സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി.
Thiruvananthapuram , 26 മാര്ച്ച് (H.S.) സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 60 രൂപ കുറഞ്ഞ് 13,465 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,07,720 രൂപയാണ് ഇന്നത്തെ വിപണി വില. 22 കാരറ്റിന് പുറമെ 18, 14, ഒമ്പത് കാരറ്
Gold rate increased


Thiruvananthapuram , 26 മാര്ച്ച് (H.S.)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 60 രൂപ കുറഞ്ഞ് 13,465 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,07,720 രൂപയാണ് ഇന്നത്തെ വിപണി വില.

22 കാരറ്റിന് പുറമെ 18, 14, ഒമ്പത് കാരറ്റ് സ്വർണത്തിൻ്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ആഗോള വിപണിയിലെ വ്യതിയാനങ്ങൾക്ക് അനുസരിച്ചാണ് സംസ്ഥാനത്തും സ്വർണവില ചാഞ്ചാടുന്നത്. ആഗോളതലത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ് സംഭവിച്ചതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ദിവസങ്ങൾക്ക് മുമ്പ് വലിയ തോതിൽ കുറഞ്ഞ സ്വർണവില പിന്നീട് കുതിച്ചുയർന്നിരുന്നു. ഇതിന് ശേഷമാണ് ഇന്ന് നേരിയ ആശ്വാസമായി വിലയിൽ കുറവ് അനുഭവപ്പെട്ടത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,065 രൂപയും പവന് 88,520 രൂപയുമായി. 14 കാരറ്റ് സ്വർണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 8,620 രൂപയും പവന് 68,960 രൂപയുമായി.

ഒമ്പത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,560 രൂപയും പവന് 44,480 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 250 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 10 ഗ്രാം വെള്ളിക്ക് 2,500 രൂപയാണ് ഇന്നത്തെ വില.

ആഭരണം വാങ്ങാൻ ചെലവേറും

വിപണിയിൽ രേഖപ്പെടുത്തുന്ന സ്വർണവിലയ്ക്ക് പുറമെ പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹാൾമാർക്കിങ് ചാർജ് എന്നിവ കൂടി ചേരുമ്പോഴാണ് ഉപഭോക്താവ് നൽകേണ്ട അന്തിമ വില നിശ്ചയിക്കുന്നത്. ഓരോ ആഭരണത്തിൻ്റെയും ഡിസൈൻ അനുസരിച്ച് പണിക്കൂലിയിൽ കുറഞ്ഞത് അഞ്ച് ശതമാനം മുതൽ വ്യത്യാസമുണ്ടാകും.

ഇതനുസരിച്ച് ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഉപഭോക്താക്കൾക്ക് ഏകദേശം 1.16 ലക്ഷം രൂപയ്ക്ക് അടുത്ത് ചെലവ് വരും. മാർച്ച് 23ന് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആദ്യമായാണ് വില ലക്ഷത്തിൽ നിന്ന് താഴേക്ക് പോയത്. 99,480 രൂപയായിരുന്നു അന്നത്തെ സ്വർണവില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില വീണ്ടും ലക്ഷം കടക്കുകയായിരുന്നു.

രൂപയുടെ മൂല്യവും സ്വർണവിലയും

സ്വർണവില നിശ്ചയിക്കുന്നതിൽ ഡോളർ സൂചിക നിർണായക പങ്കുവഹിക്കുന്നുണ്ട്. ഇന്ന് ഡോളർ സൂചികയിൽ കാര്യമായ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. നിലവിൽ 99.60 എന്ന നിരക്കിലാണ് ഡോളർ സൂചികയുള്ളത്. വ്യാപാരം പുരോഗമിക്കുന്നതിനാൽ വരും മണിക്കൂറുകളിൽ ഡോളർ മുന്നേറാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ രൂപയ്ക്ക് കൂടുതൽ മൂല്യം നഷ്ടപ്പെടും.

ഡോളറിനെതിരെ രൂപയുടെ മൂല്യം 94.11 എന്ന നിലയിലാണിപ്പോൾ. രൂപയുടെ മൂല്യം ഇടിയുന്നത് സ്വർണം ഇറക്കുമതി ചെയ്യുന്നതിന് കൂടുതൽ ചെലവ് വരുത്തും. ഇത് ആഭ്യന്തര വിപണിയിൽ സ്വർണവില വർധിക്കാൻ കാരണമാകും. കൂടാതെ പണപ്പെരുപ്പം, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്കുകളിലെ മാറ്റങ്ങൾ എന്നിവയും സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്.

സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള താത്പര്യം വർധിക്കുന്നതും വിലക്കയറ്റത്തിന് വഴിവെക്കാറുണ്ട്. വിവാഹ സീസൺ ആരംഭിക്കാനിരിക്കെ സ്വർണവിലയിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ സാധാരണക്കാരെയും നിക്ഷേപകരെയും ഒരുപോലെ ബാധിക്കുന്നതാണ്. വരും ദിവസങ്ങളിലും വിപണിയിൽ ഈ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News