Enter your Email Address to subscribe to our newsletters

Wayanad , 26 മാര്ച്ച് (H.S.)
പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച 18കാരൻ അറസ്റ്റിൽ. തരിയോട് കാവുംമന്ദം സ്വദേശി യദു കൃഷ്ണയെയാണ് വയനാട് സൈബർ പൊലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാം, ടെലിഗ്രാം എന്നീ സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് പ്രതി ചിത്രങ്ങൾ പ്രചരിപ്പിച്ചത്.
പ്രതി മുമ്പ് ഇതേ കുറ്റകൃത്യം നടത്തി പിടിയിലായിരുന്നു. അന്ന് പ്രായപൂർത്തിയാകാത്തതിനാൽ കുറ്റകൃത്യം ആവർത്തിക്കരുതെന്ന് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ താക്കീത് നൽകി വിട്ടയച്ചു. എന്നാൽ ഇയാൾ വീണ്ടും സമാനരീതിയിൽ കുറ്റകൃത്യം തുടരുകയായിരുന്നു. 2025 ഒക്ടോബറിലാണ് തൻ്റെയും പെൺസുഹൃത്തുക്കളുടെയും ചിത്രങ്ങൾ മോശമായ രീതിയിൽ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടെന്ന പെൺകുട്ടിയുടെ ആദ്യ പരാതി വയനാട് സൈബർ പൊലീസിന് ലഭിക്കുന്നത്. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
'മുണ്ടേരി തിങ്സ്' എന്ന അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ അക്കൗണ്ട് ഉപയോഗിച്ചിരുന്നത് യദു കൃഷ്ണയാണെന്നും പൊലീസ് കണ്ടെത്തി. പിതാവിൻ്റെ പേരിലുള്ള ഫോൺ നമ്പർ ഉപയോഗിച്ചാണ് ഇയാൾ അക്കൗണ്ടുകൾ തുടങ്ങിയതും കുറ്റകൃത്യം നടത്തിയതും. 2026 മാർച്ചിൽ സമാന കുറ്റകൃത്യം പ്രതി ആവർത്തിച്ചതോടെ വീണ്ടും പരാതി ലഭിക്കുകയും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ സിആർ രാജേഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കാസർകോടും സമാന സംഭവം
യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല രൂപത്തിലാക്കി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ മാർച്ച് 22ന് കാസർകോട് യുവാവ് അറസ്റ്റിലായി. ഇരിയണ്ണി ബേപ്പ് നിട്ടൂർമൂല സ്വദേശിയായ 24കാരൻ അനൂപ് പി ആണ് സൈബർ ക്രൈം പൊലീസിൻ്റെ പിടിയിലായത്. പ്രതിയുടെ താമസസ്ഥലത്തിന് അടുത്തുള്ള 30ലധികം പെൺകുട്ടികളുടെ ചിത്രങ്ങളാണ് ഇയാൾ ദുരുപയോഗം ചെയ്തത്. നിരവധി പെൺകുട്ടികൾ പരാതിയുമായി രംഗത്തെത്തിയിരുന്നു.
പുരുഷന്മാരുടെ ചിത്രങ്ങളും ഇയാൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. ചില പുരുഷന്മാരുടെ ഫോട്ടോകളും യുവതികളുടെ ചിത്രങ്ങളോടൊപ്പം ചേർത്ത് നഗ്നചിത്രങ്ങൾ ഉണ്ടാക്കിയെന്ന പരാതികളും പൊലീസിന് ലഭിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. പ്രതിയിൽനിന്ന് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, രണ്ട് മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക് എന്നിവ പിടിച്ചെടുത്തു. ഇവ കൂടുതൽ സാങ്കേതിക പരിശോധനയ്ക്കായി അയക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. കസ്റ്റഡിയിലുള്ള ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ.
ഐടി ആക്ട് പ്രകാരം കടുത്ത ശിക്ഷചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഐടി ആക്ട് പ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും കനത്ത പിഴയും ലഭിക്കാം. സ്ത്രീകളുടെയോ കുട്ടികളുടെയോ ചിത്രങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്താൽ പോക്സോ കേസ് ഉൾപ്പെടെ ചുമത്തി കർശന നടപടി സ്വീകരിക്കും.
സൈബർ ഇടങ്ങളിലെ ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ പൊലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. സ്വന്തം ചിത്രങ്ങൾ അപരിചിതർക്ക് കൈമാറുമ്പോഴും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമ്പോഴും അതീവ ജാഗ്രത പുലർത്തണമെന്ന് സൈബർ വിദഗ്ധർ നിർദേശിക്കുന്നു. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ പൊലീസിനെ വിവരം അറിയിക്കണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR