കോന്നിയിൽ ചോദ്യം ഉന്നയിച്ച ദാസ് പി. ജോർജ് മനസ്സ് തുറക്കുന്നു
Pathanamthitta , 24 മാര്ച്ച് (H.S.) പത്തനംതിട്ട: കോന്നിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ഉന്നയിച്ച സംഭവത്തിൽ വിശദീകരണവുമായി അട്ടച്ചാക്കൽ ഇൻസ്ട്രുമുക്ക് സ്വദേശി ദാസ് പി. ജോർജ്. മുഖ്യമന്ത്രിയുടെ മറുപടിയിൽ
'തെറ്റ് എന്റെ ഭാഗത്താണ്, മുഖ്യമന്ത്രിയുടെ മറുപടിയിൽ വിഷമമില്ല'; കോന്നിയിൽ ചോദ്യം ഉന്നയിച്ച ദാസ് പി. ജോർജ് മനസ്സ് തുറക്കുന്നു


Pathanamthitta , 24 മാര്ച്ച് (H.S.)

പത്തനംതിട്ട: കോന്നിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ഉന്നയിച്ച സംഭവത്തിൽ വിശദീകരണവുമായി അട്ടച്ചാക്കൽ ഇൻസ്ട്രുമുക്ക് സ്വദേശി ദാസ് പി. ജോർജ്. മുഖ്യമന്ത്രിയുടെ മറുപടിയിൽ തനിക്ക് ഒട്ടും വിഷമമില്ലെന്നും, പ്രസംഗം തടസ്സപ്പെടുത്തിയത് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്നും ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

സംഭവം ഇങ്ങനെ

തിങ്കളാഴ്ച വൈകീട്ട് കോന്നിയിൽ നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടയാണ് സദസ്സിലിരുന്ന ദാസ് പി. ജോർജ് എഴുന്നേറ്റ് നിന്ന് സഖാവേ ഒരു ചോദ്യം എന്ന് ചോദിച്ചത്. എന്നാൽ, മുഖ്യമന്ത്രി ഇതിനോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ചോദ്യം വീട്ടിൽ പോയി ചോദിച്ചാൽ മതി എന്നായിരുന്നു പിണറായി വിജയന്റെ മറുപടി. ഈ സംഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും പ്രതിപക്ഷം ഇത് രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തിരുന്നു.

ആവേശം കൊണ്ട് ചോദിച്ചുപോയത്

വികസനത്തെക്കുറിച്ചും കേന്ദ്ര ഫണ്ട് ലഭിക്കാത്തതിനെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചപ്പോൾ ഉണ്ടായ ആവേശത്തിലാണ് താൻ ചോദ്യം ചോദിച്ചതെന്ന് ദാസ് വിശദീകരിച്ചു. പത്തനംതിട്ട അട്ടച്ചാക്കൽ സ്വദേശിയായ ദാസ് വർഷങ്ങളായി സജീവ സിപിഐഎം പ്രവർത്തകനാണ്. മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തി ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നു. അത് പൂർണ്ണമായും എന്റെ തെറ്റാണ്. അദ്ദേഹത്തിന്റെ മറുപടിയിൽ എനിക്ക് ഒരു വിഷമവുമില്ല. പ്രസംഗം അവസാനിക്കുന്നത് വരെ സദസ്സിൽ ഇരുന്ന ശേഷമാണ് ഞാൻ മടങ്ങിയത്, ദാസ് പറഞ്ഞു.

വിവാദവുമായി പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ പ്രതികരണം ജനാധിപത്യ വിരുദ്ധമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സാധാരണക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് ജനാധിപത്യ മര്യാദയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് യുഡിഎഫ് കേന്ദ്രങ്ങളും ആരോപിച്ചു.

എന്നാൽ, ഒരു പൊതുയോഗത്തിനിടെ പ്രസംഗം തടസ്സപ്പെടുത്തി ചോദ്യം ചോദിച്ചാൽ ഇത്തരത്തിലായിരിക്കും മറുപടി ലഭിക്കുകയെന്നും ഇതിൽ അസ്വാഭാവികതയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് വിശദീകരിച്ചു. താൻ പാർട്ടി പ്രവർത്തകനാണെന്നും പാർട്ടിയെയും മുഖ്യമന്ത്രിയെയും തുടർന്നും പിന്തുണയ്ക്കുമെന്നും ദാസ് പി. ജോർജ് ആവർത്തിച്ചു.

---------------

Hindusthan Samachar / Roshith K


Latest News