Enter your Email Address to subscribe to our newsletters

Kerala, 25 മാര്ച്ച് (H.S.)
മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിൽ നിൽക്കുന്ന മലപ്പുറം ജില്ലയിലെ തവനൂർ മണ്ഡലത്തിൽ വേറിട്ടൊരു വാഗ്ദാനവുമായി മുസ്ലിം ലീഗ് നേതാവ് രംഗത്ത്. യുഡിഎഫ് സ്ഥാനാർത്ഥിയായ വി.എസ്. ജോയിക്ക് മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷം നേടിത്തരുന്ന ബൂത്ത് കമ്മിറ്റികൾക്കും പ്രവർത്തകർക്കും സൗജന്യ വിദേശയാത്ര നൽകുമെന്നാണ് പ്രഖ്യാപനം. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജിയാണ് ഈ കൗതുകകരമായ വാഗ്ദാനം മുന്നോട്ട് വെച്ചിരിക്കുന്നത്.
തവനൂരിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിടെയായിരുന്നു പ്രവർത്തകരെ ആവേശത്തിലാഴ്ത്തിയ ഈ പ്രഖ്യാപനം.
വി.എസ്. ജോയിക്ക് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന ബൂത്തുകളിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങൾക്കും സജീവ പ്രവർത്തകർക്കുമായി 15 ദിവസത്തെ ഗൾഫ് യാത്രയാണ് ബാവ ഹാജി സ്പോൺസർ ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പ്രവർത്തകർക്കിടയിൽ കൂടുതൽ ആവേശം നിറയ്ക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് പാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഇനി തമാശയും കളിയുമൊന്നുമില്ല. വോട്ട് ചെയ്യലും ചെയ്യിക്കലും മാത്രമാണ് ഇനി മുന്നിലുള്ള ലക്ഷ്യം. വി.എസ്. ജോയിക്ക് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന ബൂത്തിന് വിദേശയാത്ര സ്പോൺസർ ചെയ്യും, എന്ന് സി.പി. ബാവ ഹാജി കൺവെൻഷനിൽ പറഞ്ഞു. തവനൂർ മണ്ഡലത്തിൽ ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന പേരുകളിൽ ഒന്നായിരുന്നു സി.പി. ബാവ ഹാജിയുടേത്. എന്നാൽ പിന്നീട് വി.എസ്. ജോയിയെ സ്ഥാനാർത്ഥിയായി നിശ്ചയിക്കുകയായിരുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിന് ശേഷം മണ്ഡലത്തിൽ യുഡിഎഫ് പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ 'ഓഫർ'.
ഇടതുപക്ഷത്തിന്റെ കോട്ടയായി കരുതപ്പെടുന്ന തവനൂരിൽ ഇത്തവണ കടുത്ത പോരാട്ടമാണ് നടക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ.ടി. ജലീലിനെതിരെയാണ് വി.എസ്. ജോയി മത്സരിക്കുന്നത്. കഴിഞ്ഞ തവണ നേരിയ വോട്ടുകൾക്ക് കൈവിട്ട മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് യുഡിഎഫ് ക്യാമ്പ്. ഈ സാഹചര്യത്തിൽ താഴെത്തട്ടിലുള്ള പ്രവർത്തകരെ സജീവമാക്കാൻ വിദേശയാത്ര പോലുള്ള വാഗ്ദാനങ്ങൾ സഹായിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.
അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇത്തരത്തിൽ വിദേശയാത്രകൾ വാഗ്ദാനം ചെയ്യുന്നത് പെരുമാറ്റച്ചട്ട ലംഘനമാകുമോ എന്ന ചർച്ചകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്. വോട്ടർമാരെ സ്വാധീനിക്കാൻ ഇത്തരം പാരിതോഷികങ്ങൾ പ്രഖ്യാപിക്കുന്നത് ശരിയായ കീഴ്വഴക്കമല്ലെന്ന് എതിർപക്ഷത്തുള്ളവർ ആരോപിക്കുന്നു. എന്നാൽ ഇത് പ്രവർത്തകർക്കുള്ള പ്രോത്സാഹനം മാത്രമാണെന്നാണ് ലീഗ് നേതാക്കളുടെ നിലപാട്. സോഷ്യൽ മീഡിയയിലും ഈ 'ഓഫർ' വലിയ ചർച്ചയായിട്ടുണ്ട്. വിദേശയാത്ര വാഗ്ദാനം വോട്ടായി മാറുമോ എന്നാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്.
---------------
Hindusthan Samachar / Roshith K