ദുബായ് എയര്പോര്ട്ട് യാത്രക്കാര്ക്കു സര്പ്രൈസായി നല്കിയ സമ്മാനപ്പൊതികള്; നന്ദി പറഞ്ഞ് കുറിപ്പും
Dubai , 25 മാര്ച്ച് (H.S.) പശ്ചിമേഷ്യയിലെ സംഘര്ഷങ്ങള് കാരണം ഫ്രെബ്രുവരി 28 മുതല് അന്താരാഷ്ട്ര വിമാനങ്ങള് റദ്ദാക്കുന്നതും യാത്രകള് തടസപ്പെടുന്നതും പതിവായിരിക്കുകയാണ്. ഇത് പ്രവാസികള്ക്കും അവരുടെ ഉറ്റവര്ക്കും വിനോദ സഞ്ചാരികള്ക്കും വലിയ പിരിമുറുക്കമാ
Dubai international airport


Dubai , 25 മാര്ച്ച് (H.S.)

പശ്ചിമേഷ്യയിലെ സംഘര്ഷങ്ങള് കാരണം ഫ്രെബ്രുവരി 28 മുതല് അന്താരാഷ്ട്ര വിമാനങ്ങള് റദ്ദാക്കുന്നതും യാത്രകള് തടസപ്പെടുന്നതും പതിവായിരിക്കുകയാണ്.

ഇത് പ്രവാസികള്ക്കും അവരുടെ ഉറ്റവര്ക്കും വിനോദ സഞ്ചാരികള്ക്കും വലിയ പിരിമുറുക്കമാണ് ഉണ്ടാക്കുന്നത്. അനിശ്ചിതമായി വിമാന യാത്രകള് റദ്ദാക്കേണ്ടി വരുന്നത് വിമാനക്കമ്പനികള്ക്കും വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവച്ചിരിക്കുന്നത്.

എന്നാല് ഈ പ്രതിസന്ധിക്കിടയിലും യാത്രക്കാരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാന് ശ്രദ്ധേയമായൊരു നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്ക്ക് ചെറിയ സുവനീര് പായ്ക്കുകള് സമ്മാനമായി നല്കിയാണ് അധികൃതര് അവരെ സ്വീകരിക്കുന്നത്. വെറുമൊരു സമ്മാനമെന്നതിലുപരി, പ്രയാസകരമായ സാഹചര്യത്തില് യാത്രക്കാര് കാണിച്ച ക്ഷമയ്ക്ക് നന്ദി പറയുക കൂടിയാണ് ദുബായ് എയര്പോര്ട്ട് ഇതിലൂടെ ചെയ്യുന്നത്.

യാത്രക്കാര്ക്ക് നല്കുന്ന ഈ കുഞ്ഞു സമ്മാന പൊതികളില് മനോഹരമായ കീ ചെയിനുകള്, ദുബായ് പ്രമേയത്തിലുള്ള മാഗ്നറ്റുകള്, ചിത്രങ്ങള് എന്നിവയ്ക്കൊപ്പം ഹൃദയസ്പര്ശിയായ ഒരു കുറിപ്പും ഉള്പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനില്ക്കുന്ന സവിശേഷ സാഹചര്യം ക്ഷമയോടെ കൈകാര്യം ചെയ്തതിന് ഓരോ യാത്രക്കാരോടും ദുബായ് നഗരം നന്ദി പറയുന്നതായാണ് ഈ കുറിപ്പില് ഉള്ളത്. സന്ദര്ശകരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള് എപ്പോഴും മുന്ഗണന നല്കുന്നതെന്നും, മടക്കയാത്ര സുരക്ഷിതമാകട്ടെയെന്നും കുറിപ്പ് ആശംസിക്കുന്നു. വിമാനത്താവള ജീവനക്കാരുടെ ഈ കരുതല് യാത്രക്കാര്ക്ക് വലിയ ആശ്വാസമാണ് പകരുന്നത്.

വിമാനത്താവളത്തില് നിന്ന് ലഭിച്ച ഈ അപ്രതീക്ഷിത സമ്മാനങ്ങളുടെ ചിത്രങ്ങള് ഇപ്പോള് സോഷ്യല് മീഡിയയില് തരംഗമാവുകയാണ്. ദുബായ് തന്നെ അത്ഭുതപ്പെടുത്തുന്നത് ഇതാദ്യമല്ലെന്നും, എന്തുകൊണ്ടാണ് ഈ നഗരം എല്ലാവര്ക്കും പ്രിയപ്പെട്ടതാകുന്നതെന്ന് ഇത്തരം പ്രവര്ത്തികള് തെളിയിക്കുന്നുവെന്നും പലരും ഇന്സ്റ്റാഗ്രാമിലും മറ്റും കുറിച്ചു. സമൂഹ മാധ്യമങ്ങളില് വലിയ പ്രചാരണമാണ് ദുബായ് എയര്പോര്ട്ട് നല്കിയ സമ്മാനപ്പൊതികള്ക്കു ലഭിക്കുന്നത്. തങ്ങളുടെ മാതാപിതാക്കളെ വിമാനത്താവളത്തില് വിടാന് വന്നവര്ക്കും ഇത്തരം സമ്മാനങ്ങള് ലഭിച്ചത് നന്ദിയോടെയാണ് അവര് പങ്കുവെക്കുന്നത്. പിരിമുറുക്കം നിറഞ്ഞ ഒരു യാത്രയെ മനോഹരമായ ഒരു ഓര്മ്മയാക്കി മാറ്റാന് ദുബായ് എയര്പോര്ട്ടിന്റെ ഈ കൊച്ചു സമ്മാനങ്ങള്ക്ക് സാധിച്ചതായും അവര് പറയുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News