എഫ്സിആര്എ ലൈസന്സ് പുതുക്കിയില്ലെങ്കില് ആസ്തികള് സര്ക്കാരിന് വില്ക്കാം; ഭേദഗതി ബില് ഉടന്
New delhi, 24 മാര്‍ച്ച് (H.S.) ന്യൂഡല്‍ഹി : നിശ്ചിത സമയപരിധിക്കുള്ളില്‍ എഫ്‌സിആര്‍എ (വിദേശ സംഭാവന നിയന്ത്രണ നിയമം) ലൈസന്‍സ് പുതുക്കി ലഭിക്കാതിരിക്കുകയോ റദ്ദായ ലൈസന്‍സ് പുനഃസ്ഥാപിക്കപ്പെടാതിരിക്കുകയോ ചെയ്താല്‍ സംഭാവന ഉപയോഗിച്ച് വികസിപ്പിച്ച ആസ്തികള
INDIA US TRADE LOK SABHA RUCKUS


New delhi, 24 മാര്‍ച്ച് (H.S.)

ന്യൂഡല്‍ഹി : നിശ്ചിത സമയപരിധിക്കുള്ളില്‍ എഫ്‌സിആര്‍എ (വിദേശ സംഭാവന നിയന്ത്രണ നിയമം) ലൈസന്‍സ് പുതുക്കി ലഭിക്കാതിരിക്കുകയോ റദ്ദായ ലൈസന്‍സ് പുനഃസ്ഥാപിക്കപ്പെടാതിരിക്കുകയോ ചെയ്താല്‍ സംഭാവന ഉപയോഗിച്ച് വികസിപ്പിച്ച ആസ്തികള്‍ കേന്ദ്രസര്‍ക്കാരിന് സ്ഥിരമായി ഏറ്റെടുക്കാന്‍ വ്യവസ്ഥ വരുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (എഫ്‌സിആര്‍എ) ഇതടക്കമുള്ള നിര്‍ണായക ഭേദഗതികള്‍ വരുത്താനുള്ള ബില്‍ വരും ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.

ഇത്തരത്തില്‍ സ്ഥിരമായി ഏറ്റെടുക്കുന്ന ആസ്തികള്‍ കേന്ദ്രസര്‍ക്കാരിന് വില്‍ക്കുകയോ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറുകയോ ചെയ്യാം. വിറ്റുകിട്ടുന്ന പണം സര്‍ക്കാരിന്റെ സഞ്ചിതനിധിയിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ആസ്തിയുടെ യഥാര്‍ഥ ഉടമസ്ഥരേഖയില്ലാതെ പോലും സര്‍ക്കാരിന് ഇത് കൈമാറ്റം ചെയ്യാന്‍ അധികാരമുണ്ടാകും. നിലവിലെ നിയമത്തില്‍ താല്‍ക്കാലികമായി ഏറ്റെടുക്കാനും പ്രവര്‍ത്തിപ്പിക്കാനും മാത്രമാണ് അധികാരമുള്ളത്.

ഏറ്റെടുക്കുന്ന ആസ്തികളില്‍ ആരാധനാലയങ്ങളുണ്ടെങ്കില്‍ അതിന്റെ സ്വഭാവം മതപരമായ സ്വഭാവം മാറ്റില്ല. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ നിശ്ചിതയാളുകളെ നിയോഗിക്കും. സര്‍ക്കാര്‍ നിയോഗിക്കുന്ന പ്രത്യേക അതോറിറ്റിയാകും ഇവയെല്ലാം ചെയ്യുക. എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കപ്പെടുക, സറണ്ടര്‍ ചെയ്യുക, കാലഹരണപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ആസ്തികള്‍ ഏറ്റെടുക്കുന്നത്. റദ്ദാക്കപ്പെടുകയോ സറണ്ടര്‍ ചെയ്യപ്പെടുകയോ ചെയ്യുമ്പോള്‍ ആസ്തികള്‍ താല്‍ക്കാലികമായി ഏറ്റെടുക്കാന്‍ മാത്രമാണ് നിലവില്‍ വ്യവസ്ഥയുള്ളത്.

ആദ്യം താല്‍ക്കാലികമായാണ് ഏറ്റെടുക്കുന്നതെങ്കിലും അതോറിറ്റി നിശ്ചയിക്കുന്ന നിശ്ചിത കാലാവധിക്കുള്ളില്‍ ലൈസന്‍സ് പുനഃസ്ഥാപിക്കപ്പെട്ടില്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥിരമായി ഏറ്റെടുക്കും. ഈ സമയപരിധി നിയമത്തില്‍ വ്യക്തമാക്കിയിട്ടില്ല.

വിദേശസംഭാവന ഭാഗികമായി ഉപയോഗിച്ച് നിര്‍മിച്ച ആസ്തിയെങ്കിലും സര്‍ക്കാരിന് ഏറ്റെടുക്കാം. മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള ഫണ്ട് ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വേര്‍തിരിക്കാവുന്ന ആസ്തികളെങ്കില്‍, അവ സ്ഥാപനത്തിന് ക്ലെയിം ചെയ്യാം. ആവശ്യമെങ്കില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി ഏറ്റെടുത്ത് നടത്താനും അതോറിറ്റിക്ക് അധികാരമുണ്ടാകും. നിശ്ചിത സമയപരിധിക്കുള്ളില്‍ ലൈസന്‍സ് തിരികെ ലഭിച്ചാല്‍ ആസ്തികള്‍ തിരികെ കൈമാറും. അതോറിറ്റിക്ക് സിവില്‍ കോടതിയുടെ അധികാരങ്ങളുണ്ടാകും.

ആളുകളെ വിളിച്ചുവരുത്താം, രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടാം, ഒപ്പം തെളിവു ശേഖരിക്കുകയുമാകാം. അതോറിറ്റിയുടെ ഉത്തരവിനെതിരെ 90 ദിവസത്തനുള്ളില്‍ അപ്പീല്‍ നല്‍കാം. അവിടെയും തീര്‍പ്പായില്ലെങ്കില്‍ ജില്ലാ ജഡ്ജിയെ സമീപിക്കാം. വിദേശ സംഭാവന സ്വീകരിക്കാനായി രാജ്യത്ത് നിലവില്‍ 16,000 സ്ഥാപനങ്ങള്‍ക്കാണ് എഫ്‌സിആര്‍എ ലൈസന്‍സ് ഉള്ളത്. പ്രതിവര്‍ഷം 22,000 കോടി രൂപയാണ് ആകെ സംഭാവനയായി എത്തുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News