഎഫ് തിരിച്ചു വരുമ്പോൾ ബാലുശ്ശേരിയുടെ പ്രതിനിധിയായി താനും ഉണ്ടാകുമെന്നും വി ടി സൂരജ് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News