Enter your Email Address to subscribe to our newsletters

Kochi, 25 മാര്‍ച്ച് (H.S.)
മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്ന് 2016-ലെ പ്രകടനപത്രികയില്‍ ഉറപ്പു നല്‍കിയിട്ട് 29 ബാറുകളുണ്ടായിരുന്നത് 1000 ആക്കിയ നേതാവാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആ പിണറായി വിജയന് മദ്യ നയത്തെ കുറിച്ച് യു.ഡി.എഫിനെ പഠിപ്പിക്കാന്‍ വരേണ്ടെന്നും സതീശന്‍ പറഞ്ഞു.
സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്നാണ് പറവൂരില്‍ അപര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. ഇതിന് മുന്‍പും അവര്‍ അത് ചെയ്തിട്ടുണ്ട്.നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് ഉന്നര്‍ന്ന ആക്ഷേപങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. അഭിഭാഷകനാണെന്ന് രേഖപ്പെടുത്തിയിട്ട് വരുമാനം കാണിച്ചില്ലെന്നതായിരുന്നു ആദ്യ ആക്ഷേപം. 25 വര്‍ഷമായി പ്രാക്ടീസ് ചെയ്യാത്ത ആള്‍ എങ്ങനെയാണ് വരുമാനം കാണിക്കുന്നത്. അത് എന്തൊരു വിഡ്ഢിത്തം നിറഞ്ഞ വാദമാണ്. ഔദ്യോഗിക വാഹനത്തിന്റെ ഫൈന്‍ അടച്ചില്ലെന്നതാണ് രണ്ടാമത്തെ വാദം. ആ കാറിന് ഒരു ബാധ്യതയും ഇല്ലെന്ന എന്‍.ഒ.സി വാഹന ഉടമയായ ടൂറിസം വകുപ്പ് നല്‍കിയിട്ടുണ്ട്. പുതിയ കാര്‍ നല്‍കിയ ശേഷം ടൂറിസം ഏറ്റെടുത്ത പഴയ കാര്‍ ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയില്‍ ഇരിക്കുമ്പോഴാണ് ആ കാറിന് ഫൈന്‍ വന്നത്. ആ ഫൈന്‍ ഞാന്‍ എന്തിനാണ് നല്‍കുന്നത്? പരാതികളെല്ലാം അസംബന്ധമായതു കൊണ്ടാണ് വരണാധികാരി തള്ളിക്കളഞ്ഞത്. സ്വര്‍ണത്തിന്റെ വില കാണിച്ചില്ലെന്നതായിരുന്നു മറ്റൊരു ആരോപണം. സ്വര്‍ണം എത്രയുണ്ടെന്നും അതിന്റെ വാങ്ങിയ വില എത്രയെന്നും കൃത്യമായി സത്യവാങ്മൂലത്തിലുണ്ടായിരുന്നു. അഡീഷണല്‍ സത്യവാങ്മൂലത്തില്‍ സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ് വിലയും കാണിച്ചിട്ടുണ്ട്. നാമനിര്‍ദ്ദേശ പത്രികയില്‍ ഇമ്മൂവബില്‍ പ്രോപ്പര്‍ട്ടിയുടെ മാര്‍ക്കറ്റ് വില മാത്രമാണ് ചോദിച്ചിട്ടുള്ളത്. മൂവബിള്‍ പ്രോപ്പര്‍ട്ടിയുടെ മാര്‍ക്കറ്റ് വില ചോദിച്ചിട്ടില്ല. എന്നിട്ടും വാങ്ങിയ വിലയും ഇപ്പോഴത്തെ വിലയും നല്‍കിയിട്ടുണ്ട്. ഇന്‍കം ടാക്സ് റിട്ടേണ്‍സ് ശരിയല്ലെന്നതാണ് മറ്റൊരു വാദം. അത് ശരിയല്ലെങ്കില്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്റാണ് നോട്ടീസ് നല്‍കേണ്ടത്. അലവന്‍സ് വരുമാനമല്ല, സാലറിയാണ് വരുമാനമെന്നതാണ് ഇന്‍കംടാക്സ് ആക്ട്. അതനുസരിച്ചാണ് ടാക്സ് നല്‍കേണ്ടത്. അബദ്ധങ്ങള്‍ നിറഞ്ഞ കാരണങ്ങളാണ് എതിര്‍ സ്ഥാനാര്‍ത്ഥി ഉന്നയിച്ചത്. അതിന് മറുപടി നല്‍കാന്‍ വരണാധികാരി സമയവും അനുവദിച്ചു. അതിനിടെ എല്ലാവരും ചേര്‍ന്ന് വി.ഡി സതീശന്റെ പത്രക തള്ളുമോ എന്ന് ചര്‍ച്ചയാക്കി. ആദ്യമായല്ല നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നത്. മുഖ്യമന്ത്രിയും ഞാനും തമ്മില്‍ ആസ്തിയില്‍ വ്യത്യാസമുണ്ടായിരിക്കാം. എന്റെയും ഭാര്യയുടെയും പേരിലുള്ളത് തലമുറകളായി കൈമാറി വന്ന പൂര്‍വികസ്വത്താണ്. അത് ചിലപ്പോള്‍ അദ്ദേഹത്തിന് ഉണ്ടാകില്ല. അതില്‍ എന്താണ് തെറ്റ്. എന്നേക്കാള്‍ ആസ്തിയുള്ള എത്രയോ പേര്‍ സി.പി.എമ്മിലുണ്ട്. മുഖ്യമന്ത്രിയുടെ സ്വത്ത് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉണ്ടാക്കിയതും എന്റേത് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഉണ്ടാക്കിയതും അല്ലല്ലോ എന്നും സതീശന്‍ ചോദിച്ചു.
ബി.ജെ.പിയുടെ പ്രചാരണം എങ്ങോട്ടാണ് പോകുന്നതെന്ന് അവര്‍ക്ക് തന്നെ അറിയില്ല. അവര്‍ മത്സരിക്കുന്നു പോലുമില്ല. അവര്‍ സി.പി.എമ്മുമായി ധാരണയിലാണ്. ഡീല്‍ മറച്ചുവയ്ക്കാനാണ് സി.പി.എം മറ്റ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തരുതെന്ന് ആഗ്രഹിക്കുന്നവരാണ് ബി.ജെ.പിക്കാര്‍. ഒരു സംസ്ഥാനത്ത് കൂടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്താതിരിക്കാനാണ് അവര്‍ സി.പി.എമ്മുമായി ധാരണയില്‍ എത്തിയിരിക്കുന്നത്.
വികസനവുമായി ബന്ധപ്പെട്ട സംവാദത്തിന് ഞങ്ങള്‍ എല്ലാവരും തയാറാണ്. മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ലക്ഷത്തി പതിനായിരം കോടി രൂപ കിഫ്ബി ചെലവഴിച്ചെന്ന കള്ളപ്രചരണമാണ് സര്‍ക്കാര്‍ നടത്തുന്നത്. മുപ്പത്തി എണ്ണായിരത്തി അറുനൂറ്റി അറുപത്തിയാറ് കോടി മാത്രമെ ചെലവഴിച്ചിട്ടുള്ളൂ. അതു തന്നെ ബജറ്റില്‍ നീക്കി വയ്ക്കുന്ന പണമാണ്.
പാര്‍ട്ടി വിട്ടവരെയും പാര്‍ട്ടിയില്‍ ചോദ്യം ചോദിക്കുന്നവരെയും വര്‍ഗ വഞ്ചകരെന്നും കുലംകുത്തിയെന്നും പറഞ്ഞ് 52 വെട്ടുവെട്ടി കൊല്ലുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സി.പി.എം. അവര്‍ തകര്‍ച്ചയിലേക്ക് പോകുകയാണ്. ഇത്രമാത്രം സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ഒന്നിച്ച് പാര്‍ട്ടി വിട്ട കാലം കേരളത്തിലുണ്ടായിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S