സനോജ് മിശ്രക്കെതിരെ വെളിപ്പെടുത്തലുമായി കുംഭമേള വൈറൽ താരം
Ernakulam, 25 മാര്ച്ച് (H.S.) സിനിമ ചിത്രീകരണത്തിനിടെ സംവിധായകനിൽനിന്ന് നേരിട്ട മോശം അനുഭവങ്ങൾ വെളിപ്പെടുത്തി യുവനടി. കഴിഞ്ഞ വർഷം ഉത്തരേന്ത്യയിൽ നടന്ന കുംഭമേളയിൽ പങ്കെടുത്തതിലൂടെയാണ് ഈ പെൺകുട്ടി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയത്. ഇതിന് പിന്നാലെയാണ് സ
monalisa


Ernakulam, 25 മാര്ച്ച് (H.S.)

സിനിമ ചിത്രീകരണത്തിനിടെ സംവിധായകനിൽനിന്ന് നേരിട്ട മോശം അനുഭവങ്ങൾ വെളിപ്പെടുത്തി യുവനടി. കഴിഞ്ഞ വർഷം ഉത്തരേന്ത്യയിൽ നടന്ന കുംഭമേളയിൽ പങ്കെടുത്തതിലൂടെയാണ് ഈ പെൺകുട്ടി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയത്. ഇതിന് പിന്നാലെയാണ് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. എന്നാൽ ആദ്യ സിനിമയുടെ സെറ്റിലുണ്ടായ ദുരനുഭവങ്ങളാണ് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇവർ തുറന്നുപറഞ്ഞത്. സംവിധായകൻ സനോജ് മിശ്ര പലതവണ മോശമായി പെരുമാറിയെന്നും അവർ വ്യക്തമാക്കി.

പതിനെട്ട് വയസ്സ് തികയുന്നതിന് മുമ്പാണ് സിനിമ സെറ്റിൽ സംവിധായകനിൽനിന്ന് ദുരനുഭവമുണ്ടായത്. പലതവണ മോശമായി ശരീരത്തിൽ സ്പർശിച്ചു. ഈ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ സംവിധായകൻ തനിക്കെതിരെ അനാവശ്യ ആരോപണങ്ങൾ കെട്ടിച്ചമച്ചെന്നും നടി പറഞ്ഞു. സെറ്റിൽ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് വീട്ടുകാരോട് പലതവണ പറഞ്ഞിരുന്നു.

എന്നാൽ കരിയറിൻ്റെ തുടക്കമായതിനാൽ വീട്ടുകാർ ഇത് കാര്യമാക്കിയില്ല. അതിനാൽ അന്ന് മറ്റാരോടും ഇക്കാര്യം പറയാൻ സാധിച്ചില്ല. സംഭവത്തിന് ശേഷം മാനസികമായി തളർന്നു. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു. എന്നാൽ ഭർത്താവ് നൽകിയ പിന്തുണയാണ് ഇപ്പോൾ കാര്യങ്ങൾ തുറന്നുപറയാൻ ധൈര്യം നൽകിയതെന്നും നടി വിശദീകരിച്ചു.

ഗൂഢാലോചനയുമായി സംവിധായകൻ

നീതിക്കായി പോരാടാൻ ഭർത്താവാണ് ധൈര്യം പകർന്നത്. വിവാഹശേഷം സംവിധായകൻ തനിക്കെതിരെ പല ആരോപണങ്ങളും ഉന്നയിച്ചു. തൻ്റെ വിവാഹത്തിൽ അസന്തുഷ്ടനായ സനോജ് മിശ്ര സത്യം മറച്ചുവയ്ക്കാനാണ് ഇത്തരത്തിൽ പെരുമാറുന്നത്. തനിക്കും ഭർത്താവിനുമെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

ഭർത്താവിനെ തീവ്രവാദിയായി മുദ്രകുത്താനാണ് ശ്രമിക്കുന്നതെന്നും വിവാഹശേഷം നിരവധി ആരോപണങ്ങൾ നേരിടുന്നുണ്ടെന്നും ദമ്പതികൾ വ്യക്തമാക്കി. താനൊരു മുസ്ലിം യുവാവായതുകൊണ്ടാണ് പല ആരോപണങ്ങളും ഉന്നയിക്കപ്പെടുന്നതെന്ന് നടിയുടെ ഭർത്താവ് ആരോപിച്ചു. വ്യാജ ആരോപണങ്ങളിൽ കുടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിയമനടപടിക്ക് ഒരുങ്ങുന്നുസംവിധായകനിൽനിന്ന് നേരിട്ട അതിക്രമങ്ങൾക്കെതിരെ ഔദ്യോഗികമായി പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ദമ്പതികൾ. നിലവിൽ കേരളത്തിലുള്ള ഇവർ വൈകാതെ നാട്ടിലേക്ക് മടങ്ങുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. തങ്ങൾക്ക് ജീവന് ഭീഷണിയുള്ളതിനാൽ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരും കേരള, മധ്യപ്രദേശ് സംസ്ഥാന സർക്കാരുകളും അടിയന്തരമായി ഇടപെട്ട് സഹായിക്കണമെന്നും ഇരുവരും അഭ്യർഥിച്ചു. സിനിമാ മോഹവുമായി എത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് സംവിധായകൻ മോശമായി പെരുമാറുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് ആരോപിച്ച നടി, തനിക്ക് എത്രയും വേഗം നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടു.

കേരളത്തിൽവച്ച് വിവാഹംരണ്ടാഴ്ച മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വൈറൽ വിഡിയോയിലൂടെ ശ്രദ്ധനേടിയ യുവതിയും യുവാവും കേരളത്തിലെത്തിയാണ് വിവാഹിതരായത്. തിരുവനന്തപുരം പൂവാറിനടുത്തുള്ള അരുമാനൂർ നൈനാർ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. ഗുരുദേവ പ്രതിഷ്ഠയ്ക്ക് മുന്നിൽ നടന്ന ചടങ്ങിൽ കേരളത്തിലെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. എന്നാൽ ഇരുവരുടെയും വിവാഹത്തിന് പിന്നാലെ ലൗ ജിഹാദ് ആരോപണങ്ങളും പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങളും നടന്നിരുന്നു. ഈ രണ്ട് ആരോപണങ്ങളും തള്ളിക്കളഞ്ഞുകൊണ്ടാണ് ഇരുവരും ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് ദമ്പതികളുടെ തീരുമാനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News