കടൽജീവികളെ തിരിച്ചറിയാനും അവയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ നൽകാനും സഹായിക്കുന്ന എ.ഐ അധിഷ്ഠിത ചാറ്റ്ബോട്ട് വികസിപ്പിച്ച് സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് ആൻഡ് ഇക്കോളജി
Thiruvananthapuram , 25 മാര്ച്ച് (H.S.) കടൽജീവികളെ തിരിച്ചറിയാനും അവയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ നൽകാനും സഹായിക്കുന്ന എ.ഐ അധിഷ്ഠിത ചാറ്റ്ബോട്ട് വികസിപ്പിച്ച് സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് ആൻഡ് ഇക്കോളജിയിലെ (CMLRE) ഗവേഷകർ. ''ടാക്സോബോട്ട്'
MARINE RESEARCH


Thiruvananthapuram , 25 മാര്ച്ച് (H.S.)

കടൽജീവികളെ തിരിച്ചറിയാനും അവയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ നൽകാനും സഹായിക്കുന്ന എ.ഐ അധിഷ്ഠിത ചാറ്റ്ബോട്ട് വികസിപ്പിച്ച് സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് ആൻഡ് ഇക്കോളജിയിലെ (CMLRE) ഗവേഷകർ. 'ടാക്സോബോട്ട്' എന്ന് പേരിട്ടിട്ടുള്ള ഈ ചാറ്റ്ബോട്ട് ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണെന്ന് ഗവേഷകർ അവകാശപ്പെടുന്നു.

മറൈൻ ടാക്സോണമി: ഗവേഷണങ്ങൾക്ക് വേഗത വർധിക്കും

സമുദ്രത്തിലെ വൈവിധ്യമാർന്ന ജീവജാലങ്ങളെ തിരിച്ചറിയുന്നതും അവയെ ശാസ്ത്രീയമായി വർഗീകരിക്കുന്നതും മറൈൻ ടാക്സോണമി എന്ന ശാസ്ത്രശാഖയുടെ ഭാഗമാണ്. ഈ മേഖലയിലെ ഗവേഷണ പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും നടത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ടാക്സോബോട്ട് (TAXOBOT).

കടൽജീവികളെ തിരിച്ചറിയാനും അവയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ നൽകാനും ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ചാറ്റ്ബോട്ടിന് കഴിയുമെന്ന് ഗവേഷക സംഘാംഗവും സി.എം.എൽ.ആർ.ഇ.യിലെ പ്രോജക്ട് സയന്റിസ്റ്റുമായ രേഷ്മ ബാബുരാജ് മാധ്യമങ്ങളോട് പറഞ്ഞു.

തെറ്റായ വിവരങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവ്

കടൽജീവികളെ കൃത്യമായി തിരിച്ചറിയുന്നതിനായി സാധാരണയായി വിഷയവിദഗ്ധരായ ശാസ്ത്രജ്ഞരുടെ സേവനം ആവശ്യമാണ്. എന്നാൽ ഇത്തരത്തിലുള്ള വിദഗ്ധരുടെ ലഭ്യത പരിമിതമായതും, ജീവികളെ നേരിട്ട് പരിശോധിച്ച് തിരിച്ചറിയുന്ന പ്രക്രിയ സമയനഷ്ടവും വലിയ ചെലവും വരുത്തുന്നതുമാണ്. കൂടാതെ, സാധാരണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ പലപ്പോഴും ശാസ്ത്രീയ വിവരങ്ങളിൽ തെറ്റായതോ അടിസ്ഥാനരഹിതമായതോ ആയ മറുപടികൾ നൽകുന്നതായും കാണപ്പെടുന്നു.

ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി റിട്രീവൽ ഓഗ്മെന്റഡ് ജനറേഷൻ (Retrieval-Augmented Generation - RAG) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടാക്സോബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അംഗീകൃത ഗവേഷണ പ്രബന്ധങ്ങളും ശാസ്ത്രീയ ഡാറ്റാബേസുകളും അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ മാത്രം ഉപയോഗിക്കുന്നതിനാൽ, കൃത്യത ഉറപ്പാക്കാനും തെറ്റായ വിവരങ്ങൾ ഒഴിവാക്കാനും ഇതിന് സാധിക്കുന്നു. നിലവിൽ അഞ്ഞൂറോളം കടൽജീവികളുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങൾ ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കടൽജീവിയെ തിരിച്ചറിയും; ശാസ്ത്രീയ വിവരങ്ങൾ നൽകും

ഒരു കടൽജീവിയുടെ ശാരീരിക പ്രത്യേകതകൾ ഉപയോക്താവ് ടൈപ്പ് ചെയ്ത് നൽകിയാൽ, അതിന്റെ അടിസ്ഥാനത്തിൽ ജീവിയെ തിരിച്ചറിയാനും ശാസ്ത്രീയ വിവരങ്ങൾ ലഭ്യമാക്കാനും ടാക്സോബോട്ടിന് കഴിയും.

വിദ്യാർഥികൾക്കും ഗവേഷകർക്കും അധ്യാപകർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിൽ വെബ് ആപ്ലിക്കേഷനായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതുവഴി മറൈൻ ടാക്സോണമി മേഖലയിലെ പഠനത്തിനും ഗവേഷണത്തിനും കൂടുതൽ കാര്യക്ഷമതയും സൗകര്യവും ലഭ്യമാക്കുകയാണ് ലക്ഷ്യം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News