Enter your Email Address to subscribe to our newsletters

Thiruvananthapuram,26 മാര്ച്ച് (H.S.)
ഹെൽമറ്റ് ധരിക്കാതെ ബൈക്ക് യാത്ര 2,70,51,150 രൂപ പിഴ ഈടാക്കി..ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി ഒരാഴ്ച നടത്തിയ പരിശോധനയിൽ 51,604 നിയമലംഘനങ്ങൾ കണ്ടെത്തുകയും 2,70,51,150 രൂപ പിഴ ഈടാക്കുകയും ചെയ്തു.
1,13,011 ഇരുചക്ര വാഹനങ്ങളാണ് ഹെൽമെറ്റ് ഓൺ - സേഫ് റൈഡ് എന്ന ഒരാഴ്ച നീണ്ട സ്പെഷ്യൽ ഡ്രൈവിൽ പരിശോധിച്ചത്.
ഇരുചക്ര വാഹനയാത്രയിൽ ഹെൽമറ്റ് ധരിക്കേണ്ടതിൻറെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമായാണ് കേരള പോലീസിൻറെ ട്രാഫിക് ആൻറ് റോഡ് സേഫ്റ്റി മാനേജ്മെൻറ് വിഭാഗം 2026 മാർച്ച് 18 മുതൽ 24 വരെ സംസ്ഥാന വ്യാപകമായി സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.
ഇരുചക്ര വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമാകുന്നതിൽ ഭൂരിഭാഗം പേരും അപകട സമയത്ത് ഹെൽമറ്റ് ധരിച്ചിരുന്നില്ല.
സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളോട് തുടർന്നുള്ള ദിവസങ്ങളിൽ നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ട്രാഫിക് ആൻറ് റോഡ് സേഫ്റ്റി മാനേജ്മെൻറ് ഐ.ജിയുടെ നിർദേശപ്രകാരം ട്രാഫിക് സോണൽ എസ്.പി മാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുമായി സഹകരിച്ചാണ് പരിശോധനകൾ നടത്തിയത്.
പൊതുജനങ്ങൾ ഇത്തരം ഗതാഗത നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 974700 1099 എന്ന 'ശുഭയാത്ര' വാട്ട്സ്ആപ്പ് നമ്പറിൽ ട്രാഫിക് ആൻറ് റോഡ് സേഫ്റ്റി മാനേജ്മെൻറ് വിഭാഗത്തെ അറിയിക്കാവുന്നതാണ്.
അടുത്തിടെ ബൈക്ക് അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പോലീസ് കർശന നടപടികളിലേക്ക് കടന്നത്.. അപകടങ്ങളിൽ ഭൂരിഭാഗവും അമിത വേഗവും ഹെൽമറ്റ് ധരിക്കാത്തതും കൊണ്ടാണെന്ന് ശ്രദ്ധയിൽപ്പെട്ടിരുന്നു.. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്പെഷ്യൽ ഡ്രൈവ് നടത്താൻ തീരുമാനിച്ചത്.
മോട്ടോർ വാഹന വകുപ്പും പരിശോധന കർശനമാക്കിയിട്ടുണ്ട്.. മൂന്നുപേരോളം ബൈക്കിൽ അമിതവേഗതയിൽ സഞ്ചരിക്കുകയും സ്വയം അപകടം വരുത്തി വയ്ക്കുക മാത്രമല്ല മറ്റുള്ളവരെയും ബാധിക്കുന്ന തരത്തിലേക്ക് യുവാക്കളുടെ പ്രകടനം മാറിയ സാഹചര്യത്തിലാണ് നടപടി കർശനമാക്കിയത്.. കൂടുതലും ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക് റീലുകൾക്ക് വേണ്ടിയാണ് യുവാക്കൾ ഇത്തരത്തിൽ അപകടകരമായ റൈഡുകൾ നടത്തുന്നത്.. ഇത്തരം റെയിൽസുകളിലൂടെ കൂടുതൽ റീച്ച് നേടാൻ വേണ്ടിയാണ് യുവാക്കളുടെ പ്രകടനം.. ഇതിനെതിരെ കർശന നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും തീരുമാനം
---------------
Hindusthan Samachar / CHANDHU CHANDRASEKHAR