Enter your Email Address to subscribe to our newsletters

Thrishur, 24 മാര്ച്ച് (H.S.)
തൃശൂർ: തൃപ്രയാറിൽ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിവന്ന യുവതിയെ പോലീസ് പിടികൂടി. പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മിയെയാണ് (30) തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഏകദേശം രണ്ടേക്കാൽ കിലോ ഹഷിഷ് ഓയിൽ പിടിച്ചെടുത്തു.
രഹസ്യ ഇടപാടുകൾ വാടകവീട് കേന്ദ്രീകരിച്ച്
തൃപ്രയാറിലെ ഒരു ജിംനേഷ്യത്തിൽ ജീവനക്കാരിയായിരുന്നു ശ്രീലക്ഷ്മി. ഇതിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിലായിരുന്നു ഇവരുടെ ലഹരി ഇടപാടുകൾ. കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട് കേന്ദ്രീകരിച്ചാണ് വിൽപന നടത്തിയിരുന്നത്. പൊതുവേ സംശയം തോന്നാത്ത രീതിയിൽ പെരുമാറിയിരുന്ന ഇവർ, താൻ നേരിട്ട് അറിയുന്ന വിശ്വസ്തരായ ഉപഭോക്താക്കൾക്ക് മാത്രമാണ് ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്നത്.
പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്ന്
രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ രണ്ടേക്കാൽ കിലോ ഹഷിഷ് ഓയിലിന് പുറമെ ലഹരിവിൽപനയുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കളും കണ്ടെടുത്തു. ഹഷിഷ് ഓയിൽ ചില്ലറ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 50 ചെറിയ പ്ലാസ്റ്റിക് കുപ്പികളും, വിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 90,500 രൂപയും പ്രതിയുടെ പക്കൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അന്വേഷണം വിപുലമാക്കി പോലീസ്
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സേനയും വലപ്പാട് പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ശ്രീലക്ഷ്മിക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്ന പ്രധാന കണ്ണിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഈ ലഹരി ശൃംഖലയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കി.
നാർക്കോട്ടിക് സെൽ ഡിവൈഎസ്പി അബ്ദുൽ സലാം, വാടാനപ്പള്ളി ഐഎസ്എച്ച്ഒ മാത്യു, വലപ്പാട് എസ്ഐ എബിൻ, ഡാൻസാഫ് എസ്ഐമാരായ സി.ആർ പ്രദീപ്, ഷൈൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
---------------
Hindusthan Samachar / Roshith K