സംസ്ഥാനത്തെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടിയില് കുറ്റമറ്റ രീതിയില് വോട്ടെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള് ആരംഭിച്ചു.
Idukki , 26 മാര്ച്ച് (H.S.) സംസ്ഥാനത്തെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടിയില് കുറ്റമറ്റ രീതിയില് വോട്ടെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള് ആരംഭിച്ചു. മൂന്ന് ബൂത്തുകളാകും ഇടമലക്കുടിയില് വോട്ടിങിനായി ക്രമീകരിക്കുക. ഹോം പോളിങിനായുള്ള പ്രവര്ത്തനങ്ങള് ഉടനാരംഭ
Idamalakkudi


Idukki , 26 മാര്ച്ച് (H.S.)

സംസ്ഥാനത്തെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടിയില് കുറ്റമറ്റ രീതിയില് വോട്ടെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള് ആരംഭിച്ചു. മൂന്ന് ബൂത്തുകളാകും ഇടമലക്കുടിയില് വോട്ടിങിനായി ക്രമീകരിക്കുക. ഹോം പോളിങിനായുള്ള പ്രവര്ത്തനങ്ങള് ഉടനാരംഭിക്കുമെന്നും വന്യമൃഗശല്യം, നെറ്റ്വർക്ക് പ്രശ്നം എന്നിവ മറികടക്കുന്നതിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും ദേവികുളം സബ് കലക്ടര് വി എം ആര്യ പറഞ്ഞു.

ഇടമലക്കുടിയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സജ്ജീകരണങ്ങളും നടന്നുവരികയാണ്. മൂന്ന് ബൂത്തികളാണ് ഇടമലക്കുടിയിലുള്ളത്. സൊസൈറ്റിക്കുടി, മുളകുതറക്കുടി, പരപ്പയാർക്കുടി എന്നിങ്ങനെ. ഇവിടങ്ങളിൽ ഹോംപോളിങിനായുള്ള ആൾക്കാരുടെ അപേക്ഷകൾ വാങ്ങിയിട്ടുണ്ട്. ഹോംപോളിങിനുള്ള ടീമുകൾ ഉടനെതന്നെ ആവശ്യമുള്ള സജ്ജീകരണങ്ങൾ ചെയ്യുന്നതാണ്. മികച്ച ഉദ്യോഗസ്ഥരെയാണ് ചുനതലപ്പെടുത്തുന്നത്.

കഴിഞ്ഞ വർഷത്തേപ്പോലെ എല്ലാ വിധ സജ്ജീരണങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവിൽ നെറ്റുവർക്ക് പ്രശ്നം ഇല്ലാ എന്നാണ് ബിഎസ്എൻഎൽ അറിയിച്ചിരിക്കുന്നത്. ഇനി ഉണ്ടെങ്കിൽത്തന്നെ അത് വയർലെസ് സെറ്റുകൾ ഉപയോഗിച്ച് ക്രമീകരിക്കുന്നതാണ്. മറ്റ് പ്രശ്നങ്ങളൊന്നും തന്നെ ഇതുവരെ ഉന്നയിക്കപ്പെട്ടിട്ടില്ല. വന്യമൃഗ ശല്യത്തിനെതിരെ ആർആർടിയുടെ സേവനം ഉണ്ടായിരിക്കുന്നതാണ്, എന്ന് ദേവികുളം സബ് കലക്ടര് വി എം ആര്യ പറഞ്ഞു.

സംസ്ഥാനത്തെ ഏക ഗോത്ര പഞ്ചായത്താണ് ഇടമലക്കുടി. രാജമല പെട്ടിമുടിയില് നിന്ന് 17 കിലോമീറ്റര് ഉള്വനത്തിലാണ് ഇടമലക്കുടി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മൂന്നാര് ഗ്രാമപഞ്ചായത്തിൻ്റെ ഒരു വാര്ഡായിരുന്നു ഇടമലക്കുടി. 2010 ല് പഞ്ചായത്തായി മാറി. വനത്തിനുള്ളില് സ്ഥിതി ചെയ്യുന്ന ഇടമലക്കുടിയില് കുറ്റമറ്റ രീതിയില് വോട്ടെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള് പുരോഗമിക്കുകയാണ്. 14 വാര്ഡുകളാണ് ഇടമലക്കുടി പഞ്ചായത്തില് ഉള്ളത്. 1800 ലധികം വോട്ടര്മാര് ഇടമലക്കുടി പഞ്ചായത്തിലുണ്ട്. 800 ലധികം സ്ത്രീ വോട്ടര്മാരും 900 ത്തിലധികം പുരുഷ വോട്ടര്മാരുമാണ് ഇടമലക്കുടി പഞ്ചായത്തിലുള്ളത്.

വർഷങ്ങളായുള്ള വികസന മുരടിപ്പും അടിസ്ഥാന സൗകര്യമില്ലായ്മയും

ആനമുടി സംരക്ഷിത വനമേഖലയിലെ 24 സെറ്റിൽമെന്റുകളിലായി മുതുവാൻ വിഭാഗത്തിൽപ്പെട്ട ഗോത്രവർഗക്കാരാണ് ഇടമലക്കുടിയിലുള്ളത്. സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി രൂപീകൃതമായിട്ട് 15 വർഷം തികഞ്ഞത് കഴിഞ്ഞ നവംബർ ഒന്നിനായിരുന്നു. അടിസ്ഥാന സൗകര്യവികസനത്തിൻ്റെ കാര്യത്തിൽ ഇടമലക്കുടി ഇന്നും സംസ്ഥാനത്തെ ഏറ്റവും പിന്നാക്ക പഞ്ചായത്തായി തുടരുകയാണ്.

മൂന്നാർ പഞ്ചായത്തിലെ ഒന്നാം വാർഡ് മാത്രമായിരുന്ന ഇടമലക്കുടിയെ 2010 നവംബർ ഒന്നിനാണ് സ്വതന്ത്ര പഞ്ചായത്തായി സർക്കാർ പ്രഖ്യാപിച്ചത്. മുതുവാൻ വിഭാഗത്തിൽപെട്ട ആദിവാസി വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഇടമലക്കുടി പഞ്ചായത്ത് രൂപീകരിച്ചത്. ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും താമസിക്കുന്നത് കാട്ടു മരങ്ങളുടെ കമ്പും മണ്ണും പുല്ലും ഉപയോഗിച്ച് നിർമ്മിച്ച വീടുകളിലാണ്. സർക്കാർ ലൈഫ്മിഷൻ പദ്ധതി പ്രകാരം നൂറിലധികം വീടുകൾ അടുത്തിടെ നിർമ്മിച്ചു നൽകി. സ്കൂൾ, ആശുപത്രി, വിവിധ സർക്കാർ ഓഫിസുകൾ എന്നിവ ഇവിടെ ഉണ്ടെങ്കിലും സൗകര്യങ്ങളില്ലാത്ത അവസ്ഥയാണ്.

വിദൂര സെറ്റിൽമെൻ്റുകളിൽ നിന്നും റോഡ് സൗകര്യങ്ങളില്ലാത്തതിനാൽ അടിയന്തിര ഘട്ടങ്ങളിൽ രോഗബാധിതരെ ചുമന്ന് സൊസൈറ്റിയിലെത്തിക്കുകയും, അവിടെനിന്ന് ആംബുലൻസിൽ മൂന്നാറിലെ ആശുപത്രിയിലെത്തിക്കുകയുമാണ് പതിവ്. പെട്ടിമുടിയിൽനിന്ന് പഞ്ചായത്താസ്ഥാനമായ സൊസൈറ്റി കുടിയിലേക്ക് കോൺക്രീറ്റ് റോഡ് നിർമാണം ആരംഭിച്ചെങ്കിലും നിർമ്മാണം നിലച്ചു.

ഗതാഗത സംവിധാനമില്ലാത്തതിനാൽ വിദഗ്ധ ചികിത്സ ലഭിക്കാതെ രോഗികൾ മരിക്കുന്നതും പതിവാണ്. നാലു സെറ്റിൽമെൻ്റുകളിൽ മാത്രമാണ് വൈദ്യുതിയുള്ളത്. പഞ്ചായത്താസ്ഥാനമായ സൊസൈറ്റി കുടിയിൽ മാത്രം മൊബൈൽ റേഞ്ചുണ്ട്. കഴിഞ്ഞ 15 വർഷത്തിനിടയിൽ സർക്കാർ പ്രഖ്യാപിച്ച പ്രഖ്യാപനങ്ങളിൽ 25 ശതമാനം പോലും നാളിതുവരെയായിട്ടും ഇടമലക്കുടിയിൽ നടപ്പായിട്ടില്ല എന്നതാണ് വസ്തുത.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News