മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പികെ ജയലക്ഷ്മിയുടെ ആരോപണങ്ങളോട് പ്രതികരിച്ച് മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാർഥി ഉഷ വിജയൻ
Wayanad , 25 മാര്ച്ച് (H.S.) മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പികെ ജയലക്ഷ്മിയുടെ ആരോപണങ്ങളോട് പ്രതികരിച്ച് മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാർഥി ഉഷ വിജയൻ. സ്വന്തം പാർട്ടിയിലെ പ്രാദേശിക നേതാക്കൾക്കെതിരെ ജയലക്ഷ്മി ഉന്നയിച്ച വഞ്ചന ആരോപണങ്ങൾ അനാവശ്യമാണെന്
Usha Vijayan


Wayanad , 25 മാര്ച്ച് (H.S.)

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പികെ ജയലക്ഷ്മിയുടെ ആരോപണങ്ങളോട് പ്രതികരിച്ച് മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാർഥി ഉഷ വിജയൻ. സ്വന്തം പാർട്ടിയിലെ പ്രാദേശിക നേതാക്കൾക്കെതിരെ ജയലക്ഷ്മി ഉന്നയിച്ച വഞ്ചന ആരോപണങ്ങൾ അനാവശ്യമാണെന്ന് ഉഷ വിജയൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഇത്തരം പ്രസ്താവനകൾ ഒഴിവാക്കേണ്ടതായിരുന്നു. എങ്കിലും ഈ വിവാദം യുഡിഎഫിനെ കൂടുതൽ ഒറ്റക്കെട്ടാക്കാൻ സഹായിച്ചുവെന്നും അവർ വ്യക്തമാക്കി.

വഞ്ചന ആരോപണം

കഴിഞ്ഞ ദിവസമാണ് പികെ ജയലക്ഷ്മി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഏപ്രിൽ ഒമ്പതിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ച വെള്ളമുണ്ടയിൽ യുഡിഎഫ് കൺവെൻഷൻ നടന്നിരുന്നു. ഇതിൽ സംസാരിക്കവെയാണ് താൻ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടത് പ്രാദേശിക നേതാക്കളുടെ വഞ്ചന കൊണ്ടാണെന്ന് അവർ ആരോപിച്ചത്. 2016, 2021 നിയമസഭ തെരഞ്ഞെടുപ്പുകളിൽ മാനന്തവാടി മണ്ഡലത്തിൽ ചില നേതാക്കൾ തനിക്കെതിരെ പ്രവർത്തിച്ചുവെന്നും ജയലക്ഷ്മി തുറന്നടിച്ചു. മാനന്തവാടി മണ്ഡലത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ കോളിളക്കമാണ് ഈ പ്രസ്താവന ഉണ്ടാക്കിയത്. നേതൃത്വം വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.

പ്രതികരണവുമായി സ്ഥാനാർഥിഈ സംഭവത്തെക്കുറിച്ച് അറിവില്ലെന്നാണ് ഉഷ വിജയൻ വാർത്ത ചാനലിനോട് പ്രതികരിച്ചത്. ആരോപണങ്ങൾ ശരിയാണോ എന്ന് പരിശോധിച്ചിട്ടില്ലെന്നും ജയലക്ഷ്മി അവരുടെ അനുഭവം പങ്കുവച്ചതാണെന്നും അവർ പറഞ്ഞു. ഇത്തവണ അത്തരം സംഭവങ്ങൾ ഉണ്ടാകില്ല. ജയലക്ഷ്മിയുടെ വാക്കുകൾ മുന്നണിക്ക് തിരിച്ചടിയാകില്ലെന്നും യുഡിഎഫിനെ കൂടുതൽ ഒന്നിപ്പിക്കാൻ അത് ഊർജം നൽകുമെന്നും ഉഷ വിജയൻ വ്യക്തമാക്കി. പാർട്ടിയിൽനിന്ന് വഞ്ചന ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. യുഡിഎഫ് പ്രവർത്തകർ ഇത്തവണ ഒറ്റക്കെട്ടായി പ്രവർത്തിക്കും. 2011ൽ പികെ ജയലക്ഷ്മിക്ക് ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2011ൽ 12,000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയലക്ഷ്മിയുടെ വിജയം. അന്ന് ഉമ്മൻചാണ്ടി സർക്കാരിൽ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു അവർ.

രാഷ്ട്രീയ പോരാട്ടം2016ലും 2021ലും എൽഡിഎഫ് സ്ഥാനാർഥിയായ ഒആർ കേളുവിനോടാണ് ജയലക്ഷ്മി മാനന്തവാടിയിൽ പരാജയപ്പെട്ടത്. നിലവിലെ മന്ത്രിയായ ഒആർ കേളു ഉഷ വിജയൻ്റെ ബന്ധു കൂടിയാണ്. എന്നാൽ തങ്ങൾക്കിടയിൽ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണുള്ളതെന്നും വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും ഉഷ വിജയൻ വ്യക്തമാക്കി. ഗോത്ര വിഭാഗങ്ങൾക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് മാനന്തവാടി. അതുകൊണ്ടുതന്നെ ഇരുമുന്നണികളും വലിയ പ്രാധാന്യമാണ് ഈ തെരഞ്ഞെടുപ്പിന് നൽകുന്നത്.

10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ ജനങ്ങൾ മടുത്തിരിക്കുകയാണെന്നും അവർ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ഉഷ വിജയൻ പറഞ്ഞു. അതിനാൽ ഇത്തവണ മാനന്തവാടിയിൽ യുഡിഎഫ് വിജയിക്കും. രാഷ്ട്രീയത്തിൽ വന്നില്ലായിരുന്നെങ്കിൽ ഏതെങ്കിലും സാധാരണ സർക്കാർ ജോലിക്ക് ശ്രമിക്കുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News