കോൺഗ്രസും ബിജെപിയും തമ്മിലുള്ള രഹസ്യ രാഷ്ട്രീയ ബന്ധത്തിൻ്റെ ചരിത്രം എണ്ണിപ്പറഞ്ഞും രാഹുൽ ഗാന്ധിക്കെതിരെ വ്യക്തിപരമായ വിമർശനം ഉന്നയിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ
Ernakulam , 26 മാര്ച്ച് (H.S.) കോൺഗ്രസും ബിജെപിയും തമ്മിലുള്ള രഹസ്യ രാഷ്ട്രീയ ബന്ധത്തിൻ്റെ ചരിത്രം എണ്ണിപ്പറഞ്ഞും രാഹുൽ ഗാന്ധിക്കെതിരെ വ്യക്തിപരമായ വിമർശനം ഉന്നയിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സാധാരണ പ്രാദേശിക നേതാവിൻ്റെ ധാരണ പോലുമില്ലാത്ത
Pinarayi Vijayan


Ernakulam , 26 മാര്ച്ച് (H.S.)

കോൺഗ്രസും ബിജെപിയും തമ്മിലുള്ള രഹസ്യ രാഷ്ട്രീയ ബന്ധത്തിൻ്റെ ചരിത്രം എണ്ണിപ്പറഞ്ഞും രാഹുൽ ഗാന്ധിക്കെതിരെ വ്യക്തിപരമായ വിമർശനം ഉന്നയിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സാധാരണ പ്രാദേശിക നേതാവിൻ്റെ ധാരണ പോലുമില്ലാത്ത വ്യക്തിയാണ് രാഹുൽ ഗാന്ധിയെന്നും മുൻകാല തിരിച്ചടികളിൽനിന്ന് പാഠം പഠിക്കാൻ അദ്ദേഹം തയാറാകുന്നില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കോതമംഗലത്ത് വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഡൽഹി മദ്യനയക്കേസിൽ കെജ്രിവാളിനെ കോടതി കുറ്റവിമുക്തനാക്കിയത് ബിജെപിയുടെയും രാഹുൽ ഗാന്ധിയുടെയും മുഖത്തേറ്റ അടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് എൽഡിഎഫിനെ പരാജയപ്പെടുത്താൻ കോൺഗ്രസും ബിജെപിയും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.

1971ൽ പാലക്കാട് എകെജിക്ക് എതിരെ ആർഎസ്എസ് കാര്യവാഹക് കോൺഗ്രസ് സ്ഥാനാർഥിയായി വന്നത് മുതൽ ആരംഭിച്ചതാണ് ഈ രഹസ്യ കൂട്ടുകെട്ട്. പരാജയഭീതി പൂണ്ടപ്പോഴെല്ലാം കോ-ലി-ബി സഖ്യം ഉണ്ടാക്കിയ ചരിത്രമാണ് കോൺഗ്രസിനുള്ളത്. തൃശൂരിലും നേമത്തും നടന്ന വോട്ട് കൈമാറ്റങ്ങൾ ജനങ്ങളുടെ മുന്നിലുള്ള അനുഭവമാണ്. എൽഡിഎഫിനെതിരെ ഇത്തരം ആരോപണങ്ങൾ ഒരു ഘട്ടത്തിലും ഉയർന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വികസനത്തിൻ്റെ യാഥാർഥ്യം

കഴിഞ്ഞ 10 വർഷത്തെ ഭരണം കേവലം വാഗ്ദാനങ്ങളുടെ രാഷ്ട്രീയമല്ല, മറിച്ച് പൂർത്തിയാക്കിയ വികസനത്തിൻ്റെ യാഥാർഥ്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭരണത്തുടർച്ചയുടെ ഫലം നാട് അനുഭവിച്ചറിയുന്നുണ്ട്. കൊച്ചി മെട്രോ നഗര വികസനത്തിന് പുതിയ ദിശ നൽകിയപ്പോൾ കൊച്ചി വാട്ടർ മെട്രോ ഇന്ന് ലോകപ്രശസ്തി നേടി.

കനാൽ നവീകരണത്തിലൂടെ ജലഗതാഗത മേഖലയിൽ വലിയ മാറ്റമുണ്ടാകും. മാലിന്യ സംസ്കരണത്തിൽ ബ്രഹ്മപുരത്തെ മാറ്റങ്ങൾ നഗരവികസനത്തിലെ നിശ്ചയദാർഢ്യത്തിൻ്റെ തെളിവാണ്. വ്യവസായ രംഗത്ത് കേരളം രാജ്യത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി. ആഗോള നിക്ഷേപ സംഗമത്തിൽ ലഭിച്ച വാഗ്ദാനങ്ങളിൽ 115 കമ്പനികൾ ഇതിനോടകം പ്രവർത്തനം ആരംഭിച്ചത് വികസനം തുടർപ്രക്രിയയാണെന്നതിൻ്റെ കൃത്യമായ തെളിവാണ്.

സമകാലിക വിഷയങ്ങൾ

സമകാലിക രാഷ്ട്രീയ വിഷയങ്ങളിലും മുഖ്യമന്ത്രി തൻ്റെ നിലപാട് വ്യക്തമാക്കി. കായംകുളത്ത് യുഡിഎഫ് വേദിയിൽ യു പ്രതിഭ എംഎൽഎക്കെതിരെ നടന്ന വ്യക്തിഹത്യയെ അദ്ദേഹം ശക്തമായി അപലപിച്ചു. കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ ഒരു സ്ത്രീയെ പൊതുവേദിയിൽ അപമാനിക്കുന്നത് പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഔദ്യോഗിക കത്തിൽ ബിജെപി സീൽ പതിഞ്ഞ സംഭവം അവിശ്വസനീയമാണ്. ഇത് കേവലം ഒരാളുടെ കൈപ്പിഴയായി കാണാനാകില്ല. വിമർശനം ഉന്നയിച്ചവർക്കെതിരെ കേസെടുക്കുന്നത് കേന്ദ്ര സർക്കാരിൻ്റെ അസഹിഷ്ണുതയുടെ ഭാഗമാണ്.

വന്യജീവി-മനുഷ്യ സംഘർഷം ശാശ്വതമായി പരിഹരിക്കാൻ കേന്ദ്ര നിയമ ഭേദഗതി അനിവാര്യമാണ്. എന്നാൽ ഈ വിഷയത്തിൽ സംസ്ഥാനത്തിൻ്റെ നിരന്തര ശ്രമങ്ങളോട് കേന്ദ്ര സർക്കാർ അനുകൂല നിലപാടല്ല സ്വീകരിക്കുന്നത്. സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമായി വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും കർശന ജാഗ്രത പാലിക്കണം. പൊതുജനങ്ങൾ സ്വന്തം ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുന്നതിനൊപ്പം ചുറ്റുമുള്ള പക്ഷിമൃഗാദികൾക്ക് ആവശ്യമായ കുടിവെള്ളം ഉറപ്പാക്കാൻ മുൻകൈ എടുക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News