Enter your Email Address to subscribe to our newsletters

Chennai , 26 മാര്ച്ച് (H.S.)
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സൂപ്പർതാരം വിജയ്യുടെ നേതൃത്വത്തില് ടിവികെയും മത്സര രംഗത്തുണ്ട്.
വിജയ് പെരമ്പൂരില് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായതിന് പിന്നാലെ മാറ്റ് ചില വിവാദങ്ങള് പുകയുന്നുണ്ട് ഇപ്പോള്. വിജയ്യെ ജയിപ്പിക്കാൻ എൻഡിഎ അഥവാ ബിജെപി ശ്രമിക്കുന്നുവെന്നും അതിനായി മണ്ഡലത്തില് സ്വാധീനമില്ലാത്ത കക്ഷിക്ക് ഇവിടെ സീറ്റ് നല്കിയെന്നുമുള്ള ആരോപണം ശക്തമാവുകയാണ്.
ഒ റ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിനായുള്ള എൻഡിഎയുടെ സീറ്റ് പങ്കിടല് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സഖ്യത്തിന്റെ നേതൃസ്ഥാനത്തുള്ള എഐഎഡിഎംകെയും ബിജെപിയും വിജയിയുമായി ഒരു നേരിട്ടുള്ള പോരാട്ടത്തില് നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നു എന്ന സൂചന ലഭിക്കുന്നത്. പുതിയ സീറ്റ് പങ്കിടല് ഫോർമുല അനുസരിച്ച്, ബിജെപി 27 മണ്ഡലങ്ങളിലും, പട്ടാളി മക്കള് കച്ചി (പിഎംകെ) 18 മണ്ഡലങ്ങളിലും, അമ്മ മക്കള് മുന്നേറ്റ കഴകം (എഎംഎംകെ) 11 മണ്ഡലങ്ങളിലും മത്സരിക്കും.
മറ്റ് ചെറിയ സഖ്യകക്ഷികള്ക്ക് ശേഷിക്കുന്ന സീറ്റുകള് നല്കും. സഖ്യത്തിന്റെ തലവനായ എഐഎഡിഎംകെ ജനറല് സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി, തന്റെ പാർട്ടി ബാക്കിയുള്ള 169 സീറ്റുകളില് നേരിട്ട് മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചെന്നൈയിലെ പേരമ്പൂർ മണ്ഡലത്തില് നിന്ന് വിജയ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. എന്നാല് ഈ മണ്ഡലത്തില് എഐഎഡിഎംകെ നേരിട്ട് മത്സരിക്കാതെ, സഖ്യകക്ഷിയായ പിഎംകെക്ക് സീറ്റ് വിട്ടുകൊടുത്തു.
വടക്കൻ ചെന്നൈയില് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കൊളത്തൂർ നിയമസഭാ മണ്ഡലത്തോട് ചേർന്നുള്ള, പരമ്പരാഗതമായി ഡിഎംകെക്ക് സ്വാധീനമുള്ള പേരമ്പൂർ മണ്ഡലത്തില് വിജയ്യെ ജയിപ്പിക്കാൻ എൻഡിഎ സഖ്യം രഹസ്യമായി സഹായിക്കുന്നു എന്ന ആരോപണത്തിനാണ് ഇതോടെ കളമൊരുങ്ങിയിരിക്കുന്നത്. ഇത് വലിയ ചർച്ചകള്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
നേരത്തെ തന്നെ വിജയ്യെ എൻഡിഎ പാളയത്തില് എത്തിക്കാൻ ശ്രമങ്ങള് നടന്നിരുന്നുവെന്നാണ് റിപ്പോർട്ടുകള് സൂചിപ്പിക്കുന്നത്. അതിനായി ഉപമുഖ്യമന്ത്രി പദവും 80 സീറ്റുകളും വാഗ്ദാനം ചെയ്തെങ്കിലും നടൻ താല്പര്യം കാട്ടിയിരുന്നില്ല. ഈ ചർച്ചകള്ക്ക് ചുക്കാൻ പിടിച്ചതാകട്ടെ ബിജെപി ആയിരുന്നു. നിലവില് പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പിന് ശേഷം വിജയ്യെ ആവശ്യം വന്നേക്കുമെന്ന് ചില അഭിപ്രായ പ്രകടങ്ങള് ഉയരുന്നുണ്ട്.
അതായത് നേരിട്ടുള്ള സഖ്യം ഇല്ലെങ്കിലും തങ്ങളുടെ മുന്നണിയോ പാർട്ടിയോ ശക്തമല്ലാത്ത ഇടങ്ങളില് എല്ലാം ടിവികെയ്ക്ക് പൂർണ പിന്തുണ നല്കി കൊണ്ട് സീറ്റുകള് പരമാവധി ഡിഎംകെയില് നിന്ന് അകറ്റുകയെന്നതാണ് എഐഎഡിഎംകെയുടെ ശ്രമമെന്നാണ് അറിയാൻ കഴിഞ്ഞത്. അതിന്റെ കൂടെ വിജയ്യെ ഡിഎംകെ കോട്ടയില് ജയിക്കാൻ സഹായിക്കുക കൂടി ചെയ്താല് അത് ഗുണം ചെയ്യുമെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു.
അണ്ണാമലൈക്ക് സീറ്റില്ല?
അതിനിടെ കോയമ്പത്തൂരിലെ സിങ്കനെല്ലൂർ മണ്ഡലത്തില് മത്സരിക്കാൻ താല്പ്പര്യം പ്രകടിപ്പിച്ചിരുന്ന മുൻ ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈക്ക് സീറ്റ് നിഷേധിക്കപ്പെട്ടു. ഈ സീറ്റ് ബിജെപിക്ക് അനുവദിച്ചില്ല. കഴിഞ്ഞ ദിവസം കോയമ്പത്തൂരില് നിന്ന് ചെന്നൈയിലെത്തിയ അണ്ണാമലൈ, ബിജെപിയുടെ തമിഴ്നാട് തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പിന്നീട് മാധ്യമങ്ങളോട് സംസാരിച്ചപ്പോള്, നിരാശ പ്രകടമാക്കിയ അണ്ണാമലൈ പറഞ്ഞതിങ്ങനെ: 'ഞാൻ ആരോടും സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. ഞാൻ ഒരു പാർട്ടി പ്രവർത്തകനായി എന്റെ ജോലി ചെയ്യുന്നു' എന്നായിരുന്നു. പാർട്ടി നേതൃത്വം നിർദ്ദേശിക്കുകയാണെങ്കില് മത്സരിക്കുമോ എന്ന ചോദ്യത്തിന്, അദ്ദേഹം ഒഴിഞ്ഞുമാറുകയും നമുക്ക് പിന്നീട് അതിനെക്കുറിച്ച് സംസാരിക്കാം എന്ന് പറഞ്ഞ് മടങ്ങുകയും ചെയ്യുകയായിരുന്നു.
അതിനിടെ സീറ്റ് പങ്കിടല് പ്രകാരം ബിജെപിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണത്തില് കാര്യമായ വർധനവുണ്ടായിട്ടുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില് അന്നത്തെ എഐഎഡിഎംകെ സഖ്യത്തിന്റെ ഭാഗമായി ബിജെപി 20 സീറ്റുകളിലാണ് മത്സരിച്ചത്. അന്ന് നാഗർകോവില്, മൊടക്കൂരിച്ചി, കോയമ്പത്തൂർ സൗത്ത്, തിരുനെല്വേലി എന്നിവിടങ്ങളില് നിന്ന് അവർക്ക് നാല് സീറ്റുകള് നേടാനായി. ഇത്തവണ പാർട്ടിക്ക് 27 സീറ്റുകളാണ് ലഭിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR