പശ്ചിമേഷ്യൻ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനവില വർധിപ്പിച്ച് നയാര എനർജി.
Newdelhi , 26 മാര്ച്ച് (H.S.) പശ്ചിമേഷ്യൻ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനവില വർധിപ്പിച്ച് നയാര എനർജി. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കൂട്ടിയത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലർ കമ്പനിയാണ് നയ
Nayara energy


Newdelhi , 26 മാര്ച്ച് (H.S.)

പശ്ചിമേഷ്യൻ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനവില വർധിപ്പിച്ച് നയാര എനർജി. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കൂട്ടിയത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലർ കമ്പനിയാണ് നയാര എനർജി.

ആഗോളതലത്തിൽ ഊർജവിതരണത്തെ പശ്ചിമേഷ്യൻ സംഘർഷങ്ങൾ സാരമായി ബാധിച്ചതാണ് വില വർധനയ്ക്ക് കാരണം. പുതിയ നിരക്ക് ഉടൻ പ്രാബല്യത്തിൽ വരും. കേരളത്തിലടക്കം നയാര എനർജിക്ക് പമ്പുകളുണ്ട്. മറ്റ് എണ്ണക്കമ്പനികളും സമാനമായി വില വർധിപ്പിച്ചേക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്ധനവില വർധന അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്ക ശക്തമാണ്.

പ്രീമിയം പെട്രോളിനും വില കൂട്ടികഴിഞ്ഞ ആഴ്ച രാജ്യത്ത് കടുത്ത എൽപിജി ക്ഷാമം നേരിടുന്നതിനിടെ പ്രീമിയം പെട്രോളിൻ്റെ വിലയും നയാര കൂട്ടിയിരുന്നു. ലിറ്ററിന് 2.35 രൂപയാണ് അന്ന് വർധിപ്പിച്ചത്. രാജ്യത്തെ 1,02,075 പെട്രോൾ പമ്പുകളിൽ 6,967 എണ്ണവും നയാര എനർജിയുടേതാണ്. ഇൻപുട്ട് ചെലവുകളിലെ വർധനയുടെ ഒരു ഭാഗം ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇസ്രയേൽ - പലസ്തീൻ സംഘർഷവും പശ്ചിമേഷ്യയിലെ മറ്റ് പ്രതിസന്ധികളും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വലിയ തോതിൽ ഉയരാൻ കാരണമായിട്ടുണ്ട്. ബ്രെൻ്റ് ക്രൂഡ് നിരക്കിലുണ്ടായ ഈ മാറ്റങ്ങളാണ് ഇപ്പോൾ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റിൻ്റെയും കൺസോർഷ്യത്തിൻ്റെയും പിന്തുണയുള്ള കമ്പനിയാണ് നയാര എനർജി.

ഗുജറാത്തിലെ വാഡിനാറിൽ പ്രതിവർഷം രണ്ട് കോടി മെട്രിക് ടൺ ശേഷിയുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ സിംഗിൾ സൈറ്റ് റിഫൈനറി കമ്പനിക്ക് സ്വന്തമായുണ്ട്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വില പരിഷ്കരിക്കാൻ സ്വകാര്യ കമ്പനികൾ നിർബന്ധിതരാകുന്ന സാഹചര്യമാണിപ്പോൾ. നിലവിൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ഉൾപ്പെടെ ശ്രമങ്ങൾ തുടരുന്നതിനിടെ ഇന്ധനവില വീണ്ടും ഉയരുന്നത് സമ്പദ്വ്യവസ്ഥയ്ക്കും വലിയ തിരിച്ചടിയാകും. അതിനാൽ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തുനിന്ന് നികുതി ഇളവ് ഉൾപ്പെടെയുള്ള ഇടപെടലുകൾ ഉണ്ടാകണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

നിരക്ക് മരവിപ്പിച്ച് പൊതുമേഖലാ കമ്പനികൾ

റിലയൻസ് ഇൻഡസ്ട്രീസിൻ്റെയും ബിപി പിഎൽസിയുടെയും സംയുക്ത സംരംഭമായ ജിയോ-ബിപിക്ക് 2,185 ഔട്ട്ലെറ്റുകളുണ്ട്. പെട്രോൾ, ഡീസൽ വിൽപനയിൽ കനത്ത നഷ്ടം നേരിട്ടിട്ടും ഇവർ ഇതുവരെ വില കൂട്ടിയിട്ടില്ല. ഇന്ധന വിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ നിരക്ക് മരവിപ്പിച്ചിരിക്കുകയാണ്.

പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവർ 2022 ഏപ്രിൽ മുതൽ വില വർധിപ്പിച്ചിട്ടില്ല. ക്രൂഡ് ഓയിൽ വില ഉയരുമ്പോൾ നഷ്ടം സഹിച്ചും നിരക്ക് കുറയുമ്പോൾ ലാഭം നേടിയുമാണ് കമ്പനികൾ മുന്നോട്ട് പോകുന്നത്.

ന്യൂഡൽഹിയിൽ ഒരു ലിറ്റർ സാധാരണ പെട്രോളിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ് നിലവിലെ നിരക്ക്. 91-92 ഒക്ടേൻ റേറ്റിങ്ങുള്ള സാധാരണ പെട്രോൾ മിക്ക എൻജിനുകൾക്കും അനുയോജ്യമാണ്. ദൈനംദിന ഉപയോഗത്തിന് ഇത് മതിയാകും. എന്നാൽ പ്രീമിയം പെട്രോളിന് 95-98 ആണ് ഒക്ടേൻ റേറ്റിങ്. മികച്ച പ്രകടനമുള്ള എൻജിനുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണിത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News