Enter your Email Address to subscribe to our newsletters

Ernakulam , 26 മാര്ച്ച് (H.S.)
അക്ഷരങ്ങളെ നെഞ്ചോട് ചേർത്ത് ബാലസാഹിത്യകാരൻ പിഐ ശങ്കരനാരായണന് അന്ത്യയാത്ര. മലയാള ബാലസാഹിത്യ ലോകത്തെ സൗമ്യസാന്നിധ്യമായിരുന്ന പിഐ ശങ്കരനാരായണൻ (81) ഓർമ്മയായി. അഞ്ച് ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം.
വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് ബുധാനാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ അദ്ദേഹം അന്തരിച്ചത്. താൻ ഏറെ സ്നേഹിച്ച പുസ്തകങ്ങളെയും അക്ഷരങ്ങളെയും നെഞ്ചോട് ചേർത്തുപിടിച്ചാണ് അവസാന യാത്ര. മലയാള സാഹിത്യപ്രേമികളെ സംബന്ധിച്ചിടത്തോളം വിങ്ങുന്ന ഓർമ്മയാണ് അദ്ദേഹത്തിൻ്റെ വിയോഗം. കുട്ടികൾക്കായി രചിച്ച 'വാല്മീകി രാമായണ'ത്തിൻ്റെ ഇംഗ്ലീഷ് പതിപ്പ് പ്രകാശിതമാകുന്നത് കാണാൻ കാത്തുനിൽക്കാതെയാണ് അദ്ദേഹം യാത്രയായത്.
വരാനിരിക്കുന്ന രാമനവമി നാളിൽ പ്രകാശന കർമ്മം നിർവഹിക്കാൻ കാത്തിരുന്ന ഈ കൃതിയുടെ പ്രതി, പരിഭാഷകൻ എസ്. അനന്തനാരായണൻ അദ്ദേഹത്തിൻ്റെ ഭൗതികശരീരത്തിൽ അന്ത്യോപചാരമായി സമർപ്പിച്ചു. അവസാന നിമിഷത്തിലും തൻ്റെ പ്രിയപ്പെട്ട രചനയെ മാറോട് ചേർത്തുവെച്ചുള്ള ആ വിടവാങ്ങൽ കണ്ടുനിന്നവരുടെ കണ്ണുനിറച്ചു.
എറണാകുളം കരയോഗത്തിൻ്റെ നേതൃത്വത്തിൽ നടന്ന പൊതുദർശനത്തിൽ സാംസ്കാരിക-സാഹിത്യ മേഖലയിലെ നിരവധി പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്ത്, കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി, തപസ്യ, ജിസിഡിഎ, സീനിയർ ജേർണലിസ്റ്റ് യൂണിയൻ തുടങ്ങിയ നിരവധി സംഘടനകൾ അദ്ദേഹത്തിന് അന്ത്യാഭിവാദ്യങ്ങൾ നേർന്നു.
തുടർന്ന് രവിപുരം ശ്മശാനത്തിൽ മൃതദേഹം സംസസ്ക്കരിച്ചു. 1945-ൽ കണ്ണൂരിൽ ജനിച്ച പിഐ ശങ്കരനാരായണൻ പത്രപ്രവർത്തനത്തിലൂടെയാണ് തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സ്പൈസസ് ബോർഡിൽ ഉദ്യോഗസ്ഥനായ അദ്ദേഹം 'ഏലം ഒരു ശീലമാക്കൂ' എന്ന പ്രശസ്തമായ പരസ്യവാചകത്തിൻ്റെ ഉപജ്ഞാതാവായും ശ്രദ്ധേയനായി.
എഴുപതിലധികം ബാലസാഹിത്യ കൃതികൾ രചിച്ച അദ്ദേഹത്തിന് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, കുഞ്ഞുണ്ണി പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. നവമന പബ്ലിക്കേഷൻസ് ഉടമ കൂടിയായ അദ്ദേഹം അവസാനകാലം വരെയും ആകാശവാണിയിലൂടെയും പ്രഭാഷണങ്ങളിലൂടെയും സജീവമായിരുന്നു. നളിനിയാണ് ഭാര്യ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR