Enter your Email Address to subscribe to our newsletters

Thiruvananthapuram , 26 മാര്ച്ച് (H.S.)
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാർട്ടികൾ തമ്മിലുള്ള വാക്കുതർക്കത്തിനും പോരിനുമിടയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആർഎസ്എസ് ബന്ധം ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2006 ൽ പറവൂരിൽ ആർഎസ്എസ് സംഘടിപ്പിച്ച ഗോൾവാൾക്കർ ജന്മശദാബ്ദി ആഘോഷത്തിൽ വി ഡി സതീശൻ പങ്കെടുത്തതിൻ്റെ ഫോട്ടോ ഫേയ്സ്ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. തുടർന്ന് അന്ന് ആർഎസ്എസുമായുള്ള പ്രതിപക്ഷ നേതാവിൻ്റെ ഡീൽ എന്തായിരുന്നുവെന്ന് ഇനിയെങ്കിലുമൊന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
ഫേയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
'2006 ൽ പറവൂരിൽ ആർഎസ്എസ് നടത്തിയ ആഘോഷ ചടങ്ങിൽ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീൽ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കണം. ഈ പരിപാടിയെപ്പറ്റി ചോദിക്കുമ്പോൾ 2013 ലെ മറ്റൊരു പരിപാടിയെപ്പറ്റി പറഞ്ഞുകൊണ്ട് സ്ഥിരമായി രക്ഷപ്പെടുകയാണ് അദ്ദേഹം. 2006 ലെ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത വിഷയത്തിൽ വിഡി സതീശൻ്റെ മറുപടി എന്താണെന്നറിയാൻ മതനിരപേക്ഷ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്.
ആർഎസ്എസിൻ്റെ രണ്ടാം സർ സംഘചാലകും ആ പദവിയിൽ ഏറ്റവും കൂടുതൽ കാലം ഇരുന്നയാളുമായ ഗോൾവാൾക്കറെ പൂവിട്ടു പൂജിക്കാൻ വിഡി സതീശൻ കണ്ടെത്തിയ സമയവും പ്രധാനമാണ്. 2006 ഫെബ്രുവരിയിലായിരുന്നു പറവൂർ മനക്കപ്പടി സ്കൂളിൽ പ്രസ്തുത പരിപാടി നടന്നത്. അതായത് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ തൊട്ടുമുൻപ്.
2001 ലെയും 2006 ലെയും നിയമസഭാ തെരഞ്ഞെടുപ്പിൽ വിഡി സതീശൻ ആർഎസ്എസ് പിന്തുണ അഭ്യർത്ഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ വെളിപ്പെടുത്തിയത് 2022 ലാണ്. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ഇതുവരെയും വ്യക്തമായ മറുപടി നൽകിയിട്ടില്ല. ആർഎസ്എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ഗോൾവാൾക്കർ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല. 2006 ൽ പറവൂരിലെ ഡീൽ എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം', എന്നും മുഖ്യമന്ത്രി ഫേയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിക്കും വിമർശനം
നേരത്തെ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രഹസ്യ രാഷ്ട്രീയ ബന്ധത്തിൻ്റെ ചരിത്രം പറഞ്ഞ് രാഹുൽ ഗാന്ധിക്കെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചിരുന്നു. ഒരു സാധാരണ പ്രാദേശിക നേതാവിൻ്റെ ധാരണ പോലുമില്ലാത്ത വ്യക്തിയാണ് രാഹുൽ ഗാന്ധിയെന്നും മുൻകാല തിരിച്ചടികളിൽനിന്ന് പാഠം പഠിക്കാൻ അദ്ദേഹം തയാറാകുന്നില്ലെന്നും മുഖ്യമന്ത്രി പരസ്യമായി പരിഹസിച്ചു. സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് കടുത്ത ഭാഷയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR