Enter your Email Address to subscribe to our newsletters

Thiruvananthapuram , 23 മാര്ച്ച് (H.S.)
ഓരോ പാർട്ടികളും തെരഞ്ഞെടുപ്പ് ഗോദയിൽ വിജയക്കൊടി പാറിക്കാൻ മത്സരരംഗത്തുള്ളപ്പോൾ, ഇടതുകോട്ട കാക്കാൻ അങ്കത്തട്ടിൽ ഒപ്പത്തിനൊപ്പമുണ്ട് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ബിജെപിയും കോൺഗ്രസും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാടുമ്പോൾ, നേമം മണ്ഡലത്തിൽ ബിജെപിയുടെ അക്കൗണ്ട് അടച്ചുപൂട്ടുന്നത് തുടരുമെന്നാണ് വി. ശിവൻകുട്ടിയുടെ നിലപാട്. ബിജെപി സീറ്റ് നേടുമെന്ന അവരുടെ അവകാശവാദങ്ങൾ വെറും പൊള്ളയായ വാചാടോപങ്ങൾ മാത്രമാണെന്ന് മന്ത്രി പറയുന്നു.
2021-ൽ നേമം മണ്ഡലം തിരിച്ചുപിടിച്ച് കേരള നിയമസഭയിലെ ബിജെപിയുടെ ഏക സാന്നിധ്യം ഇല്ലാതാക്കിയതോടെയാണ് രാഷ്ട്രീയ രംഗത്ത് വി. ശിവൻകുട്ടി ശ്രദ്ധേയനായത്. ഏപ്രിൽ 9-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ മണ്ഡലത്തിൽ നിന്ന് ബിജെപി നാമാവശേഷമാകുമെന്നാണ് മന്ത്രിയുടെ അഭിപ്രായം. ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ സീറ്റ് തിരിച്ചുപിടിക്കാൻ ബിജെപിക്കായി മത്സരരംഗത്തിറങ്ങുമ്പോൾ, മറുവശത്ത് മുൻ എംഎൽഎ കെ.എസ്. ശബരീനാഥനാണ് കോൺഗ്രസ് സ്ഥാനാർഥി.
റോഡ് ഷോകളിലും പ്രചാരണ പരിപാടികളിലും ഏതൊരു സ്ഥാനാർത്ഥിക്കും വിജയം പ്രതീക്ഷിക്കാൻ അവകാശമുണ്ടെന്ന് മന്ത്രി പറയുന്നു. മെറിറ്റാണ് മാനദണ്ഡമെങ്കിൽ നേമത്ത് എൽഡിഎഫ് വിജയിക്കുമെന്നത് ഉറപ്പാണ്. സംസ്ഥാന സർക്കാരിന്റെ ഭരണമികവും പ്രവർത്തനങ്ങളുടെ നേർച്ചിത്രവുമാണ് ഞങ്ങളുടെ പ്രചാരണത്തിന്റെ കേന്ദ്രവിഷയം. ഞങ്ങൾ വളരെയധികം ആത്മവിശ്വാസത്തോടെയാണ് മുന്നോട്ടുപോകുന്നത്, ശിവൻകുട്ടി പറഞ്ഞു.
നേമത്തെ വികസന വിപ്ലവങ്ങൾ
വരുന്ന തെരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർഥിത്വം നേമത്ത് ഒരു സ്വാധീനവും സൃഷ്ടിക്കില്ലെന്ന് മന്ത്രി ഉറപ്പിച്ചു പറയുന്നു. കേന്ദ്രമന്ത്രി എന്ന നിലയിൽ സംസ്ഥാനത്തിനും മണ്ഡലത്തിനും രാജീവ് ചന്ദ്രശേഖർ നൽകിയ സംഭാവനകളെക്കുറിച്ച് അറിയാൻ ശ്രമിച്ചിരുന്നു. കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി എന്ന നിലയിൽ അദ്ദേഹം കേരളത്തിനോ നേമത്തിനോ വേണ്ടി എന്താണ് ചെയ്തതെന്ന ചോദ്യമാണ് മന്ത്രി മുന്നോട്ടുവെച്ചത്.
എന്നാൽ എൽഡിഎഫ് വലിയ നേട്ടങ്ങളാണ് നാടിന് മുന്നിൽ സമർപ്പിച്ചത്. തൊഴിൽ പരിശീലനത്തിനായി 'സിംഗിൾ വിൻഡോ സിസ്റ്റം' തുടങ്ങിയ സംരംഭങ്ങളെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ആഗോള തൊഴിലവസരങ്ങൾ സുഗമമാക്കുന്നതിനായി സർക്കാർ ഏജൻസിയായ കെഎഎസ്ഇ (KASE) റിക്രൂട്ട്മെന്റ് ലൈസൻസ് നേടിയതും ഗോയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടുമായി ധാരണാപത്രം ഒപ്പുവെച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ജർമനിയിലെ ഹെസൻ സംസ്ഥാനവുമായുള്ള സഹകരണവും 9,000 കോടി രൂപയുടെ 'നെക്സ്റ്റ്ജെൻ' നിക്ഷേപവും സ്റ്റാർട്ടപ്പുകളെ ഉത്തേജിപ്പിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിജയം മുന്നിൽക്കണ്ട് എൽഡിഎഫ്
സ്വർണ മോഷണക്കേസ് വിഷയമോ ചില മണ്ഡലങ്ങളിലെ വിമത സിപിഐ(എം) സ്ഥാനാർത്ഥികളുടെ സാന്നിധ്യമോ പാർട്ടിയുടെ തിളക്കം കുറയ്ക്കില്ലെന്ന് മന്ത്രി ഉറപ്പിച്ചു പറയുന്നു. ഈ ഘടകങ്ങളൊന്നും എൽഡിഎഫിന്റെ വിജയത്തെ ബാധിക്കില്ല. കേരളത്തിൽ ഏറ്റവുമധികം പിന്തുണയുള്ള സഖ്യമാണ് എൽഡിഎഫ്. വികസനവും സാമൂഹിക ക്ഷേമവുമാണ് ഈ തെരഞ്ഞെടുപ്പിന്റെ ഗതി നിർണ്ണയിക്കുക. കെട്ടിച്ചമച്ച വിവാദങ്ങളെയോ അപ്രധാന ഘടകങ്ങളെയോ എൽഡിഎഫിന് ഭയപ്പെടേണ്ടതില്ല, മന്ത്രി വ്യക്തമാക്കി.
നേമത്തെ വികസന പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞ മന്ത്രി, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 900 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കുകയോ പൂർത്തീകരണഘട്ടത്തിൽ എത്തുകയോ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. ഈ റെക്കോർഡ് വെറും അക്കങ്ങളല്ല, നേമത്തെ ഒരു മാതൃകാ മണ്ഡലമാക്കുമെന്ന ഞങ്ങളുടെ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണ്, ശിവൻകുട്ടി കൂട്ടിച്ചേർത്തു.
നേമത്ത് കോൺഗ്രസിന്റെ സ്ഥാനം
മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ മത്സരിച്ചപ്പോൾ പോലും നേമത്ത് കോൺഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു. വോട്ടെണ്ണൽ കഴിയുമ്പോൾ ശബരീനാഥൻ കുറച്ച് ബുദ്ധിമുട്ടുമെന്നും മന്ത്രി പരിഹസിച്ചു.
നാൾവഴിയും നിലനിൽപ്പും
2016-ൽ മുതിർന്ന നേതാവ് ഒ. രാജഗോപാൽ വിജയിച്ചതോടെയാണ് ബിജെപിക്ക് കേരള നിയമസഭയിൽ ആദ്യമായി അക്കൗണ്ട് തുറക്കാൻ കഴിഞ്ഞത്. എന്നാൽ 2021-ലെ തെരഞ്ഞെടുപ്പിൽ 3,949 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ശിവൻകുട്ടി സീറ്റ് തിരിച്ചുപിടിച്ചു. ഇത്തവണയും ശിവൻകുട്ടിയെ തന്നെ സ്ഥാനാർത്ഥിയാക്കിയത് പാർട്ടി തീരുമാനമാണെന്നും, മന്ത്രി എന്ന നിലയിലുള്ള പ്രകടനവും മണ്ഡലത്തിലെ വികസനവുമാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR