Enter your Email Address to subscribe to our newsletters

Thiruvananthapuram , 26 മാര്ച്ച് (H.S.)
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ 12 ദിവസം ശേഷിക്കെ, പ്രകടനപത്രികകളുടെ അവസാന മിനുക്കുപണിയിൽ മുന്നണികൾ. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തെരഞ്ഞെടുപ്പ് കാഹളമുയർത്തി കേരളത്തിലുടനീളം നടത്തിയ 'പുതുയുഗയാത്ര'യുടെ സമാപന സമ്മേളനം മാർച്ച് ഏഴിന് ഉദ്ഘാടനം ചെയ്ത് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 'ഇന്ദിരാ ഗ്യാരന്റി'യുടെ ഊർജ്ജത്തിലാണ് യുഡിഎഫ് സംസ്ഥാനത്ത് പ്രചാരണം ആരംഭിച്ചത്.
ഇതിനെ മറികടക്കാൻ കഴിയുന്ന പ്രഖ്യാപനങ്ങൾ ഒരുക്കാനാണ് മറ്റ് രണ്ട് മുന്നണികളും കോപ്പുകൂട്ടുന്നത്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കുന്നതോടെ എല്ലാ മണ്ഡലങ്ങളിലും ചിത്രം വ്യക്തമാകും. ഇതോടെയാവും പ്രകടനപത്രിക സംബന്ധിച്ച ചർച്ചകൾക്ക് അന്തിമ രൂപം നൽകുക.
ഇന്ദിരാ ഗ്യാരന്റി തുരുപ്പുചീട്ട്; യുഡിഎഫ് പ്രകടനപത്രിക ഉടനെന്ന് സൂചന
യുഡിഎഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റികളെ മുൻനിർത്തിയുള്ള പ്രകടനപത്രികയാണ് ഇത്തവണ പുറത്തിറക്കുന്നത്. കോളജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, ക്ഷേമപെൻഷനുകൾ 3,000 രൂപയായി ഉയർത്തും, യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5 ലക്ഷം രൂപ പലിശരഹിത വായ്പ, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് എന്നീ ആറ് വാഗ്ദാനങ്ങളാണ് ഗ്യാരന്റിയിൽ ഉൾപ്പെടുന്നത്.
ഇതിനുപുറമേ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ നവീകരണത്തിനും, ജോലി തേടിയുള്ള യുവാക്കളുടെ ഒഴുക്ക് തടയാൻ കൂടുതൽ നിക്ഷേപം എത്തിക്കുന്നതിനും ഊന്നൽ നൽകിയാവും യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറങ്ങുക. കെ-റെയിലിന് ബദലായ പദ്ധതി ഉൾപ്പെടുത്താനും ചർച്ചകളുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ലെന്ന് സമിതിയംഗം ഡീൻ കുര്യാക്കോസ് പറഞ്ഞു.
തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ പ്രതിപക്ഷനേതാവ്, കെപിസിസി അധ്യക്ഷൻ, പ്രചാരണസമിതി ചെയർമാൻ, പ്രകടനപത്രിക സമിതി ചെയർമാൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ താരപ്രചാരകരിൽ ആരെങ്കിലുമാവും പത്രിക പ്രകാശനം ചെയ്യുക. ബെന്നി ബെഹനാൻ ചെയർമാനായ സമിതിയാണ് പ്രകടനപത്രികയ്ക്ക് രൂപം നൽകുന്നത്. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ എന്നിവരാണ് സമിതിയംഗങ്ങൾ.
എൽഡിഎഫ് പ്രകടനപത്രിക അവസാന മിനുക്കുപണിയിൽ
ഭരണമുന്നണിയായ എൽഡിഎഫിന്റെ പ്രകടനപത്രികയും അവസാനഘട്ടത്തിലാണ്. വനിതകളുടെ ക്ഷേമം മുൻനിർത്തി കൂടുതൽ സ്ത്രീസൗഹൃദ പ്രകടനപത്രികയ്ക്കാണ് ഇക്കുറി ഊന്നൽ നൽകുന്നത്. സാമൂഹിക ക്ഷേമപെൻഷൻ വർദ്ധനയടക്കം അടിസ്ഥാന ജനവിഭാഗങ്ങളെ പരിഗണിക്കുന്ന തരത്തിലാവും പത്രിക. പെൻഷൻ 1,000 മുതൽ 2,500 രൂപ വരെയായി വർദ്ധിപ്പിക്കാനാണ് സാധ്യത. ശബരീ റെയിൽ പദ്ധതിയടക്കമുള്ളവ ഇതിൽ ഉൾപ്പെട്ടേക്കും.
കെ-റെയിലിന് പകരം സംസ്ഥാന സർക്കാർ ആലോചിക്കുന്ന മറ്റൊരു പദ്ധതിയും ഐടി അനുബന്ധ വികസനവും സ്വയംതൊഴിൽ സഹായ വാഗ്ദാനവും ഇതിലുണ്ടാകും. കൂടാതെ ന്യൂനപക്ഷ ക്ഷേമത്തിന് ഊന്നൽ നൽകുന്ന പത്രികയാവും പുറത്തിറങ്ങുകയെന്നാണ് വിവരം. തിരുവനന്തപുരം അല്ലെങ്കിൽ കോഴിക്കോട് എന്നിവിടങ്ങളിൽ വച്ച് ചടങ്ങ് സംഘടിപ്പിക്കാനാണ് ആലോചന. പ്രകടനപത്രിക അവസാന മിനുക്കുപണിയിലാണെന്നും എൽഡിഎഫ് യോഗം ചേർന്ന് അനുമതി വാങ്ങിയ ശേഷമേ പുറത്തിറക്കൂ എന്നും മുന്നണി വൃത്തങ്ങൾ അറിയിച്ചു. മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ പ്രകാശ് ബാബു, വർഗീസ് ജോർജ് തുടങ്ങി എല്ലാ കക്ഷികളിൽനിന്നും ഓരോ അംഗങ്ങൾ ഉൾപ്പെടുന്ന സമിതി തയ്യാറാക്കുന്ന പത്രിക മൂന്ന് ദിവസങ്ങൾക്കുള്ളിൽ പുറത്തിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. തയാറായിക്കൊണ്ടിരിക്കുന്ന പ്രകടനപത്രികയെപ്പറ്റി കൂടുതൽ കാര്യങ്ങൾ പറയാനാകില്ലെന്ന് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് ജോർജ്ജ് അറിയിച്ചു.
പത്രിക പുറത്തിറക്കാൻ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കാത്ത് ബിജെപി
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുത്ത ബിജെപി, സംസ്ഥാനത്തെ മൂന്നാം ശക്തിയായി മാറാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രകടനപത്രിക തയ്യാറാക്കുന്നത്. കേരളത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്ന പത്രിക പുറത്തിറക്കാനാണ് ബിജെപിയുടെ തീരുമാനം. പത്രിക എന്ന് പുറത്തിറക്കണമെന്ന കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ല.
ഇതിനിടയിൽ കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയെക്കൊണ്ട് പത്രിക പ്രകാശനം ചെയ്യിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 29-ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാലിന് വേണ്ടി റോഡ് ഷോ നടത്തും. തുടർന്ന് പാലക്കാട്ടുള്ള പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. അവിടെവച്ച് പ്രകടനപത്രിക പുറത്തിറക്കിയില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെത്തുന്ന ധനമന്ത്രി നിർമ്മല സീതാരാമനാവും അത് നിർവഹിക്കുക.
മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിൽ രൂപീകരിച്ചിരിക്കുന്ന പ്രകടനപത്രിക സമിതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, മുൻ ഡിജിപിയും വട്ടിയൂർക്കാവ് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ആർ ശ്രീലേഖ, നയരൂപീകരണ വിദഗ്ധ വിനീത ഹരിഹരൻ തുടങ്ങിയവർ ഉൾപ്പെട്ടിട്ടുണ്ട്. പത്രിക എന്ന് പുറത്തിറങ്ങുമെന്നത് സംബന്ധിച്ച് ഉടൻ തീരുമാനമാവുമെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR