Enter your Email Address to subscribe to our newsletters

Kochi, 24 മാര്‍ച്ച് (H.S.)
പറവൂര്‍: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിയമസഭാ തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക വരണാധികാരി സ്വീകരിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായ ടൈസന്റെ പ്രതിനിധി അയ്യൂബ് ഖാന്‍ ഉന്നയിച്ച സാങ്കേതിക തടസ്സവാദങ്ങള്‍ തള്ളിക്കൊണ്ടാണ് പത്രിക അംഗീകരിച്ചത്. സതീശന്‍ തന്റെ ആസ്തിവിവരങ്ങള്‍ പൂര്‍ണ്ണമായി വെളിപ്പെടുത്തിയില്ലെന്നും, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഉപയോഗിച്ച ഔദ്യോഗിക വാഹനത്തിന്റെ ട്രാഫിക് നിയമലംഘന പിഴ ഒടുക്കിയില്ലെന്നും ആരോപിച്ചാണ് എതിര്‍പക്ഷം പരാതി നല്‍കിയിരുന്നത്. ഇതിന് തെളിവായി വെബ്സൈറ്റില്‍ നിന്നുള്ള രസീതുകളും അവര്‍ ഹാജരാക്കിയിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ വാദങ്ങള്‍ കൂടി കേട്ട വരണാധികാരി, ഇരുവിഭാഗത്തോടും രേഖാമൂലം വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഈ വാദപ്രതിവാദങ്ങള്‍ പരിശോധിച്ച ശേഷമാണ് പത്രിക സ്വീകരിക്കാന്‍ തീരുമാനിച്ചത്.
അതേസമയം, വി.ഡി. സതീശന് വെല്ലുവിളിയായി മണ്ഡലത്തില്‍ അപരസ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യവും ഉറപ്പായിട്ടുണ്ട്. കൈതാരം സ്വദേശിയായ കെ.ബി. സതീശന്റെ പത്രികയും വരണാധികാരി സ്വീകരിച്ചു. കെ.ബി. സതീശന്‍ പോക്സോ കേസ് പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നെങ്കിലും, കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചിട്ടില്ലെന്ന പ്രതിനിധിയുടെ വാദം വരണാധികാരി അംഗീകരിക്കുകയായിരുന്നു. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും കെ.ബി. സതീശന്‍ മത്സരരംഗത്ത് തുടരുകയാണെങ്കില്‍, അത് വി.ഡി. സതീശന് അപര ഭീഷണി ഉയര്‍ത്തും.
ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‌ദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കുശേഷം സ്വീകരിച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങള് ഉള്‌പ്പെടുത്തിയിട്ടില്ലെന്ന് കോണ്ഗ്രസ് ഉന്നയിച്ച പരാതി വരണാധികാരി തള്ളി. നേരത്തെ പത്രിക സ്വീകരിക്കണമോ എന്ന കാര്യത്തില് തീരുമാനമെടുക്കാനായി മാറ്റിവെച്ചിരുന്നു.
രാജീവ് ചന്ദ്രശേഖര് ബെംഗളൂരുവിലെ 200 കോടിയുടെ സ്വത്തു വിവരങ്ങള് മറച്ചുവച്ചുവെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാര്ഥി കെ.എസ്.ശബരീനാഥന്. സൂക്ഷ്മപരിശോധനയില് പത്രിക തള്ളണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. ഇതോടെ പത്രിക പരിഗണിക്കുന്നതു മാറ്റിവച്ചു. നാമനിര്‌ദേശ പത്രികയ്‌ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തില് 200 കോടി രൂപയുടെ സ്വത്തിന്റെ വിവരങ്ങള് രാജീവ് ചന്ദ്രശേഖര് മറച്ചുവച്ചുവെന്നു ശബരീനാഥന് പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്കുമെന്നും ശബരീനാഥന് വ്യക്തമാക്കി. ആരോപണം അടിസ്ഥാനരഹിതമാണെന്നും കോണ്ഗ്രസ് കോടതിയെ സമീപിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര് പറഞ്ഞു.
എല്ലാ തിരഞ്ഞെടുപ്പിനു മുന്പും വ്യക്തിപരമായി ആക്രമിക്കുന്നത് കോണ്ഗ്രസിന്റെ പതിവാണ്. സിപിഎമ്മും ബിജെപിയും ഡീലാണെന്ന് ആദ്യം അവര് പറഞ്ഞു. അതു ഫലിക്കുന്നില്ലെന്ന് കണ്ടപ്പോള് എന്നെ ആക്രമിക്കുകയാണ്. ജനങ്ങള് ആഗ്രഹിക്കുന്നത് വിവാദങ്ങളല്ല. വികസനം കൊണ്ടുവരാനുള്ള കരുത്താണ്. അതു കോണ്ഗ്രസിനില്ല. ഇപ്പോള് ഉന്നയിക്കുന്നതു പൂര്ണമായും കള്ളത്തരമാണെന്നും രാജീവ് ചന്ദ്രശേഖര് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S