Enter your Email Address to subscribe to our newsletters

Thiruvananthapuram , 26 മാര്ച്ച് (H.S.)
തനിക്കെതിരെ ആർഎസ്എസ് ബന്ധം ആരോപിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. 1977-ൽ ആർഎസ്എസ് പിന്തുണയോടെ മത്സരിച്ച് നിയമസഭയിലെത്തിയ എംഎൽഎയാണ് പിണറായി വിജയനെന്നും മുഖ്യമന്ത്രി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റാണെന്നും പ്രതിപക്ഷനേതാവ് തിരിച്ചടിച്ചു. ആർഎസ്എസിനെ പ്രതിരോധിച്ചത് സിപിഎമ്മാണെന്നും അതിൽ കോൺഗ്രസിന് പങ്കില്ലെന്നുമുള്ള പിണറായി വിജയന്റെ പ്രസ്താവന ചരിത്രമറിയുന്ന കേരളജനത അവജ്ഞയോടെ തള്ളിക്കളയുമെന്ന് വി.ഡി. സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സിപിഎം ആര്എസ്എസ് ബന്ധം തെളിയിക്കുന്ന ചില ചിത്രങ്ങളോടെയാണ് സതീശന്റെ പോസ്റ്റ്
1977-ൽ ഉദുമയിലെ സിപിഎം-ആർഎസ്എസ് സംയുക്ത സ്ഥാനാർത്ഥിയായിരുന്നില്ലേ ആർഎസ്എസ് നേതാവ് കെ.ജി. മാരാർ എന്ന ചോദ്യവും കുറിപ്പിൽ ഉയർത്തുന്നുണ്ട്. അതേ കെ.ജി. മാരാർ ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണെന്നത് മറക്കരുത്. പാലക്കാട് മത്സരിച്ച സിപിഎം സ്ഥാനാർത്ഥി ശിവദാസമേനോന്റെ പ്രചാരണ പരിപാടിയിൽ മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനി പങ്കെടുത്തത് പിണറായി വിജയൻ നിഷേധിക്കുമോ? 1989-ൽ കോൺഗ്രസിനെ അട്ടിമറിക്കാൻ വി.പി. സിംഗിന് പിന്തുണ നൽകിക്കൊണ്ട് സിപിഎം നേതാക്കളായ ഇ.എം.എസും ജ്യോതിബസുവും അദ്വാനിക്കും വാജ്പേയിക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഗൂഗിളിൽ തിരഞ്ഞാൽ ലഭിക്കും. ഈ വിപ്ലവ പാരമ്പര്യങ്ങളൊക്കെ മറച്ചുവെച്ചുകൊണ്ടാണ് ആർഎസ്എസിനോട് സന്ധി ചെയ്തിട്ടില്ലെന്ന് പിണറായി വിജയൻ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി സഖ്യം കേരളത്തിലുണ്ടായിരുന്നെന്ന വെളിപ്പെടുത്തൽ നടത്തിയത് ആർഎസ്എസ് മുഖപത്രമായ 'ഓർഗനൈസറിന്റെ' മുൻ എഡിറ്റർ ബാലശങ്കറാണ്. ആ സഖ്യത്തിന്റെ കാരണഭൂതൻ പിണറായി വിജയനാണെന്നും വി.ഡി. സതീശനല്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിൽ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി ആർഎസ്എസ് നേതാക്കളുമായി ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയതും, എഡിജിപിയെ ആർഎസ്എസ് നേതാക്കളുടെ അടുത്തേക്ക് ദൂതുമായി അയച്ചതും, തൃശൂർ പൂരം കലക്കി ബിജെപിയെ ജയിപ്പിച്ച് കരുവന്നൂരിലെ ഇഡി അന്വേഷണവും മകളുടെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണവും അട്ടിമറിച്ചതും പിണറായി വിജയനാണെന്നും സതീശൻ ആരോപിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം-
ആർഎസ്എസിനെ പ്രതിരോധിച്ചത് സിപിഎമ്മാണെന്നും അതിൽ കോൺഗ്രസിന് പങ്കില്ലെന്നുമുള്ള പിണറായി വിജയന്റെ നിരന്തര പ്രസ്താവന ചരിത്രമറിയുന്ന കേരളജനത അവജ്ഞയോടെ തള്ളിക്കളയും. കാരണം ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റ് പിണറായി വിജയനാണ്.
1977-ൽ ആർഎസ്എസ് പിന്തുണയോടെ മത്സരിച്ച് നിയമസഭയിലെത്തിയ എംഎൽഎ പിണറായി വിജയനാണ്, അല്ലാതെ വി.ഡി. സതീശനല്ല. അന്ന് ഉദുമയിലെ സിപിഎം-ആർഎസ്എസ് സംയുക്ത സ്ഥാനാർത്ഥിയായിരുന്നില്ലേ ആർഎസ്എസ് നേതാവ് കെ.ജി. മാരാർ? അതേ കെ.ജി. മാരാർ ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണെന്നത് മറക്കരുത്. പാലക്കാട് മത്സരിച്ച സിപിഎം സ്ഥാനാർത്ഥി ശിവദാസമേനോന്റെ പ്രചാരണ പരിപാടിയിൽ മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനി പങ്കെടുത്തത് പിണറായി വിജയൻ നിഷേധിക്കുമോ? 1989-ൽ കോൺഗ്രസിനെ അട്ടിമറിക്കാൻ വി.പി. സിംഗിന് പിന്തുണ നൽകിക്കൊണ്ട് സിപിഎം നേതാക്കളായ ഇ.എം.എസും ജ്യോതിബസുവും അദ്വാനിക്കും വാജ്പേയിക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഗൂഗിളിൽ തിരഞ്ഞാൽ ലഭിക്കും. ഈ വിപ്ലവ പാരമ്പര്യങ്ങളൊക്കെ മറച്ചുവെച്ചുകൊണ്ടാണ് ആർഎസ്എസിനോട് ഒരു ഘട്ടത്തിലും സന്ധി ചെയ്തിട്ടില്ലെന്ന് പിണറായി വിജയൻ പറയുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി സഖ്യം കേരളത്തിലുണ്ടായിരുന്നെന്ന വെളിപ്പെടുത്തൽ നടത്തിയത് ആർഎസ്എസ് മുഖപത്രമായ 'ഓർഗനൈസറിന്റെ' മുൻ എഡിറ്റർ ബാലശങ്കറാണ്. അതിനെന്ത് മറുപടി പറയാനുണ്ട്? ആ സഖ്യത്തിന്റെ കാരണഭൂതൻ പിണറായി വിജയനാണ്, വി.ഡി. സതീശനല്ല. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിൽ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ ആർഎസ്എസ് നേതാക്കളുമായി ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയതും പിണറായി വിജയനാണ്. നിയമസഭയിൽ പ്രതിപക്ഷനേതാവെന്ന നിലയിൽ ഇക്കാര്യം ചോദിച്ചപ്പോൾ മറുപടി പറയാതെ തലകുനിച്ചിരുന്ന മുഖ്യമന്ത്രിയുടെ പേരും പിണറായി വിജയനെന്നാണ്.
ദേശീയപാത തകർന്നു വീണപ്പോൾ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തിന്റെ പ്രതിനിധിയായ നിതിൻ ഗഡ്കരിക്ക് ആമാടപ്പെട്ടിയും പൊന്നാടയുമായി പോയതും പിണറായി വിജയനാണ്. നിർമ്മല സീതാരാമനുമായി ഡൽഹിയിൽ പുട്ടും കടലയും കഴിക്കാൻ പോയപ്പോൾ സംസ്ഥാന ഗവർണ്ണറെ കൂടെക്കൂട്ടിയതും പിണറായി വിജയനാണ്. അമിത് ഷാ പറഞ്ഞപ്പോൾ 90 ഡിഗ്രി കുനിഞ്ഞുനിന്ന് പിഎം ശ്രീയിൽ ഒപ്പിട്ടു കൊടുത്ത ആളുടെ പേര് പിണറായി വിജയൻ എന്നാണ്. ഒരു ഘട്ടത്തിൽ ആർഎസ്എസ് വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും എല്ലാ ഘട്ടത്തിലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും മനോരമ ചാനലിന് അഭിമുഖം നൽകിയ ആളുടെ പേരും പിണറായി വിജയൻ എന്നാണ്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ ഒഴിവാക്കുന്നതിന് പകരമായി, ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴൽപ്പണക്കേസ് അട്ടിമറിച്ചത് പിണറായി വിജയനാണ്. എഡിജിപിയെ ആർഎസ്എസ് നേതാക്കളുടെ അടുത്തേക്ക് ദൂതുമായി അയച്ച മുഖ്യമന്ത്രിയും പിണറായി വിജയനാണ്. പിടിക്കപ്പെട്ടപ്പോൾ യാതൊരു ഉളുപ്പുമില്ലാതെ എഡിജിപിയെ സംരക്ഷിച്ചതും ഇതേ പിണറായി വിജയനാണ്. തൃശൂർ പൂരം കലക്കി ബിജെപിയെ ജയിപ്പിച്ച് കരുവന്നൂരിലെ ഇഡി അന്വേഷണവും മകളുടെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണവും അട്ടിമറിച്ച മുഖ്യമന്ത്രിയുടെ പേരും പിണറായി വിജയനെന്നാണ്.
സംഘപരിവാറിനെതിരായ കോൺഗ്രസിന്റെ പോരാട്ടത്തിന് പിണറായി വിജയന്റെ സ്റ്റഡി ക്ലാസ് വേണ്ട. അതിനി കേരളത്തിലെ സിപിഎമ്മിനും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രിയുടെ കൈവശമുള്ളതിനേക്കാൾ ചിത്രങ്ങൾ ഞങ്ങളുടെ കൈവശമുണ്ട്. അതിന് കൂടി മറുപടി പറഞ്ഞു പോകൂ...
---------------
Hindusthan Samachar / CHANDHU CHANDRASEKHAR