Enter your Email Address to subscribe to our newsletters

Ernakulam , 26 മാര്ച്ച് (H.S.)
കളമശേരി എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം. അപകടത്തില് ഒരാള് മരിച്ചു. ബിഹാര് സ്വദേശിയായ ശത്രുജ്ഞന് മുഖ്യയാണ് മരിച്ചത്. ഇയാള് കമ്പനിയിലെ ജീവനക്കാരനാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് (മാര്ച്ച് 26) രാവിലെ 8.30ഓടെയാണ് തീപിടിത്തമുണ്ടായത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയിൽ രാവിലെത്തെ ഷിഫ്റ്റ് ആരംഭിച്ച സമയത്താണ് തീപിടിത്തമുണ്ടായത്. വ്യവസായ മേഖലയിലെ ഓയില് കമ്പനിക്കുള്ളില് നിന്നാണ് തീ പടര്ന്നത്. നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. ഓയിൽ ടാങ്കുകളും മറ്റ് രാസവസ്തുക്കളും ഉള്ളതിനാൽ തീ നിയന്ത്രണ വിധേയമാക്കുന്നത് അഗ്നിശമന സേനയ്ക്ക് വലിയ വെല്ലുവിളിയായി. ദൂരെ കാണാവുന്ന രീതിയിൽ കറുത്ത പുക ആകാശത്തേക്ക് ഉയർന്നത് പ്രദേശവാസികളിൽ വലിയ ഭീതി പടർത്തി. തീപിടിത്തത്തെ തുടർന്ന് എടയാർ മേഖലയിലെ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചു. രക്ഷാപ്രവർത്തനം സുഗമമാക്കാൻ പൊലീസ് പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തി.
ആകാശത്തേക്ക് വലിയ തോതിൽ തീയും കറുത്ത പുകയും ഉയർന്നതോടെയാണ് നാട്ടുകാരും തൊഴിലാളികളും അപകടം ശ്രദ്ധിക്കുന്നത്. പാതാളം റഗുലേറ്റർ കം ബ്രിഡ്ജില് നിന്നും കിലോമീറ്ററുകൾക്ക് അപ്പുറത്ത് നിന്നും കാണാൻ കഴിയുന്നത്ര ഉയരത്തിലാണ് പുക പടർന്നത്. വിവരമറിഞ്ഞയുടൻ ഫയർ ഫോഴ്സിൻ്റെ നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു. കടുത്ത ചൂടും പുകയും വകവയ്ക്കാതെ വെള്ളവും ഫോമും ഉപയോഗിച്ചാണ് സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നത്. സ്ഥാപനത്തിനുള്ളിലെ വലിയ യന്ത്രങ്ങൾക്കും അനുബന്ധ ഉപകരണങ്ങൾക്കുമാണ് പ്രധാനമായും തീപിടിച്ചത്. പെട്ടെന്ന് തീ ആളിപ്പടർന്നത് പ്രദേശവാസികളിലും വ്യവസായ മേഖലയിലെ തൊഴിലാളികളിലും കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചു.
വ്യാപക പരിശോധന: നിരവധി വ്യവസായ ശാലകൾ തിങ്ങിനിറഞ്ഞ പ്രദേശമായതിനാൽ മറ്റ് കെട്ടിടങ്ങളിലേക്കും ഗോഡൗണുകളിലേക്കും തീ പടരാതിരിക്കാനുള്ള ജാഗ്രതാ നിർദേശങ്ങളും മുൻകരുതലുകളും അഗ്നിശമന സേന ആദ്യമേ തന്നെ സ്വീകരിച്ചിരുന്നു. രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന യൂണിറ്റുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലയാണ് എടയാർ. അതിനാൽ തീപിടിത്തം മറ്റ് ശാലകളിലേക്ക് വ്യാപിച്ചിരുന്നെങ്കിൽ വൻ ദുരന്തത്തിന് വഴിവയ്ക്കുമായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണോ സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന കാര്യവും വരും ദിവസങ്ങളിൽ പരിശോധിക്കും. വ്യവസായ വകുപ്പ് അധികൃതരും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയേക്കും. ജില്ല കലക്ടറുടെ നേതൃത്വത്തിൽ അപകടത്തിൻ്റെ വിശദാംശങ്ങൾ വിലയിരുത്താനും സാധ്യതയുണ്ട്.
കാരണം അവ്യക്തം: തീപിടിത്തത്തിൻ്റെ യഥാർഥ കാരണവും എത്രത്തോളം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നുമുള്ള കാര്യങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ അതോ രാസവസ്തുക്കൾക്ക് തീപിടിച്ചതാണോ അപകടത്തിലേക്ക് നയിച്ചതെന്ന കാര്യവും വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ. നിലവിൽ തീ പൂർണമായും അണച്ച് സ്ഥിതിഗതികൾ സുരക്ഷിതമാക്കാനുള്ള അടിയന്തര നടപടികൾക്കാണ് അധികൃതർ മുൻഗണന നൽകുന്നത്. മുമ്പും സമാനമായ രീതിയിൽ എടയാർ വ്യവസായ മേഖലയിൽ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വ്യവസായ ശാലകളിലെ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR