'മുഖ്യമന്ത്രി എനിക്ക് ചെറ്റ എന്ന് പേരിട്ടു, ഇങ്ങനെയുള്ള ആളുകൾ അധികാരത്തിൽ തുടരണോ?'; ആഞ്ഞടിച്ച് ജി. സുധാകരൻ
Alapuzha, 23 മാര്ച്ച് (H.S.) ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ വീണ്ടും രംഗത്ത്. മുഖ്യമന്ത്രി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും ഭരണഘടനാ വിരുദ്ധമായ പദപ്രയോഗങ്ങള
'മുഖ്യമന്ത്രി എനിക്ക് ചെറ്റ എന്ന് പേരിട്ടു, ഇങ്ങനെയുള്ള ആളുകൾ അധികാരത്തിൽ തുടരണോ?'; ആഞ്ഞടിച്ച് ജി. സുധാകരൻ


Alapuzha, 23 മാര്ച്ച് (H.S.)

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ വീണ്ടും രംഗത്ത്. മുഖ്യമന്ത്രി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും ഭരണഘടനാ വിരുദ്ധമായ പദപ്രയോഗങ്ങളാണ് അദ്ദേഹം നടത്തുന്നതെന്നും സുധാകരൻ ആരോപിച്ചു. യുഡിഎഫിന്റെ അമ്പലപ്പുഴ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ജനറൽ ബോഡി യോഗത്തിൽ സംസാരിക്കവേയാണ് സുധാകരൻ പിണറായി വിജയനെതിരെ ആഞ്ഞടിച്ചത്.

വിവാദമായ 'ചെറ്റ' പ്രയോഗം

കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജി. സുധാകരൻ കാണിച്ചത് 'ചെറ്റത്തരമാണ്' എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് സുധാകരൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി എനിക്ക് പുതിയൊരു പേരിട്ടു, 'ചെറ്റ' എന്ന്. ഏറ്റവും പാവപ്പെട്ടവർ താമസിക്കുന്ന ചെറ്റപ്പുരയിൽ കഴിയുന്നവരെയാണ് ഈ പ്രയോഗത്തിലൂടെ അദ്ദേഹം അപമാനിച്ചത്. ഭാഷയുടെ അർത്ഥതലങ്ങൾ മനസിലാക്കാതെയാണ് മുഖ്യമന്ത്രി ഈ പദം ഉപയോഗിച്ചത്. എന്നാൽ താൻ അദ്ദേഹത്തെ തിരിച്ച് അങ്ങിനെ ഒന്നും വിളിക്കാൻ ആഗ്രഹിക്കുന്നില്ല, സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രിക്ക് യോഗ്യതയില്ലെന്ന് വിമർശനം

എല്ലാവിഭാഗം ജനങ്ങളും അധിവസിക്കുന്ന കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു പ്രയോഗം നടത്താൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ പിണറായി വിജയൻ യോഗ്യനല്ലെന്നും ഇത്തരം പദപ്രയോഗങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇങ്ങനെയുള്ള ആളുകൾ അധികാരത്തിൽ തുടരണോ എന്ന് ജനങ്ങൾ ഗൗരവമായി ചിന്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പാർട്ടിക്കുള്ളിലെ അപചയം

സിപിഎമ്മിലെയും പോഷക സംഘടനകളിലെയും നിലവിലെ അവസ്ഥയെയും സുധാകരൻ രൂക്ഷമായി വിമർശിച്ചു. എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും ഇന്ന് നല്ല നേതാക്കളില്ല. മുൻകാലങ്ങളിൽ എസ്എഫ്ഐയുടെ നേതൃനിര കണ്ട് കെഎസ്യുക്കാർ പോലും അസൂയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് നാലാളറിയുന്ന ആരും ഡിവൈഎഫ്ഐയിൽ ഇല്ലെന്ന് അദ്ദേഹം പരിഹസിച്ചു.

പാർട്ടി പ്രവർത്തകർ കള്ളുഷാപ്പിലിരുന്ന് തന്നെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഏരിയ സെക്രട്ടറി കള്ളുഷാപ്പിലിരുന്ന് എന്റെ തന്തയ്ക്ക് വിളിക്കുന്നു. പാർട്ടിക്കാർ സോഷ്യൽ മീഡിയയിലൂടെ എനിക്കെതിരെ പോസ്റ്റുകളിടുന്നു. വരുംകാലത്ത് ഈ പ്രസ്ഥാനത്തെ നയിക്കാൻ പ്രാപ്തിയുള്ള ആളുകൾ ഇല്ലാതെ വരുമെന്നും സുധാകരൻ ആശങ്ക പ്രകടിപ്പിച്ചു.

യുഡിഎഫിന് ഗുണകരമാകും

പിണറായി വിജയന്റെ ഇത്തരം നിലപാടുകൾ കോൺഗ്രസിന് ഗുണകരമാകുമെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസിന് സന്തോഷിക്കാം, പിണറായി വിജയൻ അവർക്ക് ആളെക്കൂട്ടിത്തരും. അദ്ദേഹം അവർക്കായി വോട്ടു പിടിച്ചു തരും, അദ്ദേഹം പരിഹസിച്ചു. ചിന്താശേഷിയില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നതെന്നും ചിന്തിക്കുന്ന ഒരു സമൂഹത്തിന് മാത്രമേ നിലനിൽപ്പുള്ളൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അമ്പലപ്പുഴയിലെ യുഡിഎഫ് വേദികളിൽ സുധാകരൻ സജീവമായത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. പാർട്ടിയുമായി അകന്നുനിൽക്കുന്ന സുധാകരൻ, തിരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രിയെ നേരിട്ട് ലക്ഷ്യം വെക്കുന്നത് ഇടതുമുന്നണിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News