Enter your Email Address to subscribe to our newsletters

Newdelhi, 25 മാര്ച്ച് (H.S.)
ന്യൂഡൽഹി: പതിറ്റാണ്ടുകളായി കോൺഗ്രസ് രാഷ്ട്രീയത്തിന്റെ സിരാകേന്ദ്രമായിരുന്ന 24 അക്ബർ റോഡിലെ പാർട്ടി ആസ്ഥാനം ഒഴിയാൻ കേന്ദ്ര സർക്കാർ നോട്ടീസ് നൽകി. ഐ.വൈ.സി (യൂത്ത് കോൺഗ്രസ്) പ്രവർത്തിക്കുന്ന 5 റൈസീന റോഡിലെ ഓഫീസിനും ഒഴിപ്പിക്കൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. മാർച്ച് 28-നകം ഈ കെട്ടിടങ്ങൾ വിട്ടുനൽകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഐ.ടി.ഒയ്ക്ക് സമീപമുള്ള പുതിയ ആസ്ഥാനമായ 'ഇന്ദിരാ ഭവനിലേക്ക്' കോൺഗ്രസ് പ്രവർത്തനം ഭാഗികമായി മാറ്റിയെങ്കിലും, വൈകാരികവും രാഷ്ട്രീയവുമായ പ്രാധാന്യം കണക്കിലെടുത്ത് അക്ബർ റോഡിലെ ഓഫീസ് പാർട്ടി നിലനിർത്തിപ്പോരുകയായിരുന്നു. എന്നാൽ ഇത്തവണ സർക്കാർ നിലപാട് കടുപ്പിച്ചതോടെ കോൺഗ്രസ് നേതൃത്വം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ്
കേന്ദ്ര സർക്കാരിന്റെ ഈ നീക്കം നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്വി വിമർശിച്ചു. ഈ നടപടിക്കെതിരെ നിയമപരമായ എല്ലാ വഴികളും തേടുമെന്ന് അദ്ദേഹം വ്യക്തമാക്കി. അക്ബർ റോഡിലെ വസ്തു പാർട്ടിയുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും, നിലവിൽ മാർക്കറ്റ് റേറ്റ് അനുസരിച്ചുള്ള വാടക കൃത്യമായി അടയ്ക്കുന്നുണ്ടെന്നും പാർട്ടി ഭാരവാഹികൾ അവകാശപ്പെട്ടു.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഈ കെട്ടിടങ്ങൾ മുതിർന്ന എംപിമാരുടെ പേരിൽ അനുവദിച്ച് കിട്ടാൻ കോൺഗ്രസ് ശ്രമം നടത്തിയിരുന്നുവെങ്കിലും അത് വിജയിച്ചിരുന്നില്ല. എന്നാൽ റൈസീന റോഡിലെ ബംഗ്ലാവ് യുവജന സംഘടനയുടെ പേരിൽ അനുവദിച്ചതാണെന്നാണ് പാർട്ടിയുടെ വാദം.
നിയമപോരാട്ടത്തിന് പാർട്ടി
മുൻകാലങ്ങളിൽ ലഭിച്ച നോട്ടീസുകളേക്കാൾ ഗൗരവകരമാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് പാർട്ടി നേതാക്കൾ സമ്മതിക്കുന്നു. മാർച്ച് 28 എന്ന സമയപരിധിക്കുള്ളിൽ കോടതിയെ സമീപിക്കാനോ അതല്ലെങ്കിൽ കൂടുതൽ സമയം സർക്കാരിനോട് ആവശ്യപ്പെടാനോ ആണ് കോൺഗ്രസ് ആലോചിക്കുന്നത്.
മറ്റൊരു പ്രധാന നീക്കം എന്ന നിലയിൽ, ഏതെങ്കിലും മുതിർന്ന നേതാവിനെ രാജ്യസഭയിലേക്ക് എത്തിച്ച് അവരുടെ പേരിൽ ഈ ബംഗ്ലാവുകൾ അലോട്ട് ചെയ്യിക്കാനുള്ള സാധ്യതകളും പാർട്ടി പരിശോധിക്കുന്നുണ്ട്. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇത്തരമൊരു നീക്കം പ്രായോഗികമാണോ എന്ന ആശങ്കയും നിലനിൽക്കുന്നു.
അക്ബർ റോഡ് എന്ന വിലാസം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കേവലം ഒരു ഓഫീസ് മാത്രമല്ല, മറിച്ച് പാർട്ടിയുടെ ചരിത്രമുറങ്ങുന്ന ഇടം കൂടിയാണ്. ഈ ഒഴിപ്പിക്കൽ നോട്ടീസ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമരുന്നിടുമെന്നുറപ്പാണ്. കേന്ദ്ര സർക്കാരിന്റെ 'അഗ്രസീവ്' നിലപാടിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം.
---------------
Hindusthan Samachar / Roshith K